സ്വപ്‌നം കണ്ട ലോക കപ്പ് ഫൈനലും നഷ്ടമാകും; ഗുഹയ്ക്ക് പുറത്തെത്തിയിട്ടും അണുബാധ അവരെ ഒറ്റപ്പെടുത്തുന്നു

ലോക കപ്പ് ആവേശത്തിലേക്ക് ലോകം മുഴുകുമ്പോഴായിരുന്നു ഗുഹയ്ക്കുള്ളിലേക്ക് ലോകത്തിന് ചുരുങ്ങേണ്ടി വന്നത്
സ്വപ്‌നം കണ്ട ലോക കപ്പ് ഫൈനലും നഷ്ടമാകും; ഗുഹയ്ക്ക് പുറത്തെത്തിയിട്ടും അണുബാധ അവരെ ഒറ്റപ്പെടുത്തുന്നു

വെളിച്ചം അവരെ തൊടുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ലോകം. ഏത് നിമിഷവും തേടിയെത്തിയേക്കാവുന്ന ദുരന്ത വാര്‍ത്ത ഗുഹയ്ക്കുള്ളില്‍ അടഞ്ഞു കിടന്നപ്പോള്‍ ലോകം മുഴുവന്‍ പ്രാര്‍ഥനയില്‍ നിറഞ്ഞു. അവര്‍ക്കൊപ്പം ലോകം നിന്ന നാളുകളായിരുന്നു കടന്നു പോയത്...

പ്രകൃതി കുരുക്കിയ അവരില്‍ ഇനി വെളിച്ചത്തിലേക്ക് നീന്തി എത്താനുള്ളത് നാല് കുട്ടികളും കോച്ചും. കുട്ടികള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്തു കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നതിനായിരുന്നു ഈ ദിവസങ്ങളില്‍ ലോകത്തിന്റെ ശ്രദ്ധ. 

അവര്‍ പുറത്തെത്തണം എന്ന് അവരേക്കാള്‍ ആഗ്രഹിച്ചത് പുറം ലോകം. ലോക കപ്പ് ആവേശത്തിലേക്ക് ലോകം മുഴുകുമ്പോഴായിരുന്നു ഗുഹയ്ക്കുള്ളിലേക്ക് ലോകത്തിന് ചുരുങ്ങേണ്ടി വന്നത്. ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ പല കുട്ടി ഫുട്‌ബോളര്‍മാരും ധരിച്ചിരുന്നത് വിവിധ ഫുട്‌ബോള്‍ ടീമുകളുടെ ജേഴ്‌സി. 

ലോക കപ്പ് കാണാന്‍ കൊതിച്ചിരുന്ന് ഗുഹയ്ക്കുള്ളില്‍പ്പെട്ടു പോയതിന്റെ നിരാശ അവരില്‍ നിന്നും മായ്ക്കാന്‍ ഫിഫയുടെ അത്ഭുത സമ്മാനവും അവരെ തേടിയെത്തിയിരുന്നു. ലോക കപ്പ് ഫൈനല്‍ നേരില്‍ കാണാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയായിരുന്നു അത്. 

പുറത്തെത്തിയ അവരെ ഏറ്റവും ആവേശത്തിലാക്കിയതും ഫിഫയുടെ ഈ വാഗ്ദാനമായിരുന്നിരിക്കും. പക്ഷേ അവിടേയും കുട്ടികള്‍ക്ക് നിരാശരാകേണ്ടി വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറയുമ്പോഴും ഐസൊലേഷന്‍ വാര്‍ഡിലാണ് അവരിപ്പോഴും. 

ഗുഹയ്ക്കുള്ളിലെ ഇരുട്ടില്‍ നിന്നും പുറത്തെത്തിയപ്പോള്‍ അണുബാധയാണ് അവര്‍ക്ക മുന്നില്‍ വില്ലനാകുന്നത്. മാതാപിതാക്കളെ അടുത്ത് കാണാന്‍ പോലും അവര്‍ക്ക് സാധിച്ചിട്ടില്ല. ഗ്ലാസ് വിന്‍ഡോവിന്റെ മറവിലൂടെയാണ് കുട്ടികളെ മാതാപിതാക്കളെ കാണിച്ചത്.

ഏഴ് ദിവസം കൂടി കുട്ടികളെ നിരീക്ഷിക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്ഷപെട്ട് എത്തിയതില്‍ ഒരു കുട്ടിയുടെ ഹൃദയമിടിപ്പില്‍ പ്രശ്‌നം കണ്ടെത്തിയപ്പോള്‍ മറ്റൊരു കുട്ടിയെ വലയ്ക്കുന്നത് ശ്വാസകോശത്തിലെ വീക്കമാണ്. 

ഗുഹയ്ക്കുള്ളില്‍ നിന്നും കുട്ടികള്‍ക്ക ആര്‍ക്കെങ്കിലിനും അണുബാധ ഏറ്റിട്ടുണ്ടോ എന്നാണ് സംശയം. കുട്ടികളുടെ പ്രതിരോധശേഷി കുറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. കുട്ടികളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ബാംങ്കോക്കിലെ ലാബില്‍ പരിശോധനക്കയച്ചിരിക്കുകയാണ്. 

പരിശോധനകളെല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ജൂലൈ 15 പിന്നിടും. ലോക കിരീടത്തിന്റെ പുതിയ ആവകാശികള്‍ ആരെന്ന് അവര്‍ക്ക് നേരിട്ട് കണ്ടറിയാന്‍ സാധിക്കില്ലെന്ന് വ്യക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com