മധ്യനിരയില്‍ തട്ടി വീണ്ടും തകരുമോ ബ്ലാസ്‌റ്റേഴ്‌സ്? കച്ചമുറുക്കിയെത്തുന്ന ബ്ലാസ്‌റ്റേഴ്‌സ് സംഘം ഇങ്ങനെയാണ്‌

കിരീടത്തില്‍ മുത്തമിടാനുള്ള കാത്തിരിപ്പ് അഞ്ചാം സീസണില്‍ അവസാനിപ്പിക്കാന്‍ ഇറങ്ങുന്ന മഞ്ഞപ്പട കൂട്ടം ഇങ്ങനെയാണ്...
മധ്യനിരയില്‍ തട്ടി വീണ്ടും തകരുമോ ബ്ലാസ്‌റ്റേഴ്‌സ്? കച്ചമുറുക്കിയെത്തുന്ന ബ്ലാസ്‌റ്റേഴ്‌സ് സംഘം ഇങ്ങനെയാണ്‌

കഴിഞ്ഞ നാല് സീസണുകളില്‍ സംഭവിച്ചത് ഇനി ആവര്‍ത്തക്കരുത് എന്നാണ് ഐഎസ്എല്‍ ആരവം വീണ്ടും ഉയരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രാര്‍ത്ഥന. ഫൈനലിലേക്കെത്താന്‍ കഴിയണം. ഫൈനലില്‍ കാലിടറാതെ കപ്പുയര്‍ത്തണം. കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ പന്തുരുണ്ട് തുടങ്ങുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ പ്രാപ്തമാണോ മഞ്ഞപ്പടയെന്നാണ് ഇനി അറിയേണ്ടത്. 

കളിലാസിലെ പുലികളായിട്ടായിരുന്നു നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് എത്തിയത്. മ്യുലന്‍സ്റ്റീന്‍ എന്ന ലോകോത്തര പരിശീലകന്‍. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ചുവന്ന ചെകുത്താന്മാര്‍ക്ക് വേണ്ടി പന്ത് തട്ടിയ ബെര്‍ബറ്റോവ്. പക്ഷേ ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടില്‍ വട്ടപൂജ്യമായി. 

ടീമിനെ ഉടച്ചു വാര്‍ത്താണ് ഡേവിഡ് ജെയിംസ് അഞ്ചാം സീസണിന് ഒരുങ്ങുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നാലെ പോവാതെ ടീമില്‍ ഇണങ്ങി കളിക്കാന്‍ സാധിക്കുന്ന വിദേശ, ഇന്ത്യന്‍ താരങ്ങള്‍ മഞ്ഞക്കുപ്പായത്തിലുണ്ട്. കിരീടത്തില്‍ മുത്തമിടാനുള്ള കാത്തിരിപ്പ് അഞ്ചാം സീസണില്‍ അവസാനിപ്പിക്കാന്‍ ഇറങ്ങുന്ന മഞ്ഞപ്പട കൂട്ടം ഇങ്ങനെയാണ്...

വീണ്ടും ഡെവിഡ് ജെയിംസില്‍ വിശ്വാസം വെച്ച്‌

നാലാം സീസണിന്റെ മധ്യത്തോടെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് മടങ്ങി എത്തിയ ഡേവിഡ് ജെയിംസ് ആ സമയം തന്നെ ടീമിന് പുത്തനുണര്‍വ് നല്‍കിയിരുന്നു. എന്നാല്‍ ഡേവിഡ് ജെയിംസിനെതിരെ വിമര്‍ശനം ഉന്നയിച്ചായിരുന്നു ബെര്‍ബ ബ്ലാസ്‌റ്റേഴ്‌സ് വിട്ട് പോയത്. അഞ്ചാം സീസണിന് ഇറങ്ങുമ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് കൂടി ഡേവിഡ് ജെയിംസിന് മറുപടി പറയേണ്ടതുണ്ട്. 

മഞ്ഞക്കുപ്പായത്തിലേക്ക് പുതിയതായി എത്തിയവര്‍

ഇന്ത്യന്‍ താരങ്ങള്‍: ധീരജ് സിങ്, നവീന്‍ കുമാര്‍, അബ്ദുല്‍ ഹക്കു, അനസ്, സക്കീര്‍ മുണ്ടമ്പാറ, ഡൗങ്കല്‍, ഹാലിചരന്‍ നര്‍സാറി, ജിതിന്‍ എംഎസ്. 

വിദേശ താരങ്ങള്‍; സിറില്‍ കാലി,  പോപ്ലാത്ജനിക്, സ്‌തോജനോവിച്ച്, നികോള കെര്‍സിമാറെവിച്ച്‌. 

പ്രതിരോധ നിരയിലേക്കെത്തിയ സിറഇല്‍ കാലി, മധ്യ നിരയിലെ കെര്‍സിമാറെവിച്ച്, സ്‌ട്രൈക്കര്‍ പോപ്ലാത്‌ജെനിക് എന്നിവരാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നത്. സ്ലൊവേനിയന്‍ ക്ലബായ ത്രിഗ്ലവ് ക്രാഞ്ചിന് വേണ്ടി തകര്‍ത്തു കളിച്ചാണ് പോപ്ലാത്ജനിക് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. 

ധീരജ് സിങ്ങിന്റേയും നവീന്‍ കുമാറിന്റേയും വരവ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പോസ്റ്റിന് മുന്നിലെ കരുത്ത് കൂട്ടുന്നു. വിങ്ങില്‍ ഹാലിചരും, സെമിന്‍ലെന്‍ ഡൗങ്കലും, പിന്നെ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ താരമായ ജിതിന്‍ എംഎസും. 

ശക്തിയും പോരായ്മയും

പ്രതിരോധമാണ് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തി. സന്ദേശ് ജിങ്കാനും, അനസും ഒരുമിച്ച് വരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ എതിര്‍ ടീമിലെ സ്‌ട്രൈക്കര്‍മാര്‍ വിയര്‍ക്കും. ജിങ്കാനും, അനസിനും ഒപ്പം ലാല്‍റുവാത്താരയുമുണ്ട്. ഇക്കൂട്ടത്തിലേക്കാണ് സിറില്‍ കാലിയും പെസിച്ചും ചേരുന്നത്. എന്നാല്‍ പോരായ്മ വരുന്നത് ഫുള്‍ ബാക്ക് പൊസിഷനില്‍. 

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ വലച്ച മധ്യനിരയില്‍ ഈ സീസണിലും ആശങ്ക തന്നെയാണ്. ഇന്ത്യന്‍ യുവ താരങ്ങളെ മധ്യനിരയിലെ ക്രിയേറ്റീവ് കളിക്ക് ലക്ഷ്യം വെച്ച് ടീമില്‍ എത്തിച്ചിട്ടുണ്ട് എങ്കിലും കളിക്കളത്തില്‍ വര്‍ക്കൗട്ട് ആകുമോയെന്ന് കണ്ടറിയണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com