ദുരന്ത ഭൂമിയായി വീണ്ടും ഓൾഡ്ട്രാഫോർഡ്; ലംപാർ‍ഡിന്റെ ഡെർബിയോട് നാണംകെട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്; കരബാവോ കപ്പിൽ നിന്ന് പുറത്ത്

തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ഓള്‍ഡ്ട്രാഫോര്‍ഡില്‍ നിന്ന് തലകുനിച്ചു കൊണ്ട് മടങ്ങേണ്ട ഗതി വന്നിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്
ദുരന്ത ഭൂമിയായി വീണ്ടും ഓൾഡ്ട്രാഫോർഡ്; ലംപാർ‍ഡിന്റെ ഡെർബിയോട് നാണംകെട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്; കരബാവോ കപ്പിൽ നിന്ന് പുറത്ത്

ലണ്ടൻ: സ്വന്തം തട്ടകമായ ഓൾഡ്ട്രാഫോർഡ് മാഞ്ചസ്റ്റർ യുനൈറ്റഡിന് ദുരന്ത ഭൂമിയായി തുടരുന്നു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ഓള്‍ഡ്ട്രാഫോര്‍ഡില്‍ നിന്ന് തലകുനിച്ചു കൊണ്ട് മടങ്ങേണ്ട ഗതി വന്നിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്.

ഇന്ന് കരബാവോ കപ്പിന്റെ (പഴയ ഇം​ഗ്ലീഷ് ലീ​ഗ് കപ്പ്) മൂന്നാം റൗണ്ടില്‍ ചാമ്പ്യന്‍ഷിപ്പ് ടീമായ ഡെര്‍ബി കൗണ്ടിയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ പുറത്തായി. മുൻ ചെൽസി ഇതിഹാസം ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന ഡെർബി പെനാൽറ്റി ഷൂട്ടൗട്ടിൽ ഏഴിനെതിരെ എട്ട് ​ഗോളുകൾക്ക് മാഞ്ചസ്റ്ററിനെ കെട്ടുകെട്ടിക്കുകയായിരുന്നു. നിശ്ചിത സമയത്ത് മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയികളെ നിർണയിച്ചത്. 

ദുർബലരായ എതിരാളികൾക്കെതിരേ മാഞ്ചസ്റ്റർ യുനൈറ്റഡ് അനായാസ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഓൾഡ്ട്രാഫോർഡിനെ ഒരിക്കൽ കൂടി നിശബ്ദതയിലേക്ക് തള്ളിയിട്ടാണ് ലംപാർഡും കുട്ടികളും മടങ്ങിയത്.  

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്ന യുനൈറ്റഡ് രണ്ടാം പകുതിയില്‍ തകര്‍ന്നടിയുകയും പിന്നീട് ഇഞ്ച്വറി ടൈമില്‍ ജീവശ്വാസം നേടുകയുമായിരുന്നു. കളി തുടങ്ങി മൂന്നാം മിനുട്ടിൽ ഒരു സുന്ദര നീക്കത്തിന് ഒടുവില്‍ യുവാൻ മാറ്റ യുനൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. പിന്നീട് ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ യുനൈറ്റഡിന് ലഭിച്ചു എങ്കിലും ലുകാകുവിന്റെ മോശം ഫോം സ്കോര്‍ 1-0 എന്നതില്‍ തന്നെ നിര്‍ത്തി.

രണ്ടാം പകുതിയില്‍ ടാക്ടികല്‍ മാറ്റങ്ങളുമായി ഡെര്‍ബി ഇറങ്ങിയപ്പോള്‍ കളി മാറി. 59ാം മിനുട്ടില്‍ വില്‍സണ്‍ ഫ്രീ കിക്കിലൂടെ ഡെര്‍ബിക്ക് സമനില നേടിക്കൊടുത്തു. യുനൈറ്റഡ് മോശം ഫോമിൽ നിൽക്കേ ഗോള്‍കീപ്പര്‍ റൊമേരോ ചുവപ്പ് കാർഡ് കൂടി കണ്ടതോടെ അവർ കൂടുതൽ പ്രതിരോധത്തിലായി. 67ാം മിനുട്ടില്‍ ബോക്സിന് പുറത്ത് നിന്ന് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു റൊമേരോയ്ക്ക് ചുവപ്പ് കാർഡ് കണ്ടത്.

10 പേരായി ചുരുങ്ങിയ യുനൈറ്റഡിനെ 85ാം മിനുട്ടില്‍ ഡെര്‍ബി പിറകിലാക്കി. മാരിയോട്ടായിരുന്നു ഡെര്‍ബിയുടെ രണ്ടാം ഗോള്‍ നേടിയത്. മത്സരം കൈവിട്ടെന്ന് യുനൈറ്റഡ് കരുതിയ കളിയില്‍ 95ാം മിനുട്ടില്‍ രക്ഷകനായത് ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ ഫെല്ലെയ്നി ആയിരുന്നു. 95ാം മിനുട്ടില്‍ ഡാലോട്ടിന്റെ ക്രോസില്‍ നിന്ന് ഫെല്ലെയ്നി വല ചലിപ്പിച്ച് യുനൈറ്റഡിന്റെ ആയുസ് നീട്ടി. 

എക്സ്ട്രാ ടൈം ഇല്ലാത്ത കളി നേരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. യുനൈറ്റഡിന്റെ ഫിൽ ജോൺസ് പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെ അവരുടെ പതനം പൂർത്തിയായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തുടര്‍ച്ചയായ അഞ്ചാം പെനാൽറ്റി ഷൂട്ടൗട്ട് പരാജയം കൂടിയായി മത്സരം മാറുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com