പറയുന്ന താരങ്ങളെ തരൂ, പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്ന് സിദാൻ; പുറത്താകലിന്റെ വക്കിൽ മൗറീഞ്ഞോ

സിദാന്റെ ഓൾഡ്ട്രാഫോർഡിലേക്കുള്ള വരവ് സംബന്ധിച്ച് കൂടുതൽ റിപ്പോർട്ടുകളുമായി ഇം​ഗ്ലീഷ് മാധ്യമങ്ങൾ രം​ഗത്തെത്തി
പറയുന്ന താരങ്ങളെ തരൂ, പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്ന് സിദാൻ; പുറത്താകലിന്റെ വക്കിൽ മൗറീഞ്ഞോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ ഹോസെ മൗറീഞ്ഞോയുടെ നാളുകൾ എണ്ണപ്പെട്ടതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സീസണിൽ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് ജയവും രണ്ട് തോൽവിയുമാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഇതുവരെ സ്വന്തമാക്കിയത്. രണ്ട് തോൽവികളാകട്ടെ മൂന്ന് ഗോളിനായിരുന്നു. ഇതോടെ പരിശീലകൻ മൊറീഞ്ഞോയുടെ ഭാവി തുലാസിലാണെന്നും വാർത്തകൾ വന്നു. എന്നാൽ ബേൺലിക്കെതിരായ അവസാന മത്സരത്തിൽ വിജയം നേടിയതോടെ ആ ഭീഷണിയെ താത്കാലികമായി പിടിച്ചുനിർത്താൻ മൗറീഞ്ഞോയ്ക്ക് സാധിച്ചു. 

മൗറീഞ്ഞോയുടെ പുറത്താകൽ ഭീഷണി നിൽക്കുന്ന ഘട്ടത്തിൽ തന്നെ മുൻ റയൽ മാഡ്രിഡ് കോച്ച് സിനദിൻ സി​ദാനെ മാഞ്ചസ്റ്റർ യുനൈറ്റഡ് നോട്ടമിട്ടതായും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സിദാന്റെ ഓൾഡ്ട്രാഫോർഡിലേക്കുള്ള വരവ് സംബന്ധിച്ച് കൂടുതൽ റിപ്പോർട്ടുകളുമായി ഇം​ഗ്ലീഷ് മാധ്യമങ്ങൾ രം​ഗത്തെത്തി. ഇനിയും പരാജയങ്ങൾ സംഭവിച്ചാൽ മൗറീഞ്ഞോ പുറത്തും സിദാൻ അകത്തും എത്തും. 

പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കിൽ താൻ പറയുന്ന നാല് താരങ്ങളെ ടീമിലെത്തിക്കണമെന്ന് സിദാൻ ആവശ്യപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റയൽ മാ‍ഡ്രിഡിന്റെ ജർമൻ മധ്യനിര താരം ടോണി ക്രൂസ്, ബയേൺ മ്യൂണിക്ക് താരം തിയാഗോ അൽക്കന്താര, പിഎസ്ജിയുടെ ഗോളടി യന്ത്രം എഡിൻസൻ കവാനി, മുൻ റയൽ താരവും നിലവിൽ ബയേൺ മ്യൂണിക്ക് കളിക്കാരനുമായ ജെയിംസ് റോഡ്രിഗസ് എന്നിവരെയാണ് സിദാൻ ടീമിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ സിദാൻ എത്തിയാൽ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഈ താരങ്ങൾക്ക് വേണ്ടി യുനൈറ്റഡ് ശ്രമം നടത്തുമെന്നാണ് സൂചനകൾ.

ടീമിലെ പല താരങ്ങളുമായും അത്ര നല്ല ബന്ധമല്ല നിലവിൽ മൊറീഞ്ഞോയ്ക്കെന്ന് വാർത്തകളുണ്ടായിരുന്നു. ഫ്രഞ്ച് താരം പോൾ പോഗ്ബ കഴിഞ്ഞ സീസൺ മുതൽ തന്നെ മൊറീഞ്ഞോയുടെ കേളീശൈലിയോട് എതിർപ്പു രേഖപ്പെടുത്തിയതായും അഭ്യൂഹങ്ങൾ പരന്നിരുന്നു. അടുത്തിടെ തന്റെ ബാഴ്സലോണ പ്രവേശത്തിന്റെ സാധ്യതകളെ പോ​ഗ്ബ തള്ളാതിരുന്നതും ഇതുമായി ചേർത്ത് വായിക്കാം. ഇതിന്റെ ഭാ​ഗമായി ജനുവരിയിൽ താൻ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് വിട പറയുമെന്നും പോ​ഗ്ബ വെളിപ്പെടുത്തിയിരുന്നു. അതേസമയം സിദാൻ പരിശീലകനായി എത്തിയാൽ തീരുമാനം പിൻവലിക്കാൻ പോ​ഗ്ബ തയ്യാറായേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com