മാരക്കാനയിലും കണ്ടു പത്താം നമ്പറുകാരനെ, തലകുനിച്ച് ലുഷ്‌നികിയിലുംനിന്നു മറ്റൊരു പത്താം നമ്പര്‍

മഴ നിറഞ്ഞ  വൈകുന്നേരം ഒരു മെലഡി കേള്‍ക്കുന്ന സുഖമാണ് മോഡ്രിച്ചിന്റെ കളിക്കളത്തിലെ നീക്കങ്ങള്‍ക്ക്
മാരക്കാനയിലും കണ്ടു പത്താം നമ്പറുകാരനെ, തലകുനിച്ച് ലുഷ്‌നികിയിലുംനിന്നു മറ്റൊരു പത്താം നമ്പര്‍

മാരക്കാനയില്‍ തലകുനിച്ച് നിന്ന പത്താം നമ്പറുകാരനെ റഷ്യയിലെ ലുഷ്‌കിനിയിലും കണ്ടു. ഗോള്‍ഡണ്‍ ബോള്‍ ഏറ്റുവാങ്ങി അന്ന് നിരാശയിലും സങ്കടത്തിലും  തല കുനിച്ച് നിന്നത് മെസി ആയിരുന്നു എങ്കില്‍ ലുഷ്‌നികിയിലേക്ക് എത്തിയപ്പോള്‍ അത് ലൂക്കാ മോഡ്രിച്ചായി. ഫുട്‌ബോള്‍ ലോകത്തിന് മറക്കാന്‍ സാധിക്കാത്ത രണ്ട് പത്താം നമ്പറുകള്‍...

പ്രീക്വാര്‍ട്ടറില്‍ തുടങ്ങി മൂന്ന് മത്സരങ്ങളും അധിക സമയം പിന്നിട്ടിട്ടും പൊരുതി പൊരുതി നിന്ന ക്രൊയേഷ്യയായിരുന്നു റഷ്യയില്‍ നിന്നും ലോകത്തെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ചത്. പക്ഷേ ക്രൊയേഷ്യയുടെ ഈ തേരോട്ടത്തില്‍ ഏറ്റവും കൂടുതല്‍ കളിക്കളത്തില്‍ കയ്യേറ്റം ചെയ്യപ്പെട്ടത് മോഡ്രിച്ചിനെയായിരുന്നു. 

ക്വാര്‍ട്ടറില്‍ റഷ്യന്‍ ടീം ഇടംകാല്‍ വെച്ച് ബോള്‍ മോഡ്രിച്ചിന്റെ കാലുകളില്‍ നിന്നും തട്ടിയകറ്റി കൊണ്ടേയിരുന്നു. പിന്നില്‍ നിന്നും സ്ലൈഡ് ചെയ്ത് എത്തി റഷ്യയുടെ അര്‍തെം ഡിസ്യൂബയുടെ ടാക്കിളും, ജേഴ്‌സിയില്‍ പിടിച്ചു വലിച്ചിട്ട് ഡെനിസും മോഡ്രിച്ചിനെ പിടിച്ചു കെട്ടാന്‍ ശ്രമിച്ചു. ഏറ്റവും കൂടുതല്‍ ഫൗളുകള്‍ മോഡ്രിച്ചിന് നേരെയായിരുന്നു. 

മോഡ്രിച്ചിനെ പിടിച്ചു കെട്ടാനുള്ള അവരുടെ ശ്രമങ്ങള്‍ ഫലം കണ്ടതോടെ ആദ്യ പകുതി 31 മിനിറ്റ് പിന്നിടുമ്പോള്‍ സെമി ഫൈനലിലേക്ക് റഷ്യ കുതിക്കുകയാണെന്ന് തോന്നി. പക്ഷേ അതിലും വലിയ കടമ്പകളെ അതിജീവിച്ച് എത്തിയവനായിരുന്നു മോഡ്രിച്ച്. ടാക്കിളുകളില്‍ നിന്ന രക്ഷപ്പെട്ടും, പാസിങ്ങിലൂടേയും ഡ്രിബ്ലിങ്ങിലൂടെയും മോഡ്രിക് താളം കണ്ടെത്തിക്കൊണ്ടിരുന്നു. ആ താളം ടീമിലേക്കും എത്തിച്ചു..

റഷ്യക്കെതിരെ ക്രൊയേഷ്യ ജയിച്ചു കയറിയതിന് ശേഷം ജോര്‍ജ് വല്‍ദാനോ ഗാര്‍ഡിയനില്‍ മോഡ്രിച്ചിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു, ഇങ്ങനെയാണ് ഫുട്‌ബോള്‍ കളിക്കേണ്ടത്, ഇങ്ങനെയാണ് ഫുട്‌ബോളിനെ അനുഭവിക്കേണ്ടത്. 

മഴ നിറഞ്ഞ  വൈകുന്നേരം ഒരു മെലഡി കേള്‍ക്കുന്ന സുഖമാണ് മോഡ്രിച്ചിന്റെ കളിക്കളത്തിലെ നീക്കങ്ങള്‍ക്ക്. ഇനിയെസ്റ്റയെ പോലെ ഫുട്‌ബോളിലെ ലളിതമാക്കുന്ന നീക്കങ്ങള്‍. മെസിയുടേയും ക്രിസ്റ്റിയാനോയുടേയും പേരില്‍ ചുറ്റിക്കറങ്ങുന്ന ഫുട്‌ബോള്‍ ലോകത്തെ മോചിപ്പിക്കുക കൂടിയാണ് മോഡ്രിച്ച്.

തുടര്‍ച്ചയായ മൂന്നാം വട്ടം റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയപ്പോള്‍ മോഡ്രിച്ചായിരുന്നു അതിന് ഇന്ധനം നിറച്ചത്. പക്ഷേ 2012ല്‍ റയല്‍ മോഡ്രിച്ചിനെ ടീമിലെത്തിക്കുമ്പോള്‍ ആരാധകര്‍ അദ്ദേഹത്തെ തള്ളി. ഏറ്റവും മോശം ലാലീഗ ട്രാന്‍സ്ഫര്‍ എന്നായിരുന്നു അതിന് ആരാധകര്‍ വോട്ട് ചെയ്തത്. പക്ഷേ അവരെല്ലാം തെറ്റാണെന്ന് തെളിയിക്കാനായിരുന്നു എന്റെ ശ്രമങ്ങളെല്ലാം എന്ന് മോഡ്രിച്ച് പറയുന്നു. ലോക കപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി ആ തേരോട്ടം താന്‍ തുടരുകയാണെന്നാണ് മോഡ്രിച്ച് വ്യക്തമാക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com