ധോനി ഹൂക്ക വലിക്കും, യുവതാരങ്ങളുമായുള്ള വേര്‍തിരിവ് ഇല്ലാതെയാക്കാന്‍

696 ദിവസത്തിന് ശേഷമായിരുന്നു ധോനിയെ നായക കുപ്പായത്തില്‍ ആരാധകര്‍ക്ക് കാണുവാനായത്
ധോനി ഹൂക്ക വലിക്കും, യുവതാരങ്ങളുമായുള്ള വേര്‍തിരിവ് ഇല്ലാതെയാക്കാന്‍

വൈകാരികമായി ഏറെ പ്രധാനപ്പെട്ടതായിരുന്നു ധോനിക്കും ആരാധകര്‍ക്കും ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അവസാനത്തെ സൂപ്പര്‍ഫോര്‍ മത്സരം. 696 ദിവസത്തിന് ശേഷമായിരുന്നു ധോനിയെ നായക കുപ്പായത്തില്‍ ആരാധകര്‍ക്ക് കാണുവാനായത്. നായക വേഷത്തില്‍ ഒരിക്കല്‍ കൂടി ധോനി എത്തിയപ്പോള്‍ ധോനിയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഒരു വീഡിയോയുമായെത്തി. 

ധോനിയെ സംബന്ധിക്കുന്ന കൗതുകകരമായ വസ്തുതകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ആ വീഡിയോ. എങ്ങിനെ യുവ നിരയുമായി ധോനി കിടപിടിക്കുന്നു എന്ന് ഓസീസ് മുന്‍ ക്രിക്കറ്റ് താരം ജോര്‍ജ് ബെയ്‌ലി വീഡിയോയിലൂടെ പറയുന്നു. ഹൂക്ക ധോനിക്ക് പ്രിയപ്പെട്ടതാണ്. ധോനിയുടെ റൂമില്‍ അതുണ്ടാകും. ആര്‍ക്കും അവിടേക്ക് കടന്നു ചെല്ലാം. 

യുവ താരങ്ങളെ അവിടെ ധോനിക്കൊപ്പം നമുക്ക് കാണാം. ഇന്ത്യന്‍ ടീമിലെ താരങ്ങളായാലും, മറ്റ് ടീമിലെ താരങ്ങളായാലും, വലിപ്പച്ചെറുപ്പങ്ങള്‍ അവിടെ ഉണ്ടാവില്ല. കളിയെ കുറിച്ച് എത്ര സമയം വേണമെങ്കിലും അവിടെ സംസാരിച്ചിരിക്കാനാവും. എല്ലാ അതിരുകളും ഇങ്ങനെ ധോനി ഇല്ലാതാക്കുന്നുവെന്ന് ബെയ്‌ലി പറയുന്നു. 

ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലും ബെയ്‌ലി കളിച്ചിരുന്നു. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും മനസ് ശാന്തമാക്കി, കളിയെ വായിക്കാനുള്ള ധോനിയുടെ കഴിവിനേയും ബെയ്‌ലി എടുത്തുകാട്ടുന്നു. കളിയുടെ ഏത് ഘട്ടത്തിലും ധോനി ശാന്തനായിരിക്കും. ഇത് ടീമിന് ആത്മവിശ്വാസം തരും. ധോനിയുടെ പക്കല്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടെന്ന പ്രതീക്ഷയാവും ആ സമയം ടീമിന് ലഭിക്കുക എന്നും ബെയ്‌ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com