പലസ്തീന്‍ പ്രതിഷേധം ഫലം കണ്ടു; ഇസ്രായേലുമായുള്ള സൗഹൃദ മത്സരം ഉപേക്ഷിച്ച് അര്‍ജന്റീന

മെസി ഇസ്രായേലിലേക്ക് പോകുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അര്‍ജന്റീനിയ മത്സരത്തില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട് 
പലസ്തീന്‍ പ്രതിഷേധം ഫലം കണ്ടു; ഇസ്രായേലുമായുള്ള സൗഹൃദ മത്സരം ഉപേക്ഷിച്ച് അര്‍ജന്റീന

പലസ്തീനില്‍ നിന്നുമുയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍വാങ്ങുന്നു. മെസി ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെ ഉയര്‍ന്ന ഭീഷണികളുടേയും വിമര്‍ശനങ്ങളുടേയും പശ്ചാത്തലത്തില്‍ അര്‍ജന്റീന ജെറുസലേമില്‍ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നാണ് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജൂണ്‍ ഒന്‍പതിന് ജെറുസലേമിലെ ടെഡി സ്റ്റേഡിയത്തിലാണ് ഇസ്രായേല്‍-അര്‍ജന്റീനിയ മത്സരം നിശ്ചയിച്ചിരുന്നത്. 1986ന് ശേഷം നാല് തവണ അര്‍ജന്റീനിയന്‍ ടീം ഫുട്‌ബോള്‍ കളിക്കായി ഇസ്രായേലില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ലോക കപ്പിന് മുന്നോടിയായി ജെറുസലേമിലേക്ക് അര്‍ജന്റീനിയ എത്തുന്നത് രാഷ്ട്രീയമായി മുതലെടുക്കാനാണ് ഇസ്രായേലിന്റെ ശ്രമം എന്ന വാദമുയര്‍ത്തി പലസ്തീന്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരികയായിരുന്നു. 

പലസ്തീനികളുടെ രക്തം ചീന്തുന്നത് ഫുട്‌ബോള്‍ കളിയിലൂടെ മറച്ചുവയ്ക്കാനുള്ള ശ്രമം തങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു പലസ്ഥീനികളുടെ പ്രതിഷേധം. മെസി ഇസ്രായേലിലേക്ക് പോകുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അര്‍ജന്റീനിയ മത്സരത്തില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട് . കളി ഉപേക്ഷിക്കുന്നതിലൂടെ നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരം മെസി നല്‍കുമെന്നും അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജെറുസലേമിലേക്ക് കളിക്കാന്‍ മെസി എത്തിയാല്‍ അദ്ദേഹത്തിന്റെ ഫോട്ടോകളും, മുഖം വരുന്ന ജേഴ്‌സിയുമെല്ലാം കത്തിക്കുമെന്ന് പലസ്തീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com