നോക്കി വെച്ചോളൂ; ലോക കപ്പില്‍ മിസ് ചെയ്യാന്‍ പാടില്ലാത്ത കളികള്‍ പലതുണ്ട്, തീ പാറുന്നവ

ഇത്‌ മിസ് ചെയ്താല്‍ പിന്നെ എന്ത് ലോക കപ്പ്....അങ്ങിനെ വിട്ടുകളയാന്‍ ഒരു ഫുട്‌ബോള്‍ പ്രേമിക്കും സാധിക്കാത്ത അഞ്ച് ഗ്രൂപ്പ് ഘട്ട പോരുകള്‍...
നോക്കി വെച്ചോളൂ; ലോക കപ്പില്‍ മിസ് ചെയ്യാന്‍ പാടില്ലാത്ത കളികള്‍ പലതുണ്ട്, തീ പാറുന്നവ

ഫുട്‌ബോള്‍ ആവേശം പടിവാതില്‍ക്കലില്‍ എത്തിക്കഴിഞ്ഞു. അടുത്ത വ്യാഴാഴ്ചയോടെ ഓരോ നാടിനേയും നഗരത്തേയും ഫുട്‌ബോള്‍ ആവേശം മൂടും. കണക്കു കൂട്ടലുകളും, പക്ഷം പിടിക്കലുകളുമായി റഷ്യയിലെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓരോ ഫുട്‌ബോള്‍ പ്രേമിയും ചേരി തിരിഞ്ഞു കഴിഞ്ഞു. 

ലോക കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ടവയില്‍ ഒന്നാണ് ഗ്രൂപ്പ് ഘട്ടത്തിലെ വമ്പന്‍ പോരാട്ടങ്ങള്‍. അത് മിസ് ചെയ്താല്‍ പിന്നെ എന്ത് ലോക കപ്പ്....അങ്ങിനെ വിട്ടുകളയാന്‍ ഒരു ഫുട്‌ബോള്‍ പ്രേമിക്കും സാധിക്കാത്ത അഞ്ച് ഗ്രൂപ്പ് ഘട്ട പോരുകള്‍...

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ ഗ്രൂപ്പ് ബി ജൂണ്‍ 15

കിരീടത്തിനായുള്ള പോരാട്ടിന് കിക്കോഫിന് ശേഷം തൊട്ടുപിന്നാലെ വരുന്നതാണ് ക്രിസ്റ്റ്യാനോയുടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പോരാട്ടം. ജര്‍മ്മനിയില്‍ നിന്നും കിരീടം തിരികെ പിടിക്കാന്‍ എത്തുന്ന സ്‌പെയ്‌നിനെയാണ് തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിന് നേരിടേണ്ടത്. 

ഈ ലൈബീരിയന്‍ വൈരികള്‍ തമ്മിലുള്ള പോര് ഒരു ഫുട്‌ബോള്‍ പ്രേമിക്കും വിട്ടുകളയാനാവാത്തതാണ്. ഇതിന് മുന്‍പ് 37 തവണ ഇരുവരും നേര്‍ക്കു നേര്‍ വന്നിട്ടുണ്ട്. പക്ഷേ ഇത്തവണ വരുന്നതായിരിക്കും അതിലെ തീപ്പൊരു പോരാട്ടം എന്നുറപ്പ്. യൂറോപ്യന്‍ ചാമ്പ്യന്മാരായിട്ടാണ് ക്രിസ്റ്റ്യാനോയുടേയും സംഘത്തിന്റേയും വരവ്. കഴിഞ്ഞ ലോക കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകേണ്ടി വന്നതിന്റെ ഓര്‍മകളെല്ലാം മായ്ച്ചാണ് സ്‌പെയിന്‍ വരുന്നത്. 

തോല്‍ക്കുന്ന ടീമിന് അടുത്ത രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയം അനിവാര്യമാണെന്ന അവസ്ഥ വരും എന്നതിന് പുറമെ തങ്ങളില്‍ അധികായകര്‍ ആരെന്ന ചോദ്യത്തിനും ഉത്തരമാകും. 

അര്‍ജന്റീന-ഐസ് ലാന്‍ഡ് ഗ്രൂപ്പ് ഡി ജൂണ്‍ 16

തീര്‍ത്തും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് അര്‍ജന്റീനയും അയര്‍ലന്റും. രണ്ട് കൂട്ടരുടേയും പ്രതീക്ഷകളും വ്യത്യസ്തമാണ്. പക്ഷേ ഇവര്‍ രണ്ടാള്‍ക്കും തെളിയിക്കാനുള്ളത് ഒന്നാണ്, ഞങ്ങളും ശക്തരാണ്...ഡേവിഡ് ഗോലിയാത്ത് പോരിനോടാണ് അര്‍ജന്റീന-ഐസ് ലാന്‍ഡ് മത്സരം താരതമ്യപ്പെടുത്തുന്നത്. 

ലോക കപ്പിലെ ഏറ്റവും ചെറിയ രാജ്യം, ലോക കപ്പിന്റെ വലിയ പാരമ്പര്യം പേറുന്ന രാജ്യത്തിനെതിരെ കൊമ്പുകോര്‍ക്കുന്നു. 2016ലെ യൂറോ കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ തേരോട്ടത്തോടെ തന്നെ ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടം ഐസ്ലാന്‍ഡ് നേടിയിരുന്നു. ലോകത്തിലെ മികച്ച മുന്നേറ്റ നിരകളില്‍ ഒന്നിനെതിരെയും ലോകത്തിലെ മികച്ച കളിക്കാരനെതിരേയുമാണ് ഐസ് ലാന്‍ഡ് പന്ത് തട്ടാനിറങ്ങുന്നത്. 

പക്ഷേ ഈ ഐസ് ലാന്‍ഡ് ടീമിന് എന്തും സാധിക്കും. ഇംഗ്ലണ്ടിനോട് ചോദിച്ചാല്‍ മതിയാകും അത്. ഫുട്‌ബോളില്‍ ഏത് നിമിഷവും എന്തും സംഭവിക്കാം. പിന്നെ ഗോലിയാത്തിനെതിരെ ജയിച്ചു കയറിയത് ഡേവിഡ് ആണല്ലോ...

ബെല്‍ജിയം-ഇംഗ്ലണ്ട് ഗ്രൂപ്പ് ജി ജൂണ്‍ 28

കറുത്ത കുതിരകള്‍ ജൂണ്‍ 28ന് ഏറ്റുമുട്ടുന്നതായിരിക്കും ഫുട്‌ബോള്‍ പ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്ന ലോക കപ്പ് പോരാട്ടങ്ങളില്‍ ഒന്ന്. ഗ്രൂപ്പിലെ വിജയികളെ നിര്‍ണയിക്കുന്ന പോരാട്ടമായിരിക്കും അത്. 

ലോക കപ്പ് വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഇടംപിടിക്കാന്‍ ശേഷിയുള്ള സമ്പന്നമായ താരങ്ങളുമായിട്ടാണ് ഇരു ടീമിന്റേയും വരവ്. ടോട്ടന്‍ഹാമിന്റെ ഹിറ്റ്മാനാണ് ഇംഗ്ലണ്ടിന്റെ പട നയിക്കുന്നത്. കെയ്‌നിന്റെ ബൂട്ടില്‍ നിന്നും വിരിയുന്ന ഗോളുകള്‍ മാത്രം എതിര്‍ ടീമിന് തീര്‍ക്കുന്ന തലവേദന ചില്ലറയാവി്‌ല. 

പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ എത്തിച്ച നായകന്‍ കോമ്പനിയുടെ കരുത്തിലാണ് ബെല്‍ജിയത്തിന്റെ വരവ്. ഇരു നായകരുടേയും പോരാട്ടം തന്നെ മനോഹരമായ ഫുട്‌ബോള്‍ ലോകത്തിന് സമ്മാനിക്കുമെന്നുറപ്പ്. 

മെക്‌സിക്കോ-ജര്‍മ്മനി,  ഗ്രൂപ്പ് എഫ്, ജൂണ്‍ 17

ഗോള്‍ഡന്‍ ജനറേഷന്‍ എന്ന വിശേഷണവും വാങ്ങിയാണ് മെക്‌സിക്കോ റഷ്യയിലേക്കെത്തുന്നത്. ഇതുവരെ മെക്‌സിക്കോയില്‍ ഫുട്‌ബോള്‍ ലോകം കണ്ടിട്ടില്ലാത്ത തരത്തില്‍ സമ്പന്നമായ നിരയുമായിട്ടാണ് മെക്‌സിക്കോ വരുന്നതെന്ന് ലോക കപ്പ് യോഗ്യതാ മത്സരങ്ങളിലെ അവരുടെ പ്രകടനം തന്നെ വ്യക്തമാക്കുന്നു. 

പക്ഷേ, എല്ലാ തലമുറയും ഗോള്‍ഡന്‍ എന്ന് പറയുന്ന അവസ്ഥയിലാണ് ജര്‍മ്മനി. ലോക കിരീടം നിലനിര്‍ത്താന്‍ ഉറച്ച് അവരെത്തുമ്പോള്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. ലോക കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഒന്നില്‍ മാത്രം പരാജയം അറിഞ്ഞാണ് മെക്‌സിക്കോയുടെ വരവ്. ഹിര്‍വിങ് ലൊസാനോ ആയിരിക്കും ജര്‍മന്‍ ഹൃദയങ്ങളില്‍ തീകോരിയിടുന്ന മെക്‌സിക്കന്‍ താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com