ഹാട്രിക്കടിക്കു ഭൂമി സ്വന്തമാക്കു; നെയ്മറിന് സമ്മാനം വാഗ്ദാനം ചെയ്ത് കസാന്‍ മേയര്‍

ലോകകപ്പിലെ മികച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന് വേദിയായതിന്റെ ആവേശത്തിലാണ് കസാന്‍ ജനത
ഹാട്രിക്കടിക്കു ഭൂമി സ്വന്തമാക്കു; നെയ്മറിന് സമ്മാനം വാഗ്ദാനം ചെയ്ത് കസാന്‍ മേയര്‍

മോസ്‌ക്കോ: ലോകകപ്പിലെ മികച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന് വേദിയായതിന്റെ ആവേശത്തിലാണ് കസാന്‍ ജനത. ബ്രസീലും ബെല്‍ജിയവും നേര്‍ക്കുനേര്‍ വരുന്ന ക്വാര്‍ട്ടര്‍ ആരാധകരെ സംബന്ധിച്ച് ഒരു ഫൈനലിന്റെ പ്രതീതിയാണ് നല്‍കുന്നത്. ത്രില്ലര്‍ പോരാട്ടത്തിന് കസാന്‍ ഒരുങ്ങിക്കഴിഞ്ഞു. 

കസാന്‍ വേദിയാകുന്ന അവസാനത്തെ മത്സരമാണ് ഇന്നത്തെ ബ്രസീല്‍- ബെല്‍ജിയം പോരാട്ടം എന്നതിനാല്‍ കസാന്‍ മേയര്‍ ഇല്‍സര്‍ മെറ്റ്ഷിന്‍ ഒരു സമ്മാന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനാണ് മേയറുടെ സമ്മാനം കാത്തിരിക്കുന്നത്. സമ്മാനം ചില്ലറയൊന്നുമല്ല. കസാനിലെ കണ്ണായ സ്ഥലത്ത് ഭൂമി നല്‍കാമെന്നാണ് ഭരണാധികാരി ബ്രസീല്‍ സൂപ്പര്‍ താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

പക്ഷേ ചുമ്മാ ഭൂമി കിട്ടുമെന്ന് കരുതിയെങ്കില്‍ തെറ്റി. നെയ്മര്‍ അതിന് ഒരു കടമ്പ കടക്കേണ്ടതുണ്ട്. താരത്തെ സംബന്ധിച്ച് അത്ര വലിയ ബുദ്ധിമുട്ടുള്ള സംഗതിയല്ല. കാര്യം ഇത്രയേയുള്ളു. ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടറില്‍ ഹാട്രിക്ക് ഗോളുകള്‍ നേടണം. അങ്ങനെ സംഭവിച്ചാലാണ് സമ്മാനം ലഭിക്കുക. ഹാട്രിക്കടിച്ച് ടീമിനെ സെമിയിലേക്ക് കടത്തിയാല്‍ ഭൂമി കിട്ടുമെന്നുറപ്പ്. അങ്ങനെ നടന്നാല്‍ നെയ്മറുടെ അയല്‍പക്കകാരായി താമസിക്കുന്നവരുടെ ഭാഗ്യം ഒന്നാലോചിച്ചു നോക്കൂ എന്ന് മെറ്റ്ഷിന്‍ ആശ്ചര്യപ്പെടുന്നു. 

നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി തിളങ്ങി നില്‍ക്കുന്ന നെയ്മറിന് ഹാട്രിക്ക് നേടുന്നത് വിഷമകരമായ സംഗതിയല്ല. ഹാട്രിക്കടിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം സമ്മാനം സ്വന്തമാക്കുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com