നിലയുറപ്പിച്ച് കുക്കും റൂട്ടും; പിടിമുറുക്കി ഇം​ഗ്ലണ്ട്

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ പിടിമുറുക്കി ഇംഗ്ലണ്ട്
നിലയുറപ്പിച്ച് കുക്കും റൂട്ടും; പിടിമുറുക്കി ഇം​ഗ്ലണ്ട്

ലണ്ടൻ: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ പിടിമുറുക്കി ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്സ് 43 ഓവർ പിന്നിട്ടപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ് ഇം​ഗ്ലണ്ട്. ഇംഗ്ലണ്ടിന് ഇപ്പോൾ 154 റൺസ് ലീ‍ഡുണ്ട്. തന്റെ അവസാന ടെസ്റ്റ് ഇന്നിങ്സ് കളിക്കുന്ന അലസ്റ്റയർ കുക്ക് 46 റൺസോടെയും ക്യാപ്റ്റൻ ജോ റൂട്ട് 29 റണ്‍സോടെയും ക്രീസിൽ നിൽക്കുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ഇതുവരെ 52 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കെകെ ജെന്നിങ്സ്, മോയിൻ അലി എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്കാണ് വിക്കറ്റ്. 

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് പോരാട്ടം 292 റൺസിൽ അവസാനിച്ചിരുന്നു.  40 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയാണ് ഇന്ത്യൻ ഇന്നിങ്സിന് തിരശ്ശീല വീണത്. കന്നി ടെസ്റ്റ് മത്സരം അർധ സെഞ്ച്വറി നേടി അവിസ്മരണീയമാക്കിയ ഹനുമ വിഹാരിയും പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച രവീന്ദ്ര ജഡേജയും ചേർന്ന വാലറ്റ കൂട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ 200 പോലും കടക്കില്ലെന്ന പ്രതീതിയിലായിരുന്നു ഇന്ത്യൻ സ്കോർ. 

അരങ്ങേറ്റ ടെസ്റ്റ് കളിച്ച വിഹാരി 56 റൺസെടുത്തു പുറത്തായപ്പോൾ, ടെസ്റ്റിലെ തന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ കണ്ടെത്തിയ ജഡേജ 86 റൺസുമായി പുറത്താകാതെ നിന്നു. 156 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ജഡേജ 86 റൺസെടുത്തത്. വിഹാരി 124 പന്തുകൾ നേരിട്ട് ഏഴ് ഫോറും ഒരു സിക്സും സഹിതമാണ് 56 റൺസ് കണ്ടെത്തിയത്. ഇം​ഗ്ലണ്ട് നിരയിൽ ആൻഡേഴ്സൻ, ബെൻ സ്റ്റോക്സ്, മോയിൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റുവർട്ട് ബ്രോഡ്, സാം കുറൻ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com