കാണാം കരുത്തും വൈവിധ്യവും ഭാവനയും ആവോളം ചേര്‍ന്ന യൂറോപ്യന്‍ പോര് 

റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ഇനി രംഗത്തുള്ളത് നാല് ടീമുകള്‍. ടൂര്‍ണമെന്റിലുടനീളം വ്യക്തമായ കളി തന്ത്രങ്ങളുമായി കളം നിറഞ്ഞ നാല് യൂറോപ്യന്‍ രാജ്യങ്ങളാണ് കിരീട യാത്രയില്‍ ശേഷിക്കുന്നത്.
കാണാം കരുത്തും വൈവിധ്യവും ഭാവനയും ആവോളം ചേര്‍ന്ന യൂറോപ്യന്‍ പോര് 

ഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ഇനി രംഗത്തുള്ളത് നാല് ടീമുകള്‍. ടൂര്‍ണമെന്റിലുടനീളം വ്യക്തമായ കളി തന്ത്രങ്ങളുമായി കളം നിറഞ്ഞ നാല് യൂറോപ്യന്‍ രാജ്യങ്ങളാണ് കിരീട യാത്രയില്‍ ശേഷിക്കുന്നത്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം, ക്രൊയേഷ്യ ടീമുകള്‍ സെമിയില്‍ ഏറ്റുമുട്ടും. ചൊവ്വാഴ്ച അരങ്ങേറുന്ന ആദ്യ സെമിയില്‍ ഫ്രാന്‍സും ബെല്‍ജിയവും നേര്‍ക്കുനേര്‍ വരും. ബുധനാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ക്രൊയേഷ്യ- ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും. ബെല്‍ജിയം, ക്രൊയേഷ്യ ടീമുകള്‍ കന്നി കിരീടം ലക്ഷ്യമിടുമ്പോള്‍ ഫ്രാന്‍സും ഇംഗ്ലണ്ടും രണ്ടാം ലോക കിരീടത്തിലേക്കാണ് കണ്ണുംനട്ടിരിക്കുന്നത്. 

ഫ്രാന്‍സ്: ബഹുമുഖം

ലോകകപ്പിന് മുന്‍പ്  തന്നെ കിരീട സാധ്യതകളുള്ള ടീമുകളുടെ പട്ടികയില്‍ ഇടംപിടിച്ച് ആ ധാരണകളെ ഏറെക്കുറേ മൈതാനത്ത് നടപ്പാക്കിയ അവശേഷിക്കുന്ന ഏക ടീമാണ് ഫ്രാന്‍സ്. ആദ്യ മത്സരങ്ങളിലെ പ്രകടനം കണ്ട പലരും ടീമിന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഓരോ മത്സരം കഴിയും തോറും അവര്‍ നില മെച്ചപ്പെടുത്തി. മികച്ച സംഘമെന്ന് അവരെ ഒറ്റയടിക്ക്  തന്നെ വിലയിരുത്താം. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഫ്രാന്‍സ് മികച്ചു നില്‍ക്കുന്നു. കെയ്‌ലിയന്‍ എംബാപ്പെയുടെ വേഗവും എന്‍ഗാളോ കാണ്ടെ- പോള്‍ പോഗ്ബ സഖ്യം നിയന്ത്രിക്കുന്ന മധ്യനിരയും ടീമിന്റെ കരുത്താണ്. അന്റോയിന്‍ ഗ്രിസ്മാന്റെ കൃത്യതയും ഫ്രഞ്ച് മുന്നേറ്റത്തിന് നിര്‍ണായകമായി. ഒലിവര്‍ ജിറൂദ് ഫോമിലെത്താത്താണ് കോച്ച് ദിദിയര്‍ ദെഷാംപ്‌സിനെ കുഴക്കുന്നത്. 

ബെല്‍ജിയം: സംഘബലം

ലോകകപ്പിലെ കറുത്ത കുതിരകളാകും എന്ന വിശേഷണം തുടക്കം മുതല്‍  കാണിച്ചവരാണ് ബെല്‍ജിയം. സുവര്‍ണ സംഘമെന്നാണ് ടീം അറിയപ്പെടുന്നത്. തന്ത്രങ്ങളുടെ ആശാനായ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ നിര്‍ണായക തീരുമാനങ്ങള്‍ കളിയില്‍ വന്‍ ചലനങ്ങളാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍. കൗണ്ടറുകളിലെ വേഗതയാണ് ബെല്‍ജിയത്തിന്റെ വൈവിധ്യം. നാല് ഗോളുകള്‍ ഇതിനകം നേടിക്കഴിഞ്ഞ റൊമേലു ലുകാകുവിന്റെ വേഗവും ഗോളടിക്കാനും അടിപ്പിക്കാനുമുള്ള എതിര്‍ ടീമുകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ലുകാകുവിനൊപ്പം കെവിന്‍ ഡി ബ്രുയ്‌നും ക്യാപ്റ്റന്‍ ഈദന്‍ ഹസാദും ചേരുമ്പോള്‍ അവര്‍ക്ക് കരുത്ത് കൂടുന്നു. ചടുലമായ വേഗം കൊണ്ടും ഫിനിഷിങ് മികവ് കൊണ്ടും ഡി ബ്രുയ്ന്‍ ഫോമിലേക്കെത്തിക്കഴിഞ്ഞു. ഈ മാജിക്ക് ട്രിയോയുടെ മുന്നേറ്റത്തെ എതിര്‍ ടീം തടയുന്നതിനനുസരിച്ചാകും മത്സര ഫലം. 

ഇംഗ്ലണ്ട്: വൈവിധ്യം

എല്ലാ ലോകകപ്പിലുമെന്ന പോലെയുള്ള വരവ് എന്നേ ഇംഗ്ലണ്ടിന്റെ പ്രവേശത്തെ എല്ലാവരും കണക്കാക്കിയുള്ളു. യുവത്വത്തിന്റെ കരുത്തില്‍ ഗെരത് സൗത്ത്‌ഗേറ്റ് മൈതാനത്ത് ടീമിനെ കൊണ്ട് 28 വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതിച്ചു. 1990ന് ശേഷം ആദ്യമായി ഇംഗ്ലീഷ് സംഘം സെമിയിലെത്തിക്കഴിഞ്ഞു. ഗോളുകളടിച്ച് കൂട്ടി ഗോള്‍ഡന്‍ ബൂട്ടിലേക്ക് കുതിക്കുന്ന ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ശക്തമായ  സാന്നിധ്യമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ടീമിന്റെ വൈവിധ്യമാണ് അവരുടെ മുന്നേറ്റത്തിന്റെ കാതല്‍. എല്ലാ മേഖലയിലും യുവത്വവും ഭാവനയും സമാസമം ചേര്‍ന്ന താരങ്ങളുടെ സാന്നിധ്യം. ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിന്റെ ബാറിന് കീഴിലെ മിന്നും ഫോമും ഇംഗ്ലീഷ് മുന്നേറ്റത്തില്‍ ഇത്തവണ നിര്‍ണായകമായി. അവര്‍ രണ്ടാം കിരീടം സ്വപ്‌നം കണ്ട് തുടങ്ങിയിട്ടുണ്ട്. 


ക്രൊയേഷ്യ: മധ്യനിരയിലെ മാന്ത്രികത
ലോകത്തിലെ എണ്ണം പറഞ്ഞ രണ്ട് മധ്യനിര താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ക്രൊയേഷ്യയെ സെമിയിലേക്കെത്തിച്ചത്. ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും ചേര്‍ന്ന മധ്യനിര നിര്‍ണയിച്ച വിജയങ്ങളായിരുന്നു അവരെ മുന്നോട്ട് നയിച്ചത്. മോഡ്രിച്- റാക്കിറ്റിച് സഖ്യത്തിനൊപ്പം മുന്നേറ്റത്തില്‍ മരിയോ മാന്‍ഡ്‌സുകിച്ച്, ക്രമാറിച്ച് എന്നിവരുടെ ഗോളടി മികവും ടീമിന് കരുത്താണ്. പെരിസിചിന്റെ ഫോമില്‍ മാത്രമാണ് ക്രൊയേഷ്യക്ക് ആശങ്ക. വേണ്ട സമയത്ത് ഫോമിലേക്കെത്തിയ ഗോള്‍ കീപ്പര്‍ സുബാസിച്ചും ടീമിന്റെ മന്നേറ്റത്തില്‍ നിര്‍ണായകമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അരാജകത്വവും അരങ്ങുവാഴുന്ന ക്രൊയേഷ്യക്ക് കച്ചിത്തുരുമ്പാണ് ലോകകപ്പ്. അവര്‍  കിരീടം നേടുമെന്നുതന്നെ ആ നാട്ടുകാര്‍  പ്രതീക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com