ലോക കിരീടം ഫ്രാന്‍സിന്, ഇംഗ്ലണ്ടിനെ ക്രൊയേഷ്യ വീഴ്ത്തും; ബൂട്ടിയയുടെ പ്രവചനം

ലോക കിരീടം ഫ്രാന്‍സിന്, ഇംഗ്ലണ്ടിനെ ക്രൊയേഷ്യ വീഴ്ത്തും; ബൂട്ടിയയുടെ പ്രവചനം

ആക്രമണവും പ്രതിരോധവും ഒരുപോലെ  മികച്ചു നില്‍ക്കുന്ന ഫ്രാന്‍സ് തന്നെയായിരിക്കും റഷ്യയില്‍ കിരീടം ഉയര്‍ത്തുക

കൊച്ചി: റഷ്യയില്‍ ഫ്രാന്‍സ് ലോക കിരീടം ചൂടും. ലോക കപ്പ് പോര് സെമിയില്‍ എത്തി നില്‍ക്കുമ്പോള്‍ ഫ്രാന്‍സ് കിരീടത്തിലേക്ക് കുതിക്കുമെന്ന് പ്രവചിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം ബൈചുങ് ബൂട്ടിയ. 

ഫൈനലില്‍ ഫ്രാന്‍സും ക്രൊയേഷ്യയും കൊമ്പുകോര്‍ക്കും. ആക്രമണവും പ്രതിരോധവും ഒരുപോലെ  മികച്ചു നില്‍ക്കുന്ന ഫ്രാന്‍സ് തന്നെയായിരിക്കും റഷ്യയില്‍ കിരീടം ഉയര്‍ത്തുക എന്നാണ് തന്റെ കണക്കു കൂട്ടലെന്ന് ബൂട്ടിയ പറയുന്നു. 

എന്നാല്‍ ഫൈനല്‍ പോലെ തന്നെ കടുപ്പമേറിയതാണ് ഫ്രാന്‍സിന് സെമി ഫൈനലും. ബെല്‍ജിയം വലിയ വെല്ലുവിളിയാണ് ഫ്രാന്‍സിന് മേല്‍ ഉയര്‍ത്തുന്നത്. ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമിയില്‍ ആര് ജയിച്ചു കയറും എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും നേരിയ മുന്‍തൂക്കം ബൂട്ടിയ നല്‍കുന്നത് ക്രൊയേഷ്യയ്ക്കാണ്. 

കൊച്ചിയില്‍ വെക്ടര്‍ എക്‌സ് ബ്രാന്‍ഡിലുള്ള ഫിഫ അംഗീകൃത ഫുട്‌ബോള്‍ പ്രകാശനത്തിന് എത്തിയപ്പോഴായിരുന്നു ബൂട്ടിയ ലോക കപ്പിലെ തന്റെ കണക്കുകൂട്ടലുകള്‍ പങ്കുവെച്ചത്. 

ഈ ലോക കപ്പ് ആര് നേടണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനും മറുപടി നല്‍കാന്‍ ബൂട്ടിയയ്ക്ക് മടിയില്ല. അര്‍ജന്റീനയുടെ സപ്പോട്ടറായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരം. 

നിങ്ങളെ എല്ലാവരേയും പോലെ മറഡോണ ആരാധനയില്‍ നിന്നാണ് അര്‍ജന്റീനയെ ഞാന്‍ സ്‌നേഹിച്ചു തുടങ്ങിയത്. 1986ലെ ലോക കപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ വല ചലിപ്പിച്ചതാണ് എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ലോക കപ്പ് ഓര്‍മ. റഷ്യയില്‍ അര്‍ജന്റീന കപ്പുയര്‍ത്തണം എന്ന് ആഗ്രഹിച്ചത് മെസിയോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് കൂടിയാണ്. പക്ഷേ ടീം എന്ന നിലയില്‍ അവര്‍ക്ക് ഒത്തിണക്കം ഇല്ലാതെ പോയെന്നും ബൂട്ടിയ പറയുന്നു. 

ഈ ലോക കപ്പില്‍ എന്നെ ഏറ്റവും ഞെട്ടിച്ചത് ജര്‍മനിയാണ്. കാരണം, ഫ്രാന്‍സ് കഴിഞ്ഞാല്‍ ജര്‍മനിക്കും, സ്‌പെയ്‌നിനുമായിരുന്നു ഞാന്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. കറുത്ത കുതിരകളായി ബെല്‍ജിയം മുന്നേറുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. 

പവര്‍ ഫുട്‌ബോളിന്റെ ഈ കാലത്ത്, ലോക കപ്പില്‍ യൂറോപ്യന്‍ ടീമുകള്‍ മുന്നേറുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടുവാനില്ല. ലാറ്റിനമേരിക്കന്‍ ടീമുകളില്‍ ബ്രസീലിന്റേത് മികച്ചു നിന്ന സംഘം തന്നെയായിരുന്നു. 

മെസി, ക്രിസ്റ്റിയാനോ, നെയ്മര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ റഷ്യയില്‍ നിന്നും മടങ്ങിയതിന്റെ നിരാശ വേണ്ട. ഹാരി കെയ്‌നും, ലുക്കാക്കുവും, എംബാപ്പയും ഉള്‍പ്പെടുന്ന പുത്തന്‍ താരനിര ഇനിയും സര്‍പ്രൈസുകള്‍ റഷ്യയില്‍ ബാക്കിവെച്ചിട്ടുണ്ടാകാം എന്നും ബൂട്ടിയ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com