ആവേശം അവസാന പന്ത് വരെ; ഏഷ്യന്‍ കരുത്തര്‍ ഇന്ത്യ തന്നെ; ബംഗ്ലാദേശിനെ കീഴടക്കി ഏഴാം കിരീടം

ആവേശം അവസാന പന്ത് വരെ; ഏഷ്യന്‍ കരുത്തര്‍ ഇന്ത്യ തന്നെ; ബംഗ്ലാദേശിനെ കീഴടക്കി ഏഴാം കിരീടം

ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി


 
ദുബായ്: ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 222 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്താണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്നതില്‍ ബംഗ്ലാ ബൗളര്‍മാര്‍ വിജയിച്ചു. ഇന്ത്യയുടെ ഏഴാം കിരീടമാണിത്. 

ഇന്ത്യക്കായി രോഹിത് ശര്‍മ (48), ദിനേഷ് കാര്‍ത്തിക് (37), എം.എസ് ധോണി (36), രവീന്ദ്ര ജഡേജ (23), കേദാര്‍ ജാദവ് (പുറത്താകാതെ 23), ഭുവനേശ്വര്‍ കുമാര്‍ (21) എന്നിവരുടെ ബാറ്റിങാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

മുസ്താഫിസുര്‍ റഹ്മാന്‍, റുബല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നസ്മുല്‍ ഇസ്ലാം, മഷ്‌റഫെ മൊര്‍താസ, മഹമുദുല്ല എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ പോരാട്ടം 48.3 ഓവറില്‍ 222 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ ബംഗ്ലാ നിരയ്ക്ക് സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും, കെ എം ജാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.

ഓപണര്‍ ലിറ്റണ്‍ ദാസിന്റെ സെഞ്ച്വറിയാണ് ബംഗ്ലാദേശ് ബാറ്റിങില്‍ എടുത്തുപറയേണ്ടത്. 117 പന്തില്‍ 121 റണ്‍സ് നേടിയ ലിറ്റണ്‍ 12 ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെയാണ് താരം ശതകം പടുത്തുയര്‍ത്തിയത്. മെഹ്ദി ഹസന്‍ മിറസ് (32), സൗമ്യ സര്‍ക്കാര്‍ (33) എന്നിവരും പൊരുതി നിന്നു. ഈ മൂന്ന് പേരുടേയും അവസരോചിത ബാറ്റിങാണ് ബംഗ്ലാദേശിന് തുണയായത്. മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com