റെക്കോര്‍ഡ് നേട്ടത്തോടെ ഫൈനല്‍; ചരിത്രമെഴുതാന്‍ ഒരൊറ്റ വിജയം

റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ക്രൊയേഷ്യ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് കുതിച്ചെത്തിയത്
റെക്കോര്‍ഡ് നേട്ടത്തോടെ ഫൈനല്‍; ചരിത്രമെഴുതാന്‍ ഒരൊറ്റ വിജയം

റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ക്രൊയേഷ്യ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് കുതിച്ചെത്തിയത്. തുടക്കത്തില്‍ തന്നെ ഒരു ഗോളിന് പിന്നിലായിപ്പോയിട്ടും രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് അവര്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സുമായുള്ള ഫൈനല്‍ പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ചത്. ലോകകപ്പിന്റെ ഫൈനലിലെത്തിയ റാങ്കിങില്‍ പിന്നില്‍ നില്‍ക്കുന്ന ആദ്യ രാജ്യമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ക്രൊയേഷ്യന്‍ കുതിപ്പ്. 

68 വര്‍ഷത്തിന് ശേഷമാണ് ലോകകപ്പ് ഫൈനലിലേക്ക് ഒരു കുഞ്ഞന്‍ രാജ്യം എത്തുന്നത്. 1950ല്‍ യുറഗ്വെയാണ് ആദ്യമായി ഫൈനലിലെത്തിയ ചെറിയ രാജ്യം. അതിന് ശേഷം ഇപ്പോള്‍ ക്രൊയേഷ്യയാണ് നേട്ടം സ്വന്തമാക്കിയത്. രണ്ട് പതിറ്റാണ്ട് മുന്‍പ് യൂഗോസ്ലാവിയയില്‍ നിന്ന് വേര്‍പ്പെട്ട ക്രൊയേഷ്യയില്‍ കേവലം നാല്‍പ്പത് ലക്ഷമാണ് ജനസംഖ്യ. 1998ലെ ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയതാണ് ഇതിന് മുന്‍പുള്ള ഏറ്റവും മികച്ച നേട്ടം.
പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍കിനെതിരേയും ക്വാര്‍ട്ടറില്‍ റഷ്യക്കെതിരേയും സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ക്രൊയേഷ്യ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഗംഭീരമായി പൊരുതിക്കയറി തിരിച്ചടിക്കുകയായിരുന്നു. ഇതോടെ അവര്‍ മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി. ഒരു ലോകകപ്പിന്റെ നോക്കൗട്ടിലെ എല്ലാ മത്സരങ്ങളും ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം വിജയിക്കുന്ന ആദ്യ ടീമെന്ന പെരുമാണ് ക്രൊയേഷ്യ നേടിയത്. 

മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരുമായ അര്‍ജന്റീന, നൈജീരിയ, ഐസ്‌ലന്‍ഡ് ടീമുകളെയാണ് ക്രൊയേഷ്യ ഗ്രൂപ്പ് സ്‌റ്റേജില്‍ പരാജയപ്പെടുത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ പെനാല്‍റ്റ് ഷൂട്ടൗട്ടിലേക്ക് നീണ്ട പോരില്‍ ഡെന്‍മാര്‍കിനെ 3-2നും ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് അതിജീവിച്ച് റഷ്യയെ 4-3നും കീഴടക്കിയാണ് അവര്‍ സെമിയിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലും അധിക സമയത്തേക്ക് നീണ്ടെങ്കിലും മരിയോ മാന്‍ഡ്‌സുകിചിന്റെ ഗോള്‍ വീണ്ടുമൊരു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിന്ന് ടീമിനെ രക്ഷിച്ചു. 

സ്വതന്ത്ര രാഷ്ട്രമായി രൂപം കൊണ്ട ശേഷം അവര്‍ കളിക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു 1998ലെ ലോകകപ്പ്. അന്ന് ഡേവര്‍ സുകേറെന്ന ഇതിഹാസ താരത്തിന്റെ ഗോളടി മികവില്‍ ടീം സെമി ഫൈനലിലേക്ക് കടന്നു. പിന്നീട് നടന്ന നാല് ലോകകപ്പുകളില്‍ അവര്‍ക്ക് കാര്യമായ നേട്ടങ്ങളില്ല. ഇത്തവണ പക്ഷേ ലൂക്ക മോഡ്രിചും ഇവാന്‍ റാക്കിറ്റിചും കൊവാസിചും പെരിസിചും ക്രമാറിചും മാന്‍ഡ്‌സൂകിചും സുബാസിചും കൃത്യ സമയത്ത് മികവിലേക്കുയര്‍ന്ന് ടീമിനെ ഫൈനല്‍ വരെയെത്തിച്ചു. ഇനി ഒരൊറ്റ വിജയം മതി അവര്‍ക്ക് സ്വന്തം രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും വലിയൊരു നേട്ടത്തിലേക്ക് നയിക്കാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com