ബ്രസീലിന്റെ കണ്ണീര്‍ മടക്കം; ലോക കിരീടം യൂറോപിലേക്ക് തന്നെ

യുറഗ്വെയ്ക്ക് പിന്നാലെ കിരീട പ്രതീക്ഷയില്‍ മുന്നിലുണ്ടായിരുന്ന ബ്രസീലും വീണതോടെ റഷ്യയില്‍ യൂറോപ്യന്‍ ടീമുകള്‍ മാത്രമായി ബാക്കി
ബ്രസീലിന്റെ കണ്ണീര്‍ മടക്കം; ലോക കിരീടം യൂറോപിലേക്ക് തന്നെ

യുറഗ്വെയ്ക്ക് പിന്നാലെ കിരീട പ്രതീക്ഷയില്‍ മുന്നിലുണ്ടായിരുന്ന ബ്രസീലും വീണതോടെ റഷ്യയില്‍ യൂറോപ്യന്‍ ടീമുകള്‍ മാത്രമായി ബാക്കി. രണ്ടാം ക്വര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തിനോട് കാനറികള്‍ 2-1ന് പൊരുതി വീഴുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ യുറഗ്വെ ഫ്രാന്‍സിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. ലാറ്റിനമേരിക്കയുടെ പ്രതിനിധികളായി ഗ്രൂപ്പ് റൗണ്ട് കടന്നെത്തിയ അര്‍ജന്റീനയും കൊളംബിയയും പ്രീ ക്വാര്‍ട്ടറിലും മടങ്ങിയിരുന്നു. 

ഇത് യൂറോപ്പിന്റെ ലോകകപ്പായി തന്നെ മാറിയിരിക്കുകയാണിപ്പോള്‍. ബെല്‍ജിയം, ഫ്രാന്‍സ്, ക്രൊയേഷ്യ, റഷ്യ, സ്വീഡന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഇനി അവശേഷിക്കുന്നത്. ഇന്ന് നടക്കുന്ന രണ്ട് ക്വാര്‍ട്ടര്‍ ഫൈനലല്‍ പോരാട്ടങ്ങളില്‍ സ്വീഡന്‍- ഇംഗ്ലണ്ട്, റഷ്യ- ക്രൊയേഷ്യ ടീമുകള്‍ മത്സരിക്കും. രണ്ട് യൂറോപ്യന്‍ ടീമുകള്‍ കൂടി ഇന്ന് മടങ്ങും. ഒരിടവേളയ്ക്ക് ശേഷമാണ് യൂറോപ് മാത്രമുള്ള സെമി ഫൈനലിന് കളം ഒരുങ്ങുന്നത്. ഈ മാസം പത്തിന് നടക്കുന്ന ഒന്നാം സെമിയില്‍ ഫ്രാന്‍സ്- ബെല്‍ജിയം മത്സരം അരങ്ങേറും. പതിനൊന്നിന് നടക്കുന്ന രണ്ടാം സെമിയില്‍ സ്വീഡന്‍- ഇംഗ്ലണ്ട്, റഷ്യ- ക്രൊയേഷ്യ പോരാട്ടത്തിലെ രണ്ട് വിജയികളും നേര്‍ക്കുനേര്‍ വരും. 

നേരത്ത 2006ലാണ് അവസാനമായി യൂറോപ്  മാത്രം അണിനിരന്ന സെമി ഫൈനല്‍ ലോകകപ്പില്‍ പിറന്നത്. അന്ന് ഇറ്റലി ജര്‍മ്മനിയേയും, ഫ്രാന്‍സ് പോര്‍ച്ചുഗലിനെയും ആണ് നേരിട്ടത്. 2006നും മുന്‍പ് 1966ലും 1982ലുമാണ് യൂറോപ് മാത്രമുള്ള ഫൈനലുകള്‍ അരങ്ങേറിയത്. യൂറോപ്യന്‍ ആധിപത്യം ഉറപ്പായതോടെ മറ്റൊരു പ്രത്യേകതയും റഷ്യയിലുണ്ട്. 2002ന് ശേഷം എല്ലാ ലോക കിരീടങ്ങളും യൂറോപിലേക്കെന്ന റെക്കോര്‍ഡും നിലനില്‍ക്കും. 2002ല്‍ ബ്രസീലാണ് അവസാനമായി യൂറോപിന് പുറത്തേക്ക് ലോകകപ്പ് കിരീടം എത്തിച്ചത്. 2006ല്‍ ഇറ്റലി, 2010ല്‍ സ്‌പെയിന്‍, 2014ല്‍ ജര്‍മനി എന്നിവരാണ് ജേതാക്കളായത്. 2006ല്‍ ഫ്രാന്‍സായിരുന്നു രണ്ടാം സ്ഥാനത്ത്. 2010ല്‍ ഹോളണ്ടായിരുന്നു റണ്ണേഴ്‌സ് അപ്പ്. കഴിഞ്ഞ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായി ഒരിടവേളയ്ക്ക് ശേഷം ഫൈനലിലെത്തിയത് അര്‍ജന്റീനയായിരുന്നു. പക്ഷേ കിരീടം യൂറോപിലേക്ക് തന്നെ പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com