എംബാപ്പെ, സെല്‍ഫ് ഗോളെന്ന ശാപം, ക്രൊയേഷ്യയുടെ 360 മിനിറ്റ്; റഷ്യയില്‍ മാറി മറിഞ്ഞ കളി

വമ്പന്മാരെ കുഴക്കി ചെറുമീനുകള്‍ തീര്‍ത്ത വസന്തവുമുണ്ട് റഷ്യന്‍ ലോക കപ്പിനെ ഓര്‍മയില്‍ നിലനിര്‍ത്താന്‍
എംബാപ്പെ, സെല്‍ഫ് ഗോളെന്ന ശാപം, ക്രൊയേഷ്യയുടെ 360 മിനിറ്റ്; റഷ്യയില്‍ മാറി മറിഞ്ഞ കളി

ലോക കപ്പ് ആവേശം പടിയിറങ്ങുമ്പോള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു ചില താരങ്ങള്‍. വമ്പന്മാരെ കുഴക്കി ചെറുമീനുകള്‍ തീര്‍ത്ത വസന്തവുമുണ്ട് റഷ്യന്‍ ലോക കപ്പിനെ ഓര്‍മയില്‍ നിലനിര്‍ത്താന്‍. 

തന്റെ ബൂട്ടിലേക്കാണ് ഫുട്‌ബോള്‍ ലോകം ഇനി ചുരുങ്ങാന്‍ പോകുന്നതെന്ന സൂചന നല്‍കിയ എംബാപ്പെ, സെല്‍ഫ് ഗോളുകളിലൂടെ നിരാശയുടെ പടുകുഴിയിലേക്ക് വീണ താരങ്ങള്‍. ചുരുക്കം മാത്രം ഉയര്‍ന്ന് പൊങ്ങിയ ചുവപ്പു കാര്‍ഡുകള്‍...റഷ്യയില്‍ പിറന്ന നേട്ടങ്ങളുടേയും, മറികടന്ന റെക്കോര്‍ഡുകളും ഇവയാണ്..

ഗോള്‍ വല കുലുങ്ങിക്കൊണ്ടേയിരുന്നു

64 മത്സരങ്ങളില്‍ ഗോള്‍ പിറക്കാതെ പോയത് ഒരു കളിയില്‍ മാത്രം. ഫ്രാന്‍സും-ഡെന്‍മാര്‍ക്കും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോഴായിരുന്നു ഗോള്‍ പിറക്കാതെ പോയത്. ഗ്രൂപ്പ് ഘട്ടത്തിലെ 35 മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും പിറക്കാത്ത ഒരു മത്സരവും ഇല്ല. 64 വര്‍ഷമായി തുടരുന്ന വഴക്കം തെറ്റിക്കുക കൂടിയായിരുന്നു റഷ്യന്‍ ലോക കപ്പ്. 

ക്രൊയോഷ്യക്കെതിരെ ഫ്രാന്‍സ് 4-2ന് ജയം പിടിച്ചപ്പോള്‍ റഷ്യയില്‍ ഗോള്‍ വല കുലുങ്ങിയത് 169 തവണ. 2014ലും 1998ലും പിറന്ന 171 ഗോളുകള്‍ എന്ന റെക്കോര്‍ഡില്‍ നിന്നും രണ്ട് ഗോളുകള്‍ക്ക് മാത്രം പിന്നില്‍. ഓരോ മത്സരത്തിലും 2.64 ഗോള്‍ ശരാശരിയിലാണ് റഷ്യന്‍ ലോക കപ്പ് അവസാനിക്കുന്നത്. ഇതാകട്ടെ ബ്രസീല്‍ ലോക കപ്പിന് തൊട്ടുപിന്നില്‍. 

സെല്‍ഫ് ഗോളെന്ന ശാപവും നിറഞ്ഞു

റഷ്യയില്‍ വല ഒരുപാട് വട്ടം കുലുങ്ങിയപ്പോള്‍ ആ കൂട്ടത്തില്‍ സെല്‍ഫ് ഗോളുകളും നിറഞ്ഞു നിന്നു. പ്രതിധ്വനിച്ചെത്തുന്ന ഷോട്ടുകളില്‍ ഫിഫ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് സെല്‍ഫ് ഗോളുകളുടെ ലിസ്റ്റിന് നീട്ടം കൂടിയത്. 

വാര്‍ റഷ്യയിലേക്ക് എത്തിയതോടെ പെനാല്‍റ്റികളുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനവുണ്ടായി. 29 തവണയാണ് റഷ്യയില്‍ റഫറി പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റിയില്‍ 2002ലെ റെക്കോര്‍ഡില്‍ നിന്നു 11 എണ്ണം കൂടുതല്‍. 22 തവണയും ഗോള്‍ കീപ്പര്‍ക്ക് പിഴച്ചു. 

ആറ് വട്ടം വല കുലുക്കി കെയ്ന്‍ ലോക കപ്പിലും ആധിപത്യം നേടിയപ്പോള്‍ പെനാല്‍റ്റിയില്‍ നിന്നും കോര്‍ണര്‍ കിക്കുകള്‍ക്ക് പിന്നാലേയുമായിരുന്നു കെയ്ന്‍ ഗോള്‍ വല കുലുക്കിയത്. 

എംബാപ്പെയും എല്‍ ഹാര്‍ഡെയും

എംബാപ്പെയെക്കാള്‍ റഷ്യയില്‍ മറ്റൊരു യുവതാരവും ഉയര്‍ന്നു പൊങ്ങിയില്ല. പെലെയ്ക്ക് ശേഷം പ്രായം കുറഞ്ഞ താരം ലോക കപ്പിലെ ഒരു മത്സരത്തില്‍ രണ്ട് വട്ടം വല കുലുക്കുന്നു എന്ന നേട്ടം, ലോക കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരം. ഇനി തന്റെ യുഗമാണെന്ന് പറയുകയായിരുന്നു എംബാപ്പെ. 

പ്രായം കൂടിയ താരങ്ങളും റഷ്യയില്‍ ചില റെക്കോര്‍ഡുകളിടുന്നു. ഈജിപ്തിന്റെ വല കാക്കാന്‍ എത്തിയ ഇസാം എല്‍ ഹദാരി ലോക കപ്പിലേ പ്ലേയിങ് ഇലവനില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 45 വയസായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. 

ക്രൊയേഷ്യ കളിച്ചിടത്തോളം ആരും കളിച്ചിട്ടില്ല

മൂന്ന് ലോക കപ്പ് മത്സരങ്ങള്‍ അധിക സമയത്തേക്ക് നീണ്ടു. ആ മൂന്നിലും അവര്‍ ജയം പിടിച്ചു. ക്രൊയേഷ്യ കരുത്തില്‍ നിറഞ്ഞ ലോക കപ്പായിരുന്നു 2018ലേത്. ഫൈനലില്‍ എത്തുന്നത് വരെ 360 മിനിറ്റായിരുന്നു ക്രൊയേഷ്യ കളിക്കളത്തില്‍ പോരടിച്ചു കൊണ്ടിരുന്നത്. 

വാറിനെ പേടിച്ചിരുന്നു

വാര്‍ തലയ്ക്ക് മുകളിലുള്ളത് കൊണ്ടാകണം, കളിക്കാര്‍ നിയമങ്ങള്‍ ലംഘിക്കുന്നതില്‍ റഷ്യയില്‍ വലിയ ശ്രദ്ധ കൊടുത്തില്ല. ചുവപ്പു കാര്‍ഡുകള്‍ റഫറിയുടെ കൈകളിലൂടെ പുറത്തേക്ക് വന്നത് ചുരുക്കം മാത്രം. 

പക്ഷേ റഫറിക്ക് നേരെ തിരിഞ്ഞും, ഫൗളിന് വേണ്ടി പെരുപ്പിച്ച് കാണിച്ചും താരങ്ങള്‍ റഷ്യയില്‍ കളം നിറഞ്ഞിരുന്നു എന്നതില്‍ സംശയമൊന്നും വേണ്ട. അക്കൂട്ടത്തില്‍ മുന്നില്‍ നിന്നത് നെയ്മറാണെന്ന് പറയാന്‍ ആര്‍ക്കും സംശയമുണ്ടാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com