ധോനിക്ക് സാധിക്കാത്തത് തുടക്കത്തിലെ പന്ത് നേടി ; സാഹ വരുമ്പോഴേക്കും നിലയുറപ്പിക്കാന്‍ റിഷഭ്‌

2007ല്‍ ഓവലില്‍ തന്നെ ധോനി നേടിയ 92 റണ്‍സായിരുന്നു ഇംഗ്ലണ്ടിലെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍
ധോനിക്ക് സാധിക്കാത്തത് തുടക്കത്തിലെ പന്ത് നേടി ; സാഹ വരുമ്പോഴേക്കും നിലയുറപ്പിക്കാന്‍ റിഷഭ്‌

സിക്‌സ് പറത്തിയായിരുന്നു തന്റെ ടെസ്റ്റ് കരിയറിന് റിഷഭ് പന്ത് തുടക്കമിട്ടത്. ആദ്യ സെഞ്ചുറിയും സിക്‌സിലൂടെ. ധോനിക്ക് പകരക്കാരനെ തേടിയ കണ്ണുകള്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങുമ്പോള്‍ റിഷഭ് പന്തില്‍ ഉടക്കി നില്‍ക്കുകയാണ്. 

ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് റിഷഭ് ഓവലില്‍ സ്വന്തമാക്കിയത്. വിദേശ പിച്ചുകളില്‍ സെഞ്ചുറിയിലേക്ക് കുതിക്കാന്‍ ധോനി തളര്‍ന്നിരുന്നു. എനിക്കത് പ്രശ്‌നമേ അല്ലെന്ന് പറഞ്ഞാണ് ഈ ഇരുപതുകാരന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തേക്ക് വരവറിയിക്കുന്നത്. 2007ല്‍ ഓവലില്‍ തന്നെ ധോനി നേടിയ 92 റണ്‍സായിരുന്നു ഇംഗ്ലണ്ടിലെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. 

ടെസ്റ്റിന് യോജിച്ച രീതിയില്‍ ബാറ്റേന്തുന്ന ദ്രാവിഡിനേയും പൂജാരയേയുമെല്ലാം ആരാധകര്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ടെസ്റ്റില്‍ അടിച്ചു കളിക്കുന്നവരോട് ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടം കൂടും. സെവാഗിനെ സ്‌നേഹിച്ചത് പോലെ റിഷഭിനേയും തങ്ങള്‍ ഏറ്റെടുക്കുന്നു എന്ന സൂചനയാണ് ഓവലിലെ ഇന്നിങ്‌സിന് പിന്നാലെ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയത്. 

സെവാഗും, സച്ചിനും, ഗില്‍ക്രിസ്റ്റും തുടങ്ങി ക്രിക്കറ്റ് ലോകത്തെ അതികായകരെല്ലാം റിഷഭിന്റെ സെഞ്ചുറിയെ അഭിനന്ദിച്ചെത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ എല്ലാ ഭംഗിയോടേയും എന്നായിരുന്നു റിഷഭ്-രാഹുല്‍ കൂട്ടുകെട്ടിനെ പ്രകീര്‍ത്തിച്ച് സച്ചിന്‍ പറഞ്ഞത്.

പരിക്കില്‍ നിന്നും ഭേദമായി തിരിച്ചെത്താന്‍ സാഹയ്ക്ക് സമയം വേണ്ടി വരും എന്നതും ദിനേഷ് കാര്‍ത്തിക്കില്‍ നിന്നും മികച്ച പ്രകടനം വരാത്തതും ടെസ്റ്റില്‍ പന്തിന് സ്ഥാനം ഉറപ്പിക്കാന്‍ സഹായകമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com