പരുക്കേറ്റ് നദാൽ പിൻമാറി; വീണ്ടും കാലിടറി നിഷികോരി; ദ്യോക്കോവിച്- ഡെൽ പോട്രോ ഫൈനൽ

യു.എസ് ഓപൺ ടെന്നീസ് പുരുഷ സിം​ഗിൾസിൽ മുൻ ചാംപ്യൻമാരായ സെർബിയയുടെ നൊവാക് ദ്യോക്കോവിചും അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോയും ഏറ്റുമുട്ടും
പരുക്കേറ്റ് നദാൽ പിൻമാറി; വീണ്ടും കാലിടറി നിഷികോരി; ദ്യോക്കോവിച്- ഡെൽ പോട്രോ ഫൈനൽ

ന്യൂയോർക്ക്: യു.എസ് ഓപൺ ടെന്നീസ് പുരുഷ സിം​ഗിൾസിൽ മുൻ ചാംപ്യൻമാരായ സെർബിയയുടെ നൊവാക് ദ്യോക്കോവിചും അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോയും ഏറ്റുമുട്ടും. ലോക ഒന്നാം നമ്പർ താരം സ്പെയിനിന്റെ റാഫേൽ നദാല്‍ രണ്ട് സെറ്റ് പോരാട്ടം കഴിഞ്ഞതിന് പിന്നാലെ പരുക്കേറ്റ് പിന്മാറിയതിനെ തുടർന്നാണ് ഡെൽ പോട്രോയുടെ രണ്ടാം യു.എസ് ഓപൺ ഫൈനൽ പ്രവേശം. കെയ് നിഷികോരിയുടെ സ്വപ്നങ്ങൾ തകർത്താണ് ദ്യോക്കോവിചിന്റെ കലാശപ്പോരിലേക്കുള്ള വരവ്

ആദ്യ സെറ്റ് ടൈബ്രേക്കറില്‍ സ്വന്തമാക്കിയ ഡെല്‍പോട്രോ രണ്ടാം സെറ്റ് 6-2 എന്ന സ്‌കോറിന് നേടിയ ശേഷമായിരുന്നു നദാലിന്റെ പിന്മാറ്റം. കാല്‍മുട്ടിലെ പരുക്കാണ് നദാലിന് വിനയായത്. മുന്‍പ് 2009 വര്‍ഷത്തില്‍ യു.എസ് ഓപണ്‍ ചാമ്പ്യന്‍ കൂടിയാണ് ഡെല്‍പോട്രോ. പക്ഷേ ആ വിജയത്തിന് ശേഷം പരുക്ക് മൂലം ദീര്‍ഘകാലം വിട്ടു നില്‍ക്കുകയും റാങ്കിങ്ങില്‍ ആയിരത്തില്‍ താഴെ പോവുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ഫൈനല്‍ അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാന്‍ഡ് സ്ലാം ഫൈനലാണ്.

മറുവശത്ത് പുരുഷ, വനിതാ വിഭാഗം ഫൈനലുകളിൽ ജപ്പാന്‍ സാന്നിധ്യം എന്ന അപൂര്‍വ നേട്ടം ലക്ഷ്യമാക്കി ഇറങ്ങിയ കെയ് നിഷികോരിയെ തകര്‍ത്താണ് നൊവാക് ദ്യോക്കോവിച് ഫൈനലുറപ്പിച്ചത്. തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ദ്യോക്കോവിചിന്റെ വിജയം. സ്‌കോര്‍ : 6-3, 6-4, 6-2. യു.എസ് ഓപണ്‍ ഫൈനല്‍ പ്രവേശത്തിലൂടെ ഈ വര്‍ഷമവസാനം നടക്കുന്ന എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സിലേക്ക് യോഗ്യത നേടാനും സെർബിയൻ താരത്തിനായി. 

കരിയറിലെ 14ാം ​ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ദ്യോക്കോ ഇറങ്ങുന്നത്. കരിയറിലെ മൂന്നാം യു.എസ് ഓപണും നിലവിലെ വിംബിൾഡൺ ചാമ്പ്യൻ കൂടിയായ ദ്യോക്കോവിചിന്റെ ലക്ഷ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com