യുവന്റസ് പ്രവേശം; ടൂറിനില്‍ സിദാന്‍ താമസിച്ച ആഡംബര ബംഗ്ലാവില്‍ കണ്ണുവച്ച് ക്രിസ്റ്റിയാനോ 

യുവന്റസ് ആസ്ഥാനമായ ടൂറിനിലെത്തിയാല്‍  ക്രിസ്റ്റിയാനോ എവിടെ താമസിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു
യുവന്റസ് പ്രവേശം; ടൂറിനില്‍ സിദാന്‍ താമസിച്ച ആഡംബര ബംഗ്ലാവില്‍ കണ്ണുവച്ച് ക്രിസ്റ്റിയാനോ 

മിലാന്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് പ്രവേശമാണ് ഇപ്പോള്‍ ക്ലബ്  ഫുട്‌ബോളുമായി ബന്ധപ്പെട്ട ചൂടുള്ള ചര്‍ച്ച. താരം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായുള്ള ബന്ധം അവസാനിപ്പിച്ച് സീരി എ ചാംപ്യന്‍ ക്ലബിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ ദിവസങ്ങളായി ഫുട്‌ബോള്‍ ലോകത്ത് നില്‍ക്കുന്നുണ്ട്. പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി കഴിഞ്ഞിട്ടും ക്രിസ്റ്റ്യാനോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും ഇപ്പോഴും നടത്തിയിട്ടില്ല. 

ഇപ്പോഴിതാ യുവന്റസ് ആസ്ഥാനമായ ടൂറിനിലെത്തിയാല്‍  ക്രിസ്റ്റിയാനോ എവിടെ താമസിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. റയല്‍ പരിശീലകനും മുന്‍ യുവന്റസ് താരവുമായിരുന്ന സിനദിന്‍ സിദാന്‍ താമസിച്ച ടൂറിനിലെ കൂറ്റന്‍ ബംഗ്ലാവിലായിരിക്കും ക്രിസ്റ്റ്യാനോയും കുടുംബവും താമസിക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ച് വര്‍ഷത്തോളം സിദാന്‍ ഈ കൂറ്റന്‍ ആഡംബര വീട്ടിലായിരുന്നു താമസിച്ചത്. ഈ  വീട് തന്നെയാണ് പോര്‍ച്ചുഗല്‍ നായകനും വാടകയ്‌ക്കെടുക്കാന്‍ ഒരുങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍. സിദാന് പുറമേ ഇറ്റലിയെ 2006ലെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍  ഫാബിയോ കന്നവാരോയും ഇവിടെ താമസിച്ചിട്ടുണ്ട്. 

200 മുറികളുള്ള പടുകൂറ്റന്‍ ബംഗ്ലാവാണിത്. എട്ട് കിടപ്പുമുറികളും വീടിനകത്ത് നീന്തല്‍ക്കുളമടക്കമുള്ള സൗകര്യങ്ങളും ഈ വസതിയുടെ സവിശേഷതകളാണ്. 35000 പൗണ്ടാണ് ദിവസ വാടക. 

ഇറ്റലിക്കാരനായ എസ്റ്റേറ്റ് ഏജന്റ് സെസാര്‍ ഫര്‍ബാറ്റോയാണ് വസതിയുടെ ഇടനിലക്കാരന്‍. വരും ദിവസങ്ങളില്‍ താനുമായി വസതിയില്‍ താമസിക്കുന്നത് സംബന്ധിച്ച് ക്രിസ്റ്റിയാനോ ചര്‍ച്ച നടത്തുമെന്ന് ഇയാള്‍ അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com