ആ പഴയ ഓപ്പണിങ് വെടിക്കെട്ട് ഓര്‍മിപ്പിച്ച് ധവാനും രോഹിത്തും, അടിച്ചു പറത്തിയ കൂട്ടത്തില്‍ റെക്കോര്‍ഡുകളും

ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ഓര്‍ത്തു വയ്ക്കാന്‍ മനോഹരമായ ഇന്നിങ്‌സ് സമ്മാനിച്ചാണ്‌ ഇരുവരുടേയും ബാറ്റിങ്
ആ പഴയ ഓപ്പണിങ് വെടിക്കെട്ട് ഓര്‍മിപ്പിച്ച് ധവാനും രോഹിത്തും, അടിച്ചു പറത്തിയ കൂട്ടത്തില്‍ റെക്കോര്‍ഡുകളും

സച്ചിനും സെവാഗും, സച്ചിനും ഗാംഗുലിയും, സച്ചിനും ഗംഭീറും ഇന്ത്യക്കായി സമ്മാനിച്ചിരുന്ന ഓപ്പണിങ് വെടിക്കെട്ട് പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് പ്രേമികള്‍ വീണ്ടും കണ്ടു. അവരുടെ സ്ഥാനത്ത് രോഹിത്തും ധവാനുമായെന്ന് മാത്രം. റെക്കോര്‍ഡും തകര്‍ത്തിട്ടാണ് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരില്‍ പാക്കിസ്ഥാനെ ഇന്ത്യ തീര്‍ത്തും നിരാശരാക്കി വിട്ടത്. 

വിജയ ലക്ഷ്യമായി മുന്നിലെത്തിയ 238 റണ്‍സും ഓപ്പണര്‍മാര്‍ തന്നെ ചെയ്‌സ് ചെയ്ത് നേടുമെന്ന് തോന്നിച്ച നിമിഷം. ഇന്ത്യയുടെ ഒരു വിക്കറ്റ് പിഴുതെടുക്കാന്‍ റണ്‍ഔട്ട് വേണ്ടി വന്നു പാക്കിസ്ഥാന്. ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ഓര്‍ത്തു വയ്ക്കാന്‍ മനോഹരമായ ഇന്നിങ്‌സ് സമ്മാനിച്ചാണ്‌ ഇരുവരുടേയും ബാറ്റിങ്. 

ചെയ്‌സ് ചെയ്യവെ ഒരു ഇന്ത്യന്‍ ഓപ്പണിങ് ജോഡി പടുത്തുയര്‍ത്തുന്ന ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടാണ് ധവാനും രോഹിത്തും ചേര്‍ന്ന് തീര്‍ത്തത്. സെവാഗും ഗംഭീറും ചേര്‍ന്ന് നേടിയ 201 റണ്‍സായിരുന്നു ഇതുവരെ ചെയ്‌സ് ചെയ്യവെയുള്ള ഇന്ത്യയുടെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്. 

പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടും ഇതാണ്. സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ധാക്കയില്‍ തീര്‍ത്ത 159 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത്തും ധവാനും ദുബൈ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ മറികടന്നത്. ഓപ്പണിങ്ങില്‍ മാത്രമല്ല, പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പും ഇതാണ്. 2005ല്‍ ദ്രാവിഡും സെവാഗും ചേര്‍ന്ന് നേടിയ 201 റണ്‍സാണ് അവര്‍ മറികടന്നിരിക്കുന്നത്. 

ഏകദിനത്തില്‍ വേഗത്തില്‍ 7000 റണ്‍സ് തികയ്ക്കുന്ന താരങ്ങളില്‍ രോഹിത്ത് അഞ്ചാമതെത്തി. ഗാംഗുലി, ഡിവില്ലിയേഴ്‌സ്, അംല, കോഹ് ലി എന്നിവരെ പിന്തള്ളിയാണ് രോഹിത്തിന്റെ കുതിപ്പ്. ഇന്ത്യയുടെ എക്കാലത്തേയും കൂട്ടുകെട്ട് തീര്‍ത്ത സഖ്യത്തില്‍ അഞ്ചാം സ്ഥാനത്താണ് രോഹിത്തും ധവാനും. ദ്രാവിഡ്-സച്ചിന്‍, ദ്രാവിഡ്-ഗാംഗുലി, സെവാഗ്-സച്ചിന്‍, സച്ചിന്‍ ഗാംഗുലി എന്നിവര്‍ക്ക് പിന്നാലെയാണ് രോഹിത്തും ധവാനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com