ഗുഹയ്ക്കുള്ളിലിരുന്ന് അവര്‍ ലോക കപ്പും സ്വപ്‌നം കാണുന്നുണ്ടാകും; ലോക കപ്പ് ഫൈനലിലേക്ക് കുട്ടികളേയും കോച്ചിനേയും ക്ഷണിച്ച് ഫിഫ

ഫുട്‌ബോളിനെ അടുത്ത് സ്‌നേഹിക്കുന്ന കുട്ടികളേയും കോച്ചിനേയും ലോക കപ്പ് ഫൈനല്‍ കാണുന്നതിന് വേണ്ടി ക്ഷണിച്ചിരിക്കുകയാണ് ഫിഫ തലവന്‍
ഗുഹയ്ക്കുള്ളിലിരുന്ന് അവര്‍ ലോക കപ്പും സ്വപ്‌നം കാണുന്നുണ്ടാകും; ലോക കപ്പ് ഫൈനലിലേക്ക് കുട്ടികളേയും കോച്ചിനേയും ക്ഷണിച്ച് ഫിഫ

തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട പതിമൂന്ന് പേരില്‍ ചിലര്‍ ധരിച്ചിരിക്കുന്നത് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയാണ്. മറ്റ് ചിലര്‍ ചെല്‍സിയുടേയും. ഫുട്‌ബോളിനെ അടുത്ത് സ്‌നേഹിക്കുന്ന കുട്ടികളേയും കോച്ചിനേയും ലോക കപ്പ് ഫൈനല്‍ കാണുന്നതിന് വേണ്ടി ക്ഷണിച്ചിരിക്കുകയാണ് ഫിഫ തലവന്‍ ഫിഫ ഗിയാനി ഇന്‍ഫാന്റിനോ. 

തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ പുറത്തെടുക്കാന്‍ മൂന്ന്-നാല് മാസം വരെ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിന് വളരെ മുന്‍പ് തന്നെ ലോക കപ്പ് ആരവും അവസാനിക്കും. ജൂലൈ 15നാണ് റഷ്യന്‍ ലോക കപ്പിലെ കലാശപോരാട്ടം. പക്ഷേ അതൊന്നും കുട്ടികളെ ലോക കപ്പ് ഫൈനല്‍ കാണുന്നതിനായി ക്ഷണിക്കുന്നതില്‍ നിന്നും ഫിഫ തലവനെ പിന്തിരിപ്പിച്ചില്ല. 

ഈ ക്ഷണം ഗുഹയ്ക്കുള്ളില്‍ കഴിയുന്ന തായ് ബോയ്‌സ് ഫുട്‌ബോള്‍ ടീമിന് പുത്തനുണര്‍വ് നല്‍കുമെന്ന് ഉറപ്പ്. ലോക കപ്പ് ഫൈനല്‍ കാണുന്നതിനായി ഫിഫ ഇവരെ ക്ഷണിച്ചിരിക്കുന്നതിന് പുറമെ, അമേരിക്കന്‍ ബിസിനസ് വമ്പനായ എലന്‍ മസ്‌ക് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനുള്ള ദൗത്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

കാലാവസ്ഥ വഷളാകുന്നതും, കുട്ടികള്‍ കഴിയുന്നിടത്തെ ഓക്‌സിജന്റെ അളവ് കുറഞ്ഞു വരുന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നത്. കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് രക്ഷപ്പെടുത്താനുള്ള  വഴിയും പരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നീന്തല്‍ അറിയാവുന്നവരെ ആദ്യമാദ്യം പുറത്തെത്തിക്കാനാകും ശ്രമം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com