വീണ്ടും കൊലവിളി; പെനാല്‍റ്റി പാഴാക്കിയ രണ്ട് കൊളംബിയന്‍ താരങ്ങള്‍ക്ക് നേരെ വധ ഭീഷണി

സെല്‍ഫ് ഗോള്‍ അടിച്ചതിന്റെ പേരില്‍ അധോലോകത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട എസ്‌ക്കോബാറിന്റെ 24ാം ചരമ വാര്‍ഷിക ദിനം കഴിഞ്ഞ് രണ്ട്  ദിവസത്തിനുള്ളിലാണ് രണ്ട് കൊളംബിയന്‍ താരങ്ങള്‍ക്ക് വധ ഭീഷണി
വീണ്ടും കൊലവിളി; പെനാല്‍റ്റി പാഴാക്കിയ രണ്ട് കൊളംബിയന്‍ താരങ്ങള്‍ക്ക് നേരെ വധ ഭീഷണി

മോസ്‌ക്കോ:  ഓര്‍മയില്ലേ ആന്ദ്രെ എസ്‌ക്കോബാറിനെ. 1994ല്‍ അമേരിക്കക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ സെല്‍ഫ് ഗോള്‍ അടിച്ചതിന്റെ പേരില്‍ അധോലോകത്തിന്റെ   വെടിയേറ്റ് കൊല്ലപ്പെട്ട കൊളംബിയന്‍ താരമായിരുന്നു എസ്‌ക്കോബാര്‍. എസ്‌ക്കോബാറിന്റെ 24ാം ചരമ വാര്‍ഷിക ദിനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് കൊളംബിയന്‍ താരങ്ങള്‍ക്ക് നേരേ വധ ഭീഷണി. റഷ്യന്‍ ലോകകപ്പില്‍  ഇംഗ്ലണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ഷൂട്ടൗട്ടില്‍ അവസരം നഷ്ടപ്പെടുത്തിയ കൊളംബിയന്‍ കളിക്കാര്‍ക്കാണ് സമൂഹ മാധ്യമത്തിലൂടെ കൊലവിളികള്‍ ഉയരുന്നത്. മത്തെയൂസ് യുറിബെ, കാര്‍ലോസ് ബെക്ക എന്നീ താരങ്ങളാണ് ഇപ്പോള്‍ ഭീഷണി നേരിടുന്നത്. ഇരുവരുടേയും ഷോട്ടുകള്‍ പാഴായതാണ് കൊളംബിയക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. യുറിബെയുടെ അടി ക്രോസ്ബാറില്‍ തട്ടി പുറത്ത് പോയപ്പോള്‍ ബെക്കയുടേത് ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് രക്ഷപ്പെടുത്തുകയായിരുന്നു.

യുറിബെയേക്കാള്‍ കൂടുതല്‍ ഭീഷണി ബെക്കയ്ക്കാണ്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഭീഷണികളില്‍ ബെക്കയോട് പോയി മരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. മറ്റൊരു ട്വീറ്റില്‍ ബക്കയെ കൊള്ളരുതാത്തവന്‍ എന്നും വിശേഷിപ്പിക്കുന്നു. നാട്ടിലേക്ക് മടങ്ങേണ്ടെന്നും സ്വയം മരിച്ചോളാനും നാട്ടിലേക്ക് വന്നാല്‍ ശരിയാക്കുമെന്നും വിവിധ  ട്വീറ്റുകളില്‍ പറയുന്നു. ഒരാള്‍ക്കും നിന്നെ ആവശ്യമില്ലെന്നും കാന്‍സറിനേക്കാള്‍ ഭീഷണിയാണ് നീയെന്നും നിന്നെ വെറുക്കുന്നതായും തുടങ്ങി നിരവധി ട്വീറ്റുകളാണ് ബെക്കയ്‌ക്കെതിരേ ഉയരുന്നത്. 

തോറ്റാല്‍ കളിക്കാരുടെ ജീവനെടുക്കരുതെന്ന് ഇംഗ്ലണ്ടിനെതിരായ മത്സരം തുടങ്ങും മുന്‍പ് എസ്‌കോബാറിന്റെ സഹോദരന്‍ സാച്ചി അഭ്യര്‍ഥിച്ചിരുന്നു. സ്വന്തം ഇഷ്ടങ്ങള്‍ നടന്നില്ലെങ്കില്‍ കളിക്കാരെ മുറിവേല്‍പ്പിക്കരുതെന്ന് മാഫിയാ തലവന്മാരോടും സാച്ചി അപേക്ഷിച്ചു. എസ്‌കോബാറിന്റെ ദുരന്തത്തില്‍ നിന്ന് കൊളംബിയ ഒരു പാഠവും പഠിച്ചില്ലെന്നും ഫുട്‌ബോള്‍ സന്തോഷവും സാമൂഹിക മാറ്റങ്ങളും കൊണ്ടുവരുന്ന ഉപകരണമാണെന്നും സാച്ചി വ്യക്തമാക്കി. 

റഷ്യന്‍ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് കൊളംബിയന്‍ കളിക്കാര്‍ വധഭീഷണി നേരിടുന്നത്. നേരത്തെ കാര്‍ലോസ് സാഞ്ചെസിന് നേരെയും ഭീഷണികളുണ്ടായിരുന്നു. ജപ്പാനുമായുള്ള കളിയില്‍ ചുവപ്പു കാര്‍ഡ് കണ്ടതിനാണ് സാഞ്ചെസിന്റെ ജീവനെടുക്കുമെന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്. മത്സരം ജപ്പാന്‍ ജയിച്ചതിന് പിന്നാലെ സാഞ്ചെസിന് ഭീഷണി സന്ദേശങ്ങള്‍ കിട്ടി. വിഷയം പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് വീണ്ടും രണ്ടു കളിക്കാരുടെ ജീവന് നേരെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com