ടീം പരാജയപ്പെട്ടപ്പോഴെല്ലാം അവന്റെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞുതുളുമ്പി; ആ കണ്ണുനീര്‍ തുള്ളികള്‍ ഇന്ന് സന്തോഷത്തിന് വഴിമാറി

ആറ് ഗോളുകളുമായി രാജ്യത്തെ മുന്നില്‍ നിന്ന് നയിച്ച് റഷ്യന്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍ പദവിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു
ടീം പരാജയപ്പെട്ടപ്പോഴെല്ലാം അവന്റെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞുതുളുമ്പി; ആ കണ്ണുനീര്‍ തുള്ളികള്‍ ഇന്ന് സന്തോഷത്തിന് വഴിമാറി

കുട്ടിക്കാലത്തെപ്പോഴും ഇംഗ്ലണ്ടിന്റെ തോല്‍വികള്‍ കുഞ്ഞു ഹാരിക്ക് താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു. ദേശീയ ടീമിന്റെ കളികളെല്ലാം വടക്കുകിഴക്കന്‍ ലണ്ടനിലുള്ള ചിങ്‌ഫോര്‍ഡിലെ സിര്‍ലോയിന്‍ പബിലിരുന്നു കുടുംബത്തോടൊപ്പമാണ് ഹാരി കാണാറുള്ളതും. മാതാപിതാക്കളും സഹോദരങ്ങളും ഒപ്പമുണ്ടാകും. മുഖത്ത് ഇംഗ്ലണ്ട് പതാക വരച്ച് ആവേശപ്പൂര്‍വം ആര്‍ത്തുവിളിക്കുന്ന ഹാരി രാജ്യം പരാജയപ്പെടുമ്പോള്‍ പൊട്ടിക്കരയുന്നു. 

ആ കരച്ചിലുകളുടെ അര്‍ഥം ഹാരി കെയ്ന്‍ ഇന്ന് സന്തോഷമാക്കി സ്വയം ആസ്വദിക്കുന്നു. ആറ് ഗോളുകളുമായി രാജ്യത്തെ മുന്നില്‍ നിന്ന് നയിച്ച് റഷ്യന്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍ പദവിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ടാം ലോക കിരീടം സ്വപ്‌നം കണ്ട് തുടങ്ങിയ ആരാധര്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഈ ടോട്ടനം ഹോട്‌സപര്‍ മുന്നേറ്റക്കാരനോട് തന്നെ. 

വെംബ്ലി സ്‌റ്റേഡിയത്തിലാണ് കെയ്ന്‍ രാജ്യത്തിനായി അരങ്ങേറിയത്. കളത്തിലിറങ്ങി ഒരു മിനുട്ടും 19 സെക്കന്‍ഡും പിന്നിട്ടപ്പോള്‍ ആദ്യ അന്താരാഷ്ട്ര ഗോളും വലയിലാക്കി താരം തന്റെ വരവറിയിച്ചു. പൂര്‍ണമായും കുടുംബത്തിന്റെ പിന്തുണയാണ് തന്റെ മുന്നേറ്റത്തിന്റെ കാതല്‍ എന്ന് ഹാരി വിശ്വസിക്കുന്നു. സമാറയില്‍ സ്വീഡനെതിരായ ക്വാര്‍ട്ടര്‍ മത്സരം വിജയിച്ച് 28 വര്‍ഷങ്ങള്‍ക്ക് ശേഷം സെമി ബര്‍ത്ത് ഉറപ്പിച്ച നേട്ടം കുടുംബത്തിനൊപ്പമാണ് ഹാരി ആഘോഷിച്ചത്. 

ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തെ അവിശ്വസനീയം എന്നാണ് ഹാരി കെയ്ന്‍ വിശേഷിപ്പിച്ചത്- ''പ്രൊഫഷണലായ ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഞാനെന്റെ കടമയാണ് നിര്‍വഹിക്കുന്നത്. ഇംഗ്ലണ്ടിന്റെ മുന്നേറ്റത്ത കൊച്ച് കുഞ്ഞുങ്ങള്‍ മുതലുള്ളവര്‍ വളരെ പ്രതീക്ഷയോടെ നോക്കുന്നതാണ് ടീമിന് പ്രചോദനം. ബാല്യത്തില്‍ ഇംഗ്ലണ്ടിനായി കളിക്കുമെന്നൊന്നും കരുതിയിരുന്നില്ല. ഇന്ന് ടീമിനെ നയിക്കാന്‍ അവസരം കിട്ടിയതില്‍ ഞാനും എന്റെ കുടുംബവും അങ്ങേയറ്റം അഭിമാനിക്കുന്നു. നല്ല ഫുട്‌ബോള്‍ കളിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ടീം കഠിനാധ്വാനം ചെയ്യുന്നു. ടീമിലെ എല്ലാവരും നന്നായി ആസ്വദിച്ചാണ് പോരാടുന്നത്. ആരാധകര്‍ക്ക് ആനന്ദം സമ്മാനിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്കും അഭിമാനം. ഒരു ഫുട്‌ബോള്‍ താരമെന്ന നിലയില്‍ ലോക കിരീടത്തിലേക്ക് രണ്ട് വിജയങ്ങള്‍ മാത്രമേ ഇനി ആവശ്യമുള്ളു. മഹത്തായ ഒരു ടീമാണിത് മഹാനായ ഒരു പരിശീലകനാണ് ഞങ്ങള്‍ക്കുള്ളത്. അതിനാല്‍ കിരീട നേട്ടവുമായി മടങ്ങുകയാണ് ലക്ഷ്യം. 1966ല്‍ കിരീടം നേടിയ ടീമംഗങ്ങളെ നേരില്‍ കാണാന്‍ കഴിഞ്ഞത് ടീമിന് വലിയ പ്രചോദനമായി. കഠിനമായ മത്സരമാണ് ഇനിയുള്ളത് എങ്കിലും ഞങ്ങള്‍ ആത്മവിശ്വാസത്തില്‍ തന്നെയാണ്''- ഹാരി കെയ്ന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com