ഓസീസ് താരം എന്നെ ഒസാമ എന്ന് വിളിച്ചു; നേരിട്ട വംശീയ അധിക്ഷേപം വെളിപ്പെടുത്തി മൊയിന്‍ അലി

എന്റെ നേരെ തിരിഞ്ഞ് ഒരു ഓസീസ് താരം പറഞ്ഞു, ഇത് സ്വീകരിക്കൂ, ഒസാമ എന്ന്
ഓസീസ് താരം എന്നെ ഒസാമ എന്ന് വിളിച്ചു; നേരിട്ട വംശീയ അധിക്ഷേപം വെളിപ്പെടുത്തി മൊയിന്‍ അലി

ഒസാമ എന്ന് വിളിച്ചായിരുന്നു അവരുടെ കളിയാക്കല്‍. ക്രിക്കറ്റ് മൈതാനത്ത് അത്രയും ദേഷ്യം ഉള്ളിലൊതുക്കി എനിക്ക് നില്‍ക്കേണ്ടി വന്നത് ആ വിളി കേട്ടതിന് ശേഷമായിരുന്നു. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയിന്‍ അലിയാണ് ഓസ്‌ട്രേലിയന്‍ ടീം അന്ന് നടത്തിയ വംശീയ അധിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. 

തന്റെ ആത്മകഥയിലൂടെയാണ് മൊയിന്‍ അലിയുടെ വെളിപ്പെടുത്തല്‍. 2015ലെ ആഷസ് പരമ്പരയ്ക്കിടെയായിരുന്നു അത്. കാര്‍ഡിഫ് വേദിയായ പരമ്പരയിലെ ആദ്യ ടെസ്റ്റ്. കാര്‍ഡിഫ് ടെസ്റ്റിലെ എന്റെ പ്രകടനം എനിക്ക് സംതൃപ്തി തരുന്നതായിരുന്നു. എന്നാല്‍ ആ ഒരു സംഭവം എന്റെ അസ്വസ്ഥപ്പെടുത്തുന്നതായി. 

എന്റെ നേരെ തിരിഞ്ഞ് ഒരു ഓസീസ് താരം പറഞ്ഞു, ഇത് സ്വീകരിക്കൂ, ഒസാമ എന്ന്. അന്നേവരെ ക്ഷോഭം ഉള്ളില്‍ നിറഞ്ഞ് ഞാന്‍ ക്രിക്കറ്റ് മൈതാനത്ത് നിന്നിട്ടില്ല. ഒസാമ എന്ന് ഓസീസ് താരം എന്നെ വിളിച്ച കാര്യം ഞാന്‍ മറ്റ് ചിലരോട് കൂടി പങ്കുവെച്ചിരുന്നു. മുന്‍ ഓസീസ് താരം ട്രെവര്‍ ബെയ്‌ലിസ് അത് ഓസീസ് കോച്ചായിരുന്ന ലെഹ്മാന്റെ ശ്രദ്ധയില്‍പ്പെടുത്തി. 

ആ താരത്തോട് ലെഹ്മാന്‍ ചോദിച്ചു, മൊയിന്‍ അലിയെ നിങ്ങള്‍ ഒസാമ എന്ന് വിളിച്ചുവോ? എന്നാല്‍ ആ താരം അത് നിരസിച്ചു. ഇത് സ്വീകരിക്കൂ, പാര്‍ട്ട് ടൈമര്‍ എന്നാണ് മൊയിന്‍ അലിയോട് പറഞ്ഞത് എന്നായിരുന്നു ആ ഓസീസ് താരം ലെഹ്മാനോട് പറഞ്ഞത്.

പാര്‍ട്ട് ടൈമര്‍ എന്ന പദത്തെ ഒസാമ എന്ന് ഞാന്‍ തെറ്റിദ്ധരിക്കാന്‍ ഒരു വഴിയുമില്ല. ഇതോടെ ആദ്യ ടെസ്റ്റിന് പിന്നാലെയുള്ള മത്സരളില്‍ ക്ഷോഭം ഉള്ളിലൊതുക്കിയാണ് ഞാന്‍ കളിച്ചത്. എന്നാല്‍ ഞങ്ങളുടെ ജയവും കാര്‍ഡിഫിലെ കാണികളുടെ എന്നോടുള്ള പ്രതികരണവും എനിക്ക് ആശ്വാസം നല്‍കി. ആ ഓസീസ് താരം ഒന്നുമല്ല എന്നായിരുന്നു അപ്പോള്‍ എനിക്ക് തോന്നിയത്. എന്റെ കരിയറില്‍ ഓസ്‌ട്രേലിയ മാത്രമാണ് എനിക്ക് ഇഷ്ടമല്ലാത്ത എതിരാളികള്‍ എന്നും മൊയിന്‍ അലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com