ദി ബെസ്റ്റ് ലൂക്ക; ക്രൊയേഷ്യന്‍ മാന്ത്രികന്‍ മോഡ്രിച് ഫിഫയുടെ മികച്ച താരം; മുഹമ്മദ് സലയ്ക്ക് പുഷ്‌കാസ് പുരസ്‌കാരം

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ്  പുരസ്‌കാരം ക്രൊയേഷ്യയുടെ മധ്യനിര മാന്ത്രികനായ ലൂക്ക മോഡ്രിച്ചിന് 
ദി ബെസ്റ്റ് ലൂക്ക; ക്രൊയേഷ്യന്‍ മാന്ത്രികന്‍ മോഡ്രിച് ഫിഫയുടെ മികച്ച താരം; മുഹമ്മദ് സലയ്ക്ക് പുഷ്‌കാസ് പുരസ്‌കാരം

ലണ്ടന്‍: മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ്  പുരസ്‌കാരം ക്രൊയേഷ്യയുടെ മധ്യനിര മാന്ത്രികനായ ലൂക്ക മോഡ്രിച്ചിന്. യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല എന്നിവരെ പിന്തള്ളിയാണ് മോഡ്രിചിന്റെ നേട്ടം. മെസി ഇത്തവണ ഫൈനല്‍ ലിസ്റ്റില്‍ എത്തിയില്ല.

മികച്ച പരിശീലകനായി ഫ്രാന്‍സിനെ ലോകകപ്പ്  വിജയത്തിലേക്ക് നയിച്ച ദിദിയര്‍ ദെഷാംപ്‌സിനെ തിരഞ്ഞെടുത്തു. മികച്ച  ഗോളിനുള്ള പുരസ്‌കാരമായ പുഷ്‌കാസ് അവാര്‍ഡ് മുഹമ്മദ് സലയ്ക്കാണ്. ബെല്‍ജിയം ഗോള്‍ ഗോള്‍കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിസാണ് മികച്ച ഗോളി. മികച്ച വനിതാ താരം ബ്രസീലിന്റെ മാര്‍ത്തയാണ്. വനിതാ ഫുട്‌ബോളിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം ലിയോണിന്റെ പരിശീലകന്‍ റെയ്‌നാള്‍ഡ് പെഡ്രോസ് സ്വന്തമാക്കി. മികച്ച ആരാധകരായി പെറു ഫാന്‍സിനേയും ഫയര്‍ പ്ലെ പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോളര്‍ ലെന്നര്‍ട് തൈയേയും തിരഞ്ഞെടുത്തു. 

പോയ സീസണിലെ ഫിഫയുടെ പ്രോ ഇലവനില്‍ ഗോള്‍ കീപ്പറായി സ്പാനിഷ് താരം ഡേവിഡ് ഡി ഹെയ, പ്രതിരോധ താരങ്ങളായി ഫ്രാന്‍സിന്റെ റാഫേല്‍ വരാന്‍, സ്‌പെയിന്‍ താരം സെര്‍ജിയോ റാമോസ്, ബ്രസീലിന്റെ മാഴ്‌സെലോ, ഡാനി ആല്‍വെസ് മധ്യനിരയില്‍  ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച് ബെല്‍ജിയം താരം ഈദന്‍ ഹസാര്‍ഡ്, ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെ, മുന്‍നിരയില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി, ഫ്രാന്‍സിന്റെ കെയ്‌ലിയന്‍ എംബപ്പെ, പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

കഴിഞ്ഞ സീസണില്‍ രാജ്യത്തിനും ക്ലബിനുമായി നടത്തിയ അവിസ്മരണീയ പ്രകടനമാണ് മോഡ്രിചിനെ ലോക ഫുട്‌ബോളറാക്കി മാറ്റിയത്. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ചതിന് പിന്നാലെ ലോകകപ്പില്‍ ആരും പ്രതീക്ഷിക്കാത്ത കുതിപ്പിലൂടെ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിക്കാനും മോഡ്രിചിന്റെ പ്രകടനം നിര്‍ണായകമായി. നേരത്തെ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും മോഡ്രിച് സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ പ്രകടനമാണ് മോഡ്രിചിനെ റൊണാള്‍ഡോയേക്കാള്‍ മുന്നില്‍ എത്താന്‍ സഹായിച്ചത്. 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും അല്ലാത്ത താരത്തിന് ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ലഭിക്കുന്നത്. ഫിഫ ബെസ്റ്റ് എന്ന അവാര്‍ഡ് വന്ന ശേഷമുള്ള രണ്ട് വര്‍ഷവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു അവാര്‍ഡ് സ്വന്തമാക്കിയത്. 

കഴിഞ്ഞ സീസണില്‍ എവര്‍ട്ടനെതിരെ നേടിയ ഗോളാണ് സലായെ പുഷ്‌കാസ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഗെരത് ബെയ്‌ലിന്റെ ബൈസിക്കിള്‍ കിക്ക് ഗോളുകളെ പിന്നിലാക്കിയാണ് സലയുടെ നേട്ടം. ഫ്രാന്‍സിനായി ലോകകപ്പില്‍ ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഗോള്‍, മെസിയുടെ നൈജീരിയക്കെതിരായ ഗോളുകളും സലയുടെ കുതിപ്പില്‍ പിന്നിലായി. 

റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ലോക ചാമ്പ്യന്മാരാക്കിയതാണ് ദെഷാംപ്‌സിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. റഷ്യയില്‍ സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു ഫ്രഞ്ച് ലോകകപ്പ്് നേട്ടം. കളിക്കാരനായും പരിശീലകനായും ലോക കിരീടം നേടുന്നു എന്ന നേട്ടത്തിനും ദെഷാംപ്‌സ് അര്‍ഹനായിരുന്നു. റയല്‍ മാഡ്രിഡിന്റെ മുന്‍ ഫ്രഞ്ച് പരിശീലകന്‍ തന്നെയായ സിനദിന്‍ സിദാനേയും ക്രൊയേഷ്യയെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച സ്ലാട്‌കോ ഡാലിചിനേയും പിന്തള്ളിയാണ് ദെഷാംപ്‌സ് പുരസ്‌കാരം സ്വന്തമാക്കിയത്. 

ലോകകപ്പില്‍ ബെല്‍ജിയത്തിനായി പുറത്തെടുത്ത മികവാണ് തിബോട്ട് കുര്‍ട്ടോയിസിനെ മികച്ച ഗോള്‍കീപ്പറാക്കിയത്. ലോക പോരിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരവും കുര്‍ട്ടോയിസ് നേടിയിരുന്നു. ലോകകപ്പില്‍ ബെല്‍ജിയത്തെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതും കുര്‍ട്ടോയിസിനെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കാന്‍ കാരണമായി.

കഴിഞ്ഞ സീസണില്‍ ലിയോണിനെ ഫ്രഞ്ച് ചാമ്പ്യന്മാരാക്കുകയും ഒപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ച മികവാണ് വനിതാ പരിശീലക പുരസ്‌കാരത്തിന് റെയ്‌നാള്‍ഡ് പെഡ്രോസിനെ  അര്‍ഹനാക്കിയത്. ലിയോണിന്റെ തുടര്‍ച്ചയായ മൂന്നാ ചാമ്പ്യന്‍സ് ലീഗ് കിരീടമായിരുന്നു ഇത്. ജപ്പാന്റെ പരിശീലക അസാകൊ തകകുറ, ഹോളണ്ടിന്റെ പരിശീലകന്‍ സറീന വൈമാന്‍ എന്നിവരെ പിന്നിലാക്കിയാണ് റെയ്‌നാള്‍ഡ് പെഡ്രോസ് പുരസ്‌ക്കാരം സ്വന്തമാക്കിയത്.

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം റഷ്യന്‍ ലോകകപ്പില്‍ എത്തിയ പെറു ഫാന്‍സിനാണ് മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം. റഷ്യന്‍  ലോകകപ്പിനെത്തിയ മികച്ച ആരാധകര്‍ എന്ന് നേരത്തെ അഭിപ്രായം ഉണ്ടായിരുന്നു. പെറുവില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് റഷ്യയിലേക്ക് ലോകകപ്പ് കാണാന്‍ എത്തിയത്. 

ഫിഫ പ്രോ ഇലവന്‍: ഗോള്‍ കീപ്പര്‍- ഡേവിഡ് ഡി ഹെയ (സ്‌പെയിന്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്).

പ്രതിരോധം- റാഫേല്‍ വരാന്‍ (ഫ്രാന്‍സ്, റയല്‍ മാഡ്രിഡ്), സെര്‍ജിയോ റാമോസ് (സ്‌പെയിന്‍, റയല്‍ മാഡ്രിഡ്), മാഴ്‌സെലോ (ബ്രസീല്‍, റയല്‍ മാഡ്രിഡ്), ഡാനി ആല്‍വെസ് (ബ്രസീല്‍, പി.എസ്.ജി).

മധ്യനിര- ലൂക്ക മോഡ്രിച് (ക്രൊയേഷ്യ, റയല്‍ മാഡ്രിഡ്), ഈഡന്‍ ഹസാര്‍ഡ് (ബെല്‍ജിയം, ചെല്‍സി), എന്‍ഗോളോ കാന്റെ (ഫ്രാന്‍സ്, ചെല്‍സി).

മുന്നേറ്റം- ലയണല്‍ മെസി (അര്‍ജന്റീന, ബാഴ്‌സലോണ), കെയ്‌ലിയന്‍ എംബാപ്പെ (ഫ്രാന്‍സ്, പി.എസ്.ജി), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍, യുവന്റസ്).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com