സ്വീഡനെതിരെ ഇംഗ്ലണ്ടിന്റെ ആധിപത്യം; ഒരു ഗോളിന് മുന്‍പില്‍ 

ലോകകപ്പ് ഫുട്‌ബോളിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെതിരെ ഇംഗ്ലണ്ട് മുന്നില്‍
സ്വീഡനെതിരെ ഇംഗ്ലണ്ടിന്റെ ആധിപത്യം; ഒരു ഗോളിന് മുന്‍പില്‍ 

സമാര: ലോകകപ്പ് ഫുട്‌ബോളിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെതിരെ ഇംഗ്ലണ്ട് മുന്നില്‍. കളിയുടെ 30-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ പ്രതിരോധ താരമായ മഗ്യൂയറിന്റെ ഗോളിലുടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. കോര്‍ണര്‍ കിക്കില്‍ ഹെഡറിലുടെയാണ് മഗ്യൂയര്‍ സ്വീഡന്‍ വല ചലിപ്പിച്ചത്. 

കളത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ട് വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്നതാണ് കാണുന്നത്.  അതേസമയം, കിട്ടുന്ന പന്തുകളില്‍ മികച്ച മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച് സ്വീഡനും ഇംഗ്ലണ്ടിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ആക്രമണത്തിലും ഇംഗ്ലണ്ട് ഒരു പടി മുന്നിട്ടുനില്‍ക്കുകയാണ്. 

പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ശക്തമായ പോരാട്ടത്തെ അതിജീവിച്ചാണ് ഇംഗ്ലണ്ട് മുന്നേറിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയില്‍ ഗോള്‍കീപ്പര്‍ ജോര്‍ഡന്‍ പിക്‌ഫോര്‍ഡിന്റെ മനസ്സാന്നിധ്യമാണ് ടീമിനെ രക്ഷപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ടുണീഷ്യ, പാനമ ടീമുകളോട് ആധികാരികമായി ജയിച്ച ഇംഗ്ലണ്ട് ബെല്‍ജിയത്തോടാണ് തോറ്റത്. അന്ന് പകരക്കാരുടെ ടീമിനെയാണ് സൗത്ത്‌ഗേറ്റ് ഇറക്കിയത്.

പതിഞ്ഞ താളത്തില്‍ തുടങ്ങി കൊട്ടിക്കയറുകയാണ് സ്വീഡന്‍. ദക്ഷിണകൊറിയയോട് ജയിച്ചുതുടങ്ങിയ സ്വീഡന്‍ ജര്‍മനിയോട് പ്രതിരോധഫുട്‌ബോള്‍ കളിച്ച് തോല്‍വി വഴങ്ങി. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ നിലംതൊടീക്കാതെയാണ് ടീം നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com