പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ യുവത്വം; സാഫ് കപ്പ് ഫുട്ബോളിൽ അയൽക്കാരെ വീഴ്ത്തി ഫൈനലിലേക്ക്

ചിരവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലില്‍
പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ യുവത്വം; സാഫ് കപ്പ് ഫുട്ബോളിൽ അയൽക്കാരെ വീഴ്ത്തി ഫൈനലിലേക്ക്

ധാക്ക: ചിരവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലില്‍. സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ച് യുവ താരങ്ങളുടെ കരുത്തിൽ മുന്നേറുന്ന ഇന്ത്യ സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പാക്കിസ്ഥാനെ തകർത്തത്. യുവതാരം മൻവീർ സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. ഫൈനലിൽ മാലെദ്വീപാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ സെമിയിൽ നേപ്പാളിനെ വീഴ്ത്തിയാണ് മാലെദ്വീപ് ഫൈനലിൽ കടന്നത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് നേപ്പാളിനെതിരെ മാലെദ്വീപിന്റെ ജയം.

ഇന്ത്യ- പാക് പോരാട്ടത്തിന്റെ ​ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. 48, 69 മിനുട്ടുകളിലാണ് മൻവീർ സിങ് ഗോൾ നേടിയത്. അണ്ടർ 23 താരങ്ങൾ കളിക്കുന്ന ടീമിലെ ഏക സീനിയർ താരമായ സുമീത് പാസ്സി 84ാം മിനുട്ടിൽ ഇന്ത്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. മുഹമ്മദ് അലിയാണ് (88) പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ നേടിയത്.

മൽസരത്തിനിടെ കൈയാങ്കളിക്കു തുനിഞ്ഞ രണ്ടു താരങ്ങൾ ചുവപ്പ് കാർഡ് കണ്ടതിനാൽ 10 പേരുമായാണ് ഇരു ടീമുകളും മത്സരം പൂർത്തിയാക്കിയത്. ഇന്ത്യൻ താരം ലാലിയൻസ്വാല ചാങ്തെ, പാക്കിസ്ഥാൻ താരം മൊഹ്സിൻ അലി എന്നിവരാണ് 86ാം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായത്. ഇതോടെ ചാങ്തെയ്ക്ക് മാലദ്വീപിനെതിരായ കലാശക്കളി നഷ്ടമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com