എന്റെ മടിയില്‍ കിടന്നായിരുന്നു അച്ഛന്റെ മരണം, ഇന്നത്തെ കോഹ് ലി പിറന്ന ആ രാത്രി

തലേന്ന് നാല്‍പ്പത് റണ്‍സ് എടുത്ത് പുറത്താവാതെ നില്‍ക്കുകയാണ് ഞാന്‍. എനിക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങാതെ പറ്റില്ലെന്ന അവസ്ഥ
എന്റെ മടിയില്‍ കിടന്നായിരുന്നു അച്ഛന്റെ മരണം, ഇന്നത്തെ കോഹ് ലി പിറന്ന ആ രാത്രി

അണ്ടര്‍ 19 ലോക കിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ചതിന് പിന്നാലെ വിരാട് കോഹ് ലിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാറ്റിങ്ങില്‍ പിന്നോട്ടടിച്ചപ്പോഴെല്ലാം
കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൊണ്ട് അതിജീവിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. സച്ചിനും, ധോനിക്കും ശേഷം രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരമായി നില്‍ക്കെ, തന്റെ തുടക്കത്തെ കുറിച്ച് പറയുകയാണ് കോഹ് ലി. 

2006 ഡിസംബറിലായിരുന്നു അത്. ഉത്തംനഗറില്‍ നിന്നുമുള്ള പതിനെട്ടുകാരന്‍ രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നു. പിതാവിന്റെ വിയോഗം അറിഞ്ഞ് മണിക്കൂറുകള്‍ മാത്രമേ അപ്പോള്‍ പിന്നിട്ടിരുന്നുള്ളു. 

പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അത് സംഭവിച്ചത്. എന്റെ മടിയില്‍ കിടന്ന്‌..തലേന്ന് നാല്‍പ്പത് റണ്‍സ് എടുത്ത് പുറത്താവാതെ നില്‍ക്കുകയാണ് ഞാന്‍. എനിക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങാതെ പറ്റില്ലെന്ന അവസ്ഥ. അയല്‍ക്കാരുള്‍പ്പെടെ, ചോദിക്കാവുന്നവരോടെല്ലാം ആ സമയം സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ ആരില്‍ നിന്നും പ്രതികരണം ലഭിക്കാതിരുന്ന രാത്രിയായിരുന്നു അത്. 

ആംബുലന്‍സ് ഉള്‍പ്പെടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. നാഷണല്‍ ജിയോഗ്രഫിയിലെ ഡോക്യുമെന്ററിയിലൂടെയാണ് കോഹ് ലി ആ നാളുകള്‍ ഓര്‍ത്തെടുക്കുന്നത്. അച്ഛന്റെ മരണ ശേഷമാണ് ഞാന്‍ ക്രിക്കറ്റിലേക്ക് പൂര്‍ണമായും ശ്രദ്ധ കൊടുക്കുന്നത്. മറ്റൊന്നിലേക്കും ചിന്തിക്കാതെ എന്റേയും അച്ഛന്റേയും സ്വപ്‌നം സാക്ഷാത്കരിക്കുന്നതിലേക്ക് മാത്രമായിരുന്നു എന്റെ ശ്രമം, കോഹ് ലി പറയുന്നു. 

കര്‍ണാടകയ്‌ക്കെതിരെയായിരുന്നു ഡല്‍ഹിയുടെ ആ മത്സരം. വരില്ലെന്ന് കരുതി ഇരുന്നവരെ എല്ലാം ഞെട്ടിച്ച് കോഹ് ലി എത്തി. 90 റണ്‍സ് നേടി ഡല്‍ഹിയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും കരകയറ്റുകയും ചെയ്തു. ആ ദിവസമാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചതെന്നാണ് കോഹ് ലിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com