ഇംഗ്ലണ്ടോ ക്രൊയേഷ്യയോ? ഫൈനലിലെ ഫ്രാന്‍സിന്റെ എതിരാളിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം  

ഫൈനല്‍ പോരാട്ടത്തിന് ഫ്രാന്‍സിനെ നേരിടാന്‍ ഇവരില്‍ ആര് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
ഇംഗ്ലണ്ടോ ക്രൊയേഷ്യയോ? ഫൈനലിലെ ഫ്രാന്‍സിന്റെ എതിരാളിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം  

21-ാം ലോകകപ്പ് ഫുട്‌ബോളില്‍ രണ്ടാം സെമി പോരാട്ടത്തിന് പന്തുരുളാന്‍ നിമിഷങ്ങള്‍മാത്രം. യുവനിരയുടെ കരുത്തില്‍ 52വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് എന്ന മോഹവുമായി ഇംഗ്ലീഷ് പടയും കന്നി ലോകകപ്പ് കിരീടം സ്വപ്‌നമിട്ട് ക്രൊയേഷയും മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനാതീതം തന്നെ. തുടക്കത്തില്‍ കിരീട സാധ്യത കല്‍പിച്ചിരുന്നവരില്‍ ഇരു ടീമുകളുടെയും പേരുകള്‍ ശക്തമായിരുന്നില്ലെങ്കിലും ഫുട്‌ബോള്‍ ലോകത്തെ പഴങ്കഥകളെ അട്ടിമറിച്ച് ഇരുവരും ശക്തി തെളിയിച്ചുകഴിഞ്ഞു. 

പാനമ, ടുണീഷ്യ, ബെല്‍ജിയം എന്നിവരുള്‍പ്പെട്ട താരതമ്യേന എളുപ്പമായിരുന്ന ഗ്രൂപ്പ് ഘട്ടം ഇംഗ്ലണ്ട് നിഷ്രപ്രയാസം മറികടന്നെങ്കിലും പിന്നീടുള്ള യാത്ര അത്ര സുഗമമായിരുന്നില്ല. ഹാരീ കെയിന്റെ ചിറകിനുകീഴില്‍ ഓരോ കളിയിലും മെച്ചപ്പെട്ട ഇംഗ്ലീഷ് ടീം ഗ്രൂപ് ഘട്ടത്തില്‍ ബല്‍ജിയത്തോട് പരാജയപ്പെട്ടെങ്കിലും രണ്ട് കളികളില്‍ ജയിച്ചുകയറി. കൊളംബിയയെ നോക്കൗട്ടിലും സ്വീഡനെ ക്വാര്‍ട്ടറിലും കീഴടക്കിയ ഇംഗ്ലണ്ട് സെമിയില്‍ സ്ഥാനമുറപ്പിച്ചു. 

ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ ശക്തമായ മധ്യനിരയുടെ പിന്‍ബലത്തില്‍ അണിനിരക്കുന്ന ക്രൊയേഷ്യ ഇക്കുറി ലോകകപ്പില്‍ കന്നികിരീടത്തില്‍ കുറഞ്ഞൊന്നും സ്വപ്‌നം കാണുന്നില്ല. നായകന്‍ ലൂക്ക മോഡ്രിച്ച്, ഇവാന്‍ റാക്കിട്ടിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച് എന്നിവരുള്‍പ്പെട്ട മധ്യനിര ഈ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച മധ്യനിര പോരാളികളാണ്. അര്‍ജന്റീന ഉള്‍പ്പെട്ട ഗ്രൂപ്പ് തലത്തില്‍ ചാമ്പ്യന്‍ പട്ടം നേടിയാണ് ക്രൊയേഷ്യ വരവറിയിച്ചത്. അര്‍ജന്റീനയെയും നെജീരിയയെയും ഐസ്ലന്‍ഡിനെയും നിലംപരിശാക്കി കുതിച്ച ക്രൊയേഷ്യ നോക്കൗട്ടില്‍ ഡെന്‍മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ റഷ്യയെയും കീഴടക്കി സെമിയിലേക്ക് ഉറച്ച ചുവടുകളോടെ നടന്നുകയറി. 

ഫൈനല്‍ പോരാട്ടത്തിന് ഫ്രാന്‍സിനെ നേരിടാന്‍ ഇവരില്‍ ആര് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വര്‍ഷങ്ങളുടെ ഫുട്‌ബോള്‍ പാരമ്പര്യം പേറുമ്പോഴും ഒരിക്കല്‍ മാത്രം ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ച ഇംഗ്ലണ്ടാണോ കന്നികിരീടമോഹവുമായി എത്തുന്ന ക്രൊയേഷ്യയാണോ ഫൈനല്‍ പോരാട്ടത്തിന് കളത്തിലിറങ്ങുകയെന്ന് കാത്തിരുന്ന് കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com