ഇനി ഇവര്‍ വാഴും, ലോക കപ്പില്‍ വന്‍മരങ്ങളെ പിന്നിലേക്ക് മാറ്റിയ നാല് താരങ്ങള്‍

എംബാപ്പെയും, ഹാരി കെയ്‌നും, ലൊസാനോയും ഉള്‍പ്പെടുന്ന താരങ്ങള്‍. വന്‍ മരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ പുതു വഴി വെട്ടിയ താരങ്ങള്‍...
ഇനി ഇവര്‍ വാഴും, ലോക കപ്പില്‍ വന്‍മരങ്ങളെ പിന്നിലേക്ക് മാറ്റിയ നാല് താരങ്ങള്‍

ക്രിസ്റ്റ്യാനോ, മെസി, നെയ്മര്‍ എന്നിവര്‍ മങ്ങുകയും മടങ്ങുകയും ചെയ്തതോടെ ഇനി എന്ത് ലോക കപ്പ് എന്നായിരുന്നു പലരുടേയും ചോദ്യം. പക്ഷേ ഞങ്ങളെ നോക്കൂ എന്നായിരുന്നു റഷ്യയില്‍ നിന്നും ചില താരങ്ങള്‍ ലോകത്തോട് പറഞ്ഞത്. എംബാപ്പെയും, ഹാരി കെയ്‌നും, ലൊസാനോയും ഉള്‍പ്പെടുന്ന താരങ്ങള്‍. വന്‍ മരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ പുതു വഴി വെട്ടിയ താരങ്ങള്‍...

മെസിയെ നാട്ടിലേക്ക് മടങ്ങി ബാലന്‍ ദി ഓറിന്റെ ഭാവി അവകാശി താന്‍ തന്നെയെന്ന് എംബാപ്പെ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ലബ് ഫുട്‌ബോളിലെ മികവ് ഇംഗ്ലണ്ടിന് വേണ്ടിയും പുറത്തെടുത്ത് കെയ്‌നും സൂപ്പര്‍ താര നിരയിലേക്ക് തന്റെ പേരും എടുത്തു വയ്ക്കുന്നു...

അങ്ങിനെ റഷ്യയില്‍ ഗോളടിച്ചും, ഫുട്‌ബോളിന്റെ മനോഹാരിതയില്‍ കാല്‍ ചലിപ്പിച്ചും മുന്നേറിയ നാല് താരങ്ങളുണ്ട്...എംബാപ്പെ, കെയിന്‍, ഗൊലോവിന്‍, ഹിര്‍വിങ്...

എംബാപ്പെ 

അര്‍ജന്റീനയെ ലോക കപ്പില്‍ നിന്നും പുറത്താക്കിയ കളിയായിരിക്കും എംബാപ്പെയുടെ പേരില്‍ ആരാധകര്‍ എന്നുമോര്‍ക്കുക. തന്റെ തലമുറയിലെ ഏറ്റവും മികച്ചത് ആരെന്ന ചോദ്യത്തിന് സംശയത്തിന് ഇടനല്‍കാതെ ഉത്തരം നല്‍കുന്നുണ്ട് എംബാപ്പെ കളിക്കളത്തില്‍. 

പെലെയോട് താരതമ്യപ്പെടുത്തുകയാണ് ഫുട്‌ബോള്‍ ലോകം എംബാപ്പയെ ഇപ്പോള്‍. പെലെയ്ക്ക് ശേഷം ലോക കപ്പിലെ ഒരു മത്സരത്തില്‍ ഇരട്ട ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് പെലെയ്ക്ക് അടുത്തേക്ക് എംബാപ്പെയുടെ പേര് എത്തിച്ചത്. എംബാപ്പെയുടെ ആ ഇരട്ട ഗോള്‍ ഇല്ലായിരുന്നു എങ്കില്‍ അര്‍ജന്റീനയുടെ ലോക കപ്പ് പ്രതീക്ഷകള്‍ ഇപ്പോഴും നിലനിന്നെനേ എന്ന് വിശ്വസിക്കുന്നവരുമുണ്ട്...

അലക്‌സാന്ദര്‍ ഗൊലോവിന്‍

റഷ്യന്‍ ലോക കപ്പില്‍ റഷ്യ ഞെട്ടിച്ച ഞെട്ടല്‍ ചില്ലറയല്ല. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പുറത്തേക്ക് പോകേണ്ടി വന്നുവെങ്കിലും അലക്‌സാന്ദര്‍ ഗൊലോവിന്‍ എന്ന മധ്യനിരക്കാരന്റെ കളിയില്‍ ഫുട്‌ബോള്‍ ലോകം കണ്ണുവെച്ചു കഴിഞ്ഞു. 

ആന്ദ്രേ ആര്‍ഷാവിന്നിന് ശേഷം റഷ്യ കണ്ട ഏറ്റവും മികച്ച കളിക്കാരനെന്ന വിശേഷണമാണ് ഗൊലോവിന്‍ സ്വന്തമാക്കുന്നത്. സൗദിയെ 5-0ന് തകര്‍ത്ത് റഷ്യ തുടങ്ങിയപ്പോള്‍ റഷ്യന്‍ മധ്യമങ്ങളില്‍ നിറഞ്ഞത് ഗൊലോവിനായിരുന്നു. 

സീരി എ വമ്പന്‍ യുവന്റ്‌സിലേക്ക് ഗൊലേവിന്‍ ചേക്കേറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക കപ്പിലെ മികച്ച കളി ഗൊലോവിന്റെ മൂല്യം ഉയര്‍ത്തുമെന്ന് ഉറപ്പ്. 

ഹിര്‍വിങ് ലൊസാനോ(മെക്‌സിക്കോ)

35ാം മിനിറ്റില്‍ പിറന്ന ഗോള്‍. ജര്‍മനിയുടെ സാധ്യതകള്‍ പരുങ്ങലിലാക്കിയ ഗോള്‍. ചാമ്പ്യന്മാരെ തോല്‍പ്പിക്കാന്‍ മെക്‌സിക്കോയ്ക്ക വേണ്ടി ഗോള്‍ പിറന്ന ഹിര്‍വിങ് ലൊസാനോയില്‍ കൂടിയാണ് ഫുട്‌ബോള്‍ ലോകം ഇനി പ്രതീക്ഷ വയ്ക്കുന്നത്. 

പ്രതിരോധ നിരക്കാരെ വെട്ടിക്കാന്‍ വേഗതയേറിയ ട്രിക്കുകളുമായി ലൊസാനോ കളം നിറയും. ഫൂട്ട് വര്‍ക്കും പന്തുമായി വിങ്ങില്‍ നിന്നും പെനാല്‍റ്റി ഏരിയയിലേക്ക് കുതിക്കാനുള്ള ത്വരയുമായിരുന്നു മെക്‌സിക്കോയെ അവസാന പതിനാറിലേക്ക് എത്തിച്ചത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡും, ആഴ്‌സണലും ലൊസാനോയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നു എന്നത് തന്നെ ലൊസാനോയ്ക്ക മുന്‍പിലുള്ളത് ഇനി ഉയരങ്ങള്‍ തന്നെയെന്ന് വ്യക്തമാക്കുന്നു. 

ഹാരി കെയിന്‍

പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ടിനോട് ഹാരി കെയ്‌നിനുള്ള ഇഷ്ടം നമുക്കറിയാം. ഇപ്പോള്‍ ലോക കപ്പിലെ സുവര്‍ണ പാദുകത്തിനായി കൊമ്പുകോര്‍ക്കുകയാണ് ഇംഗ്ലണ്ട് നായകന്‍. 48 മത്സരങ്ങളില്‍ നിന്നു 41 തവണയാണ് ടോട്ടന്‍ഹാമിന് വേണ്ടി ഹാരി വല ചലിപ്പിച്ചത്. 

റഷ്യയിലേക്ക് എത്തുമ്പോഴും ആ ഫോം തന്നെ ഹാരി കൈമുതലാക്കുന്നു. നാല് മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളാണ് ഹാരിയുടെ സമ്പാദ്യം. 1990ന് ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ട് സെമിയിലേക്കെത്തുന്നത്. അതില്‍ ഹാരിയുടെ പങ്കിനെ കുറിച്ച് ആര്‍ക്കും സംശയമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com