മകനാണ്, മികച്ച താരവുമായിരിക്കാം... പക്ഷേ ടീമിലെടുക്കില്ല; നിലപാട് വ്യക്തമാക്കി ഡീഗോ സിമിയോണി

മകനെക്കുറിച്ച് ഡീഗോ സിമിയോണി നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
മകനാണ്, മികച്ച താരവുമായിരിക്കാം... പക്ഷേ ടീമിലെടുക്കില്ല; നിലപാട് വ്യക്തമാക്കി ഡീഗോ സിമിയോണി

സ്പാനിഷ് ലാ ലിഗയിലെ വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും തലവേദനയായി നില്‍ക്കുന്ന ടീമാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. അര്‍ജന്റീന പരിശീലകന്‍ ഡീഗോ സിമിയോണിയെന്ന തന്ത്രജ്ഞനായ പരിശീലകന്റെ സാന്നിധ്യമാണ് അവരുടെ കരുത്ത്. ഡീഗോ സിമിയോണിയുടെ മകന്‍ ജിയോവാനി സിമിയോണിയും ഇപ്പോള്‍ താരമായി നില്‍ക്കുകയാണ്. മകനെക്കുറിച്ച് ഡീഗോ സിമിയോണി നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

23കാരനായ ജിയോവാനി സിമിയോണി കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീനയുടെ ഗ്വാട്ടിമലക്കെതിരായ സൗഹൃദ മത്സരത്തില്‍ ആദ്യമായി കളിക്കകാനിറങ്ങി. മാത്രമല്ല അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടീമിന് വേണ്ടി ഗോള്‍ നേടാന്‍ താരത്തിനായി. പിന്നാലെ നടന്ന കൊളംബിയക്കെതിരായ മത്സരത്തില്‍ അവസാനത്തെ കുറച്ചു മിനുട്ടുകള്‍ മാത്രമാണ് താരം കളിച്ചതെങ്കിലും നിര്‍ണായക സാന്നിധ്യമായി മാറാനും താരത്തിനായി. നിലവില്‍ ഇറ്റാലിയന്‍ സീരി എയില്‍ ഫിയോരെന്റിനക്ക് കളിക്കുകയാണ് താരം. കഴിഞ്ഞ സീസണില്‍ ഫിയോറന്റീനക്ക് വേണ്ടി സീരി എയില്‍ 14 ഗോളുകള്‍ നേടിയ ജിയോവാനി ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. 

മികച്ച താരമെന്ന നിലയില്‍ വളരുന്ന മകന്‍ നിലവില്‍ മികവിന്റെ ഔന്നത്യത്തിലാണെങ്കിലും താന്‍ ജിയോവാനിയെ ടീമിലെടുക്കില്ലെന്ന് ഡീഗോ സിമിയോണി തീര്‍ത്ത് പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. ഒരു കളിക്കാരന് വേണമെന്ന് താനാഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും ജിയോവാനിക്കുണ്ട്. താരത്തെ സ്വന്തമാക്കാന്‍ ആഗ്രഹവുമുണ്ട്. എന്നാല്‍ താന്‍ മകനെ ടീമിലെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റു താരങ്ങളെപ്പോലെ തന്റെ മകനെ ഡ്രസിങ് റൂമില്‍ വച്ച് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. അത് രണ്ട് പേരും തമ്മില്‍ ഇപ്പോഴുള്ള ബന്ധത്തെ ബാധിച്ചേക്കും. അഞ്ചോ, ആറോ വര്‍ഷങ്ങള്‍ക്ക് ശേഷം ജിയോവാനി ഇതിനേക്കാള്‍ മികച്ച താരമായി ഉയരും. ആ സമയത്തും തന്റെ അഭിപ്രായത്തിന് മാറ്റം ഉണ്ടാകില്ല. എന്നാല്‍ താന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിടുകയാണെങ്കില്‍ ജിയോവാനിക്ക് ടീമിലേക്കു വരാമെന്നും ഡീഗോ സിമിയോണി വ്യക്തമാക്കി.

2016ലാണ് ജിയോവാനി യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഭാഗമാകുന്നത്. നേരത്തെ ജെനോവയ്ക്കായാണ് താരം കളിച്ചത്. ജെനവോ, ഫിയോരന്റിന കുപ്പായത്തിലായി 79 മത്സരങ്ങള്‍ കളിച്ച ജിയോവാനി 29 ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com