ഇംഗ്ലണ്ട് ഒഴികെ ആരും ജയിച്ചോട്ടെ, ബ്രിട്ടിഷുകാര്‍ പറയുന്നു

ഒളിംപിക്‌സിനായി  പറക്കുന്ന ബ്രിട്ടന്‍ ടീമില്‍ അവര്‍ക്ക് പ്രശ്‌നമില്ല. പൂര്‍ണ പിന്തുണയുണ്ടാകും. പക്ഷേ ഫുട്‌ബോളിലേക്കും റഗ്ബിയിലേക്കും എത്തുമ്പോള്‍ കാര്യങ്ങള്‍ മാറും
ഇംഗ്ലണ്ട് ഒഴികെ ആരും ജയിച്ചോട്ടെ, ബ്രിട്ടിഷുകാര്‍ പറയുന്നു

റഷ്യയില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റമായിരിക്കാം. അസ്തമിച്ചു നിന്നിരുന്ന ഒരു ടീമിന്റെ ഉയിര്‍പ്പ്. പക്ഷേ സ്‌കോട്ട്‌ലാന്‍ഡിലേയും വേല്‍സിലേയും ഉത്തര അയര്‍ലാന്‍ഡിലേയുമെല്ലാം ആരാധകര്‍ക്ക് ആ മുന്നേറ്റം ചങ്കിടിപ്പ് കൂട്ടുന്നതാണ്. ആര് വേണമെങ്കിലും ജയിച്ചോട്ടെ, പക്ഷേ അത് ഇംഗ്ലണ്ട് ആവരുത്. അസ്വസ്ഥതകള്‍ നിറയുന്ന യുനൈറ്റഡ് കിങ്ഡത്തില്‍ ജീവിക്കുന്ന അവര്‍ പറയുന്നത് അങ്ങിനെയാണ്...

നിലപാടുകള്‍ പിന്നിലേക്ക് മാറ്റി നിര്‍ത്തി, ഹാരി കെയ്‌നിന്റേയും സംഘത്തിന്റേയും കുതിപ്പിന് ആരവം തീര്‍ക്കാന്‍ അവര്‍ തയ്യാറല്ല. ഒളിംപിക്‌സിനായി  പറക്കുന്ന ബ്രിട്ടന്‍ ടീമില്‍ അവര്‍ക്ക് പ്രശ്‌നമില്ല. പൂര്‍ണ പിന്തുണയുണ്ടാകും. പക്ഷേ ഫുട്‌ബോളിലേക്കും റഗ്ബിയിലേക്കും എത്തുമ്പോള്‍ കാര്യങ്ങള്‍ മാറും. അവിടെ അവര്‍ പരമ്പരാഗത വൈരികളാവും. 

യുനൈറ്റഡ് കിങ്ഡത്തിലെ വല്യേട്ടനാണ് ഇംഗ്ലണ്ട്. കായികത്തിലേക്ക് വരുമ്പോഴും ചെറിയ അയല്‍രാജ്യങ്ങളെ തള്ളി ആ ആധിപത്യം തുടരും. അവിടെയാണ് പ്രശ്‌നം. വിംബിള്‍ഡണ്‍ മുന്‍ ചാമ്പ്യനായിരുന്ന സ്‌കോട്ടിഷ് താരം ആന്‍ഡി മുറെയുടെ വാക്കുകള്‍ തന്നെ അവരുടെ വികാരം വ്യക്തമാക്കുന്നു, ആര് വേണമെങ്കിലും ജയിച്ചോട്ടെ, പക്ഷേ ഇംഗ്ലണ്ട് വേണ്ട. 2006ലെ ലോക കപ്പ് സമയത്തായിരുന്നു അത്. 

സ്‌കോട്ട്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ റഷ്യയിലെ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളെ കുറിച്ചു പറയുന്നതും വ്യക്തമാക്കുന്നു, ആ പോക്ക് ഞങ്ങള്‍ക്ക് തീരെ രസിച്ചിട്ടില്ലെന്ന്. ലോക കപ്പിന്റെ മാതൃക കയ്യില്‍ പിടിച്ച ഫോട്ടോ ട്വീറ്റ് ചെയ്ത് ഫസ്റ്റ് മിനിസ്റ്ററായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്, ഇത് വീടെത്തി കഴിഞ്ഞു(നമുക്ക് സ്വപ്‌നം എങ്കിലും കാണാം). ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് സ്വീഡനെ തോല്‍പ്പിച്ചതിന് ശേഷമായിരുന്നു അത്. 

ബ്രിട്ടീഷ് പാര്‍ലമെന്റിലെ എസ്എന്‍പി നേതാവിന്റെ പിന്തുണ പുറത്തായ പെറുവിനാണ്. അടുത്തിടെ നടന്ന സൗഹൃദ മത്സരത്തിലെ അവരുടെ ആഥിത്യ മര്യാദയെ തുടര്‍ന്നാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ വാദം. 

കൊളംബിയയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ പോരാട്ടം കാണുന്നതിന് വേണ്ടി വെസ്റ്റ്മിനിസ്റ്റര്‍ പാര്‍ലമെന്റിലെ ഇംഗ്ലീഷ് അംഗങ്ങള്‍ സമയം കളഞ്ഞതിനെതിരെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 

1966 ഇംഗ്ലണ്ടിന്റെ ലോക കപ്പ് ജയം ഓര്‍മയില്‍ നിന്നും പണ്ടേ മായ്ച്ചു കളഞ്ഞതാണ് സ്‌കോട്ടിഷുകാര്‍. സെമിയില്‍ ക്രൊയേഷ്യയെ പിന്തുണയ്ക്കും എന്നതില്‍ ഒരു സംശയവും  വേണ്ട എന്നാണ് സ്‌കോട്ടിഷ് ദിനപത്രമായ ദി നാഷണലിലെ കോളമിസ്റ്റായ കരോലിന്‍ ലെക്കി എഴുതുന്നത്. 

വേല്‍സിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിന്റെ എതിരാളികളായി വരുന്നവരുടെ എല്ലാം പതാകകളും എഴുത്തുകളും അവിടെ നിറയും. ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയപ്പോള്‍, നമ്മളെല്ലാവരും ഇപ്പോള്‍ ഇംഗ്ലീഷ് അല്ലേ എന്ന് പറഞ്ഞായിരുന്നു ബിബിസിയുടെ ട്വീറ്റ്. 

പക്ഷേ ബിബിസിക്കത് ഡിലീറ്റ് ചെയ്യേണ്ടി വന്നു. ഞങ്ങളിപ്പോഴും വെല്‍ഷ് ആണ്,  നിങ്ങളോ എന്നായിരുന്നു ബിബിസിക്ക് വെല്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com