ഒരു പന്തിലെഴുതിയ സ്‌നേഹഗാഥ

ലോകത്ത് യുദ്ധനിയമങ്ങള്‍ അവശേഷിക്കുന്ന ഏക യുദ്ധംനടക്കുന്നത് ഫുട്‌ബോള്‍ കളത്തിലാണ്. പാവപ്പെട്ടവനു തുല്യതയില്‍ പൊരുതാന്‍ ബാക്കിയുള്ള ഏക പോര്‍നിലം.
ഒരു പന്തിലെഴുതിയ സ്‌നേഹഗാഥ

''ഫുട്‌ബോളിന്റെ ചരിത്രമെന്നത് സൗന്ദര്യത്തില്‍നിന്ന് ജോലിയിലേക്കുള്ള ദുഃഖഭരിതമായ ഒരു യാത്രയാണ്. കളി ഒരു കച്ചവടമായി മാറിയപ്പോള്‍ കളിയുടെ ആനന്ദത്തില്‍നിന്നു വിരിയുന്ന ലാവണ്യം അതിന്റെ വേരുകളാല്‍ തന്നെ കടപുഴകപ്പെട്ടു. കളി ഒരു കാഴ്ചയായിത്തീര്‍ന്നിരിക്കുന്നു. ഏതാനും നായകന്മാര്‍ക്കും ഒരുപാട് കാണികള്‍ക്കുമൊപ്പം സോക്കര്‍ കാണാനുള്ളതായി തീര്‍ന്നിരിക്കുന്നു. ആ കാഴ്ചയാകട്ടെ, ലോകത്തിലെ ഏറ്റവും ലാഭകരമായ വ്യവസായങ്ങളിലൊന്നായും മാറി.

പ്രൊഫഷണല്‍ കളിയുടെ സാങ്കേതിക മേധാവിത്വത്തിന് മിന്നല്‍വേഗത്തിന്റെയും മൃഗീയ കരുത്തിന്റെയും ഒരു സോക്കര്‍, ആനന്ദം നിഷേധിക്കുന്ന, ഫാന്റസിയെ കൊല്ലുന്ന, സാഹസികതയെ നിയമവിരുദ്ധമാക്കുന്ന ഒരു സോക്കര്‍ അടിച്ചേല്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭാഗ്യവശാല്‍ ചില തലതെറിച്ച തെമ്മാടികള്‍ തിരക്കഥ മാറ്റിവെച്ച് മുഴുവന്‍ എതിരാളികളെയും റഫറിയെയും ഗാലറിയിലെ കാണികളെയും ഡ്രിബള്‍ ചെയ്ത് മറികടക്കുന്നത്, സ്വാതന്ത്ര്യത്തിന്റെ വിലക്കപ്പെട്ട സാഹസികതയെ ആലിംഗനം ചെയ്യുന്നതിന്റെ നാരകീയാനന്ദത്തിനുവേണ്ടിത്തന്നെ. അത് നിങ്ങള്‍ക്ക് മൈതാനത്ത് വല്ലപ്പോഴും ഒരിക്കലാണെങ്കിലും ഇപ്പോഴും കാണാന്‍ കഴിയും.- പ്രശസ്തനായ യുറുഗ്വായന്‍ എഴുത്തുകാരന്‍ എഡ്‌വേര്‍ഡോ ഗലിയാനോ 'സോക്കര്‍ ഇന്‍ സണ്‍ ആന്റ് ഷാഡോ' എന്ന തന്റെ കൃതിയില്‍ ആധുനിക കാലത്തെ കാല്‍പ്പന്ത് കളിയെയും അതിന്റെ ആശയപരിസരത്തെയും ഇങ്ങനെ അടയാളപ്പെടുത്തുന്നു.

എന്നിട്ട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: ഞാന്‍ നല്ല സോക്കറിനുവേണ്ടി യാചിക്കുന്ന ഒരുവന്‍. ഞാന്‍ ലോകം ചുറ്റി, കൈകള്‍ വിടര്‍ത്തി, സ്‌റ്റേഡിയങ്ങളില്‍ ഞാന്‍ കേണു. ''ദൈവത്തെയോര്‍ത്ത് സുന്ദരമായ ഒരു നീക്കം. അങ്ങനെ നല്ല ഫുട്‌ബോള്‍ നടക്കുമ്പോഴൊക്കെ ഞാന്‍ അദ്ഭുത പ്രവൃത്തിക്ക് നന്ദി പറയുന്നു. കളിക്കുന്നത് ഏത് ടീമാണെന്നതോ ഏത് രാജ്യമാണെന്നതോ എനിക്ക് പ്രശ്‌നമല്ല...അതേ, ഫുട്‌ബോള്‍ ഒരു വികാരമാണ്. സ്‌നേഹം പോലെയും പകപോലെയും കവിതപോലെയും സംഗീതം പോലെയും അതിരുകളില്ലാത്ത വികാരം. ഭൗതികസമ്പത്തും ആയുധസമൃദ്ധിയുമല്ല ഒരു രാജ്യത്തിന്റെ അടിത്തറയെന്നു തെളിയിക്കാന്‍ കഴിയുന്ന ഫുട്‌ബോള്‍പോലെ മറ്റൊരു കായികവിനോദവും വേറെയില്ല. ലോകത്ത് ഏറ്റവും അടിസ്ഥാനപരമായി ആരാധിക്കപ്പെടുന്ന കായികവിനോദം. എന്തും പന്തിന്റെ രൂപം പ്രാപിക്കും. നമ്മുടെ സ്വപ്‌നത്തിലെ ഫുട്‌ബോള്‍ കളിക്കളമാകാന്‍ ഏതിടവും മതി. ലോകമെമ്പാടുമുള്ള മനുഷ്യമനസ്സുകളുടെ അടിസ്ഥാന കായിക സങ്കല്പം ഈ പന്തില്‍ ഉരുണ്ടുകൂടുന്നു. കാലപ്രവാഹത്തിനിടയില്‍ അതിന്റെ ആദിമസ്വരൂപം അതേപടി സൂക്ഷിക്കുന്ന കളികളിലൊന്നാണ് ഫുട്‌ബോള്‍. ഇപ്പോഴും അത് അതിന്റെ പ്രാചീനമായ ലാളിത്യം കൈവിട്ടിട്ടില്ല. മാറക്കാനയായാലും വെംബഌയായാലും കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് മൈതാനമായാലും അതിന്റെ ഭാഷ ഒന്നുതന്നെ. ഫുട്‌ബോള്‍ അദ്ധ്വാന സങ്കല്പത്തിന്റെ ഏറ്റവും മികച്ച മാതൃകയും സംഘടിതമായ പോരാട്ടങ്ങളുടെ ഏറ്റവും ആകര്‍ഷണീയമായ നേട്ടവുമാണ്. നിശ്ചിതമായ ഒരു ലക്ഷ്യത്തിലേക്ക് പന്തുമായി മുന്നേറുന്ന കൂട്ടായ്മയില്‍ ഓരോ വ്യക്തിയും ഏകാകിയാണ്. ആള്‍ക്കൂട്ടത്തിലെ ഏകാകികള്‍. ദീര്‍ഘചതുരക്കളത്തില്‍ 22 കളിക്കാരും ഒരു പന്തും ചേര്‍ന്ന് ആവേശത്തിരമാലകളായി ഒഴുകിപ്പരക്കുമ്പോള്‍ ഓരോ രാഷ്ട്ര ജനതതിയുടെയും സ്വത്വപ്രകാശവും സംസ്‌കാരവും സംസ്‌കൃതിയും അതിലൂടെ സ്വാംശീകരിക്കപ്പെടുന്നു. കൂട്ടായ്മയിലെ ജീവല്‍ പ്രതീക്ഷകള്‍. പഴയ പത്രക്കടലാസുകള്‍ നൂലുകൊണ്ട് വരിഞ്ഞുകെട്ടി നഗ്നപാദങ്ങള്‍കൊണ്ട് തട്ടി രസിക്കുന്ന കാമറൂണിലെയും ഘാനയിലെയും മറ്റും ഗ്രാമീണര്‍. രണ്ട് സോക്‌സുകള്‍ ചുരുട്ടിക്കെട്ടി സാവോപോളോ കടപ്പുറത്ത് പന്ത് തട്ടുന്നവര്‍. ചുളുങ്ങിയ ഒരു പാട്ട ഇടവഴിയിലൂടെ തട്ടിത്തട്ടി നീങ്ങുന്ന ബ്യൂനസ് അയേഴ്‌സിലെ നഗരവാസി. മതങ്ങള്‍ക്കോ തത്ത്വശാസ്ര്തങ്ങള്‍ക്കോ ആര്‍ജിക്കാന്‍ കഴിയാത്ത സാര്‍വജനീനമായ അംഗീകാരവും ജനപ്രീതിയും ഏക്കാലവും ഫുട്‌ബോളിനുണ്ട്. ഒരു പന്തിനുവേണ്ടി പതിനൊന്നു പേര്‍ വീതം ബലപരീക്ഷണം നടത്തുന്ന ഈ കളി ഭാഷയുടെയും ജീവിതരീതികളുടെയും സംസ്‌കാരങ്ങളുടെയും രാഷ്ട്രങ്ങളുടെതന്നെയും അതിരുകള്‍ ഭേദിക്കുകയും മനുഷ്യരായവരെയെല്ലാം കാല്‍പ്പന്തിനെച്ചൊല്ലിയുള്ള വികാരവിചാരങ്ങള്‍ക്കുമേല്‍ ഒന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.'

ബ്യൂട്ടിഫുള്‍ ഗെയിം

ഫുട്‌ബോളിനെ ബ്യൂട്ടിഫുള്‍ ഗെയിം എന്നു വിളിച്ചത് ഈ കളിയിലെ ഒരേയൊരു ചക്രവര്‍ത്തിയായ പെലെയാണ്. പെലെയുടെ ജോ ഗൊബോണിറ്റോ (മനോഹര ഗെയിം)യുടെ സംഗീതമാണ് എവിടെയും അലയടിക്കുന്നത്. ആ സൗന്ദര്യമാണ് എവിടെയും പ്രസരിക്കുന്നത്. പെലെയുടെ 'എന്റെ ജീവിതവും മനോഹരമായ കളിയും' എന്ന ആത്മകഥാഗ്രന്ഥം തുടങ്ങുന്നത് ഇങ്ങനെയാണ്.''ഞാന്‍ ജനിച്ചു വളര്‍ന്നു,അതുകൊണ്ട് ഞാന്‍ ഇവിടെ എത്തി...ഞാന്‍ കൂടുതല്‍ വേഗത്തില്‍ പോകുന്നു. ഓടുന്നവരിലും വേഗത്തില്‍. ഒന്നും ആലോചിക്കാതെ. ഇത് നമ്മുടെ ജീവിതമല്ല.ഇവിടെയുള്ളതെന്തും ഒരു കളിയാണ്. കടന്നുപോകുന്ന കാര്യംകാര്യമായുള്ളത് ഞാന്‍ ചെയ്തതാണ്. ഞാന്‍ എന്തു ശേഷിച്ചു പോകുന്നു. പിന്നാലെ വരുന്നവര്‍ക്ക്അതൊരു ദൃഷ്ടാന്തമാവട്ടെ.എനിക്ക് പരിസമാപ്തിയിലെത്തണംഎനിക്ക് വിശ്രമം വേണം.

ഈ ഫുട്‌ബോള്‍ സംഗീതം അനന്തമായി, ആവര്‍ത്തനരഹിതമായി അങ്ങനെ തുടരുകയാണ്. സീക്കോയിലൂടെ, സോക്രട്ടീസിലൂടെ, റൊണാള്‍ഡിന്യോയിലൂടെ, റൊണാള്‍ഡോയിലൂടെ. നെയ്മറിലൂടെ, അങ്ങനെ സാംബമന്ത്രത്തിന്റെ നിലയ്ക്കാത്ത തരംഗമുണരുന്നു. ഫുട്‌ബോള്‍ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമായ ബ്രസീലുകാരുടെ പാദചലനങ്ങളുടെ ചടുലതയിലും താളത്തിലും ഏത് നിമിഷവും ആ മാന്ത്രിക മുഹൂര്‍ത്തം ഉണ്ടാകാം. എതിരാളികളെ അന്ധരാക്കുന്ന ഇന്ദ്രജാലദ്യുതി. ബ്രസീലിലെ പോലെ ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ അര്‍ജന്റീനയിലും ഈ സംഗീതവും ഫുട്‌ബോളും തമ്മിലുള്ള ഗാഢമായ ആശേഌഷം കാണാം. ബ്രസീലിനെയും അര്‍ജന്റീനയെയും പന്ത് തട്ടാന്‍ പഠിപ്പിച്ചത് യൂറോപ്യന്മാരാണെങ്കിലും പിന്നീട് അവര്‍ക്ക് പോലും തിരിച്ചറിയാനാവാത്ത വിധം കളിയെ കവിതയാക്കി രചിച്ചവരാണ് ഈ രണ്ടു ജനതയും. ബ്രസീലുകാര്‍ക്ക് ഫുട്‌ബോള്‍ കലയാണ്. കളിക്കാരാകട്ടെ കലാകാരന്മാരും. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ അധിനിവേശം നടത്തുമ്പോള്‍ ബ്രസീലിലെ വളരെ കുറച്ചു വരുന്ന ജനവിഭാഗം ചിതറിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് പാടങ്ങളിലും ഖനികളിലും പണിയെടുക്കാനായി പശ്ചിമാഫ്രിക്കയില്‍നിന്നു കൊണ്ടുവന്ന അടിമകള്‍ക്കൊപ്പം അവരുടെ തനത് സംഗീതവും നൃത്തവും പാചകരീതിയുമെല്ലാമുണ്ടായിരുന്നു. പിന്നീട് ബ്രസീലിലെ കരിമ്പിന്‍ തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും പണിയെടുക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വലിയൊരു ജനസഞ്ചയമെത്തി. ഇതിനിടയില്‍ 1894-ല്‍ ചാള്‍സ് മില്ലര്‍ എന്ന ഇംഗഌഷുകാരന്‍ ബ്രസീലിലെത്തിച്ച കാല്‍പ്പന്ത് കളി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചത്. താളാത്മകമായ ബ്രസീലുകാരുടെ സാംബ ചുവടുകള്‍ക്ക് മുന്‍പിലേക്ക് ഉരുളുന്ന പന്ത് എത്തിയതോടെ കളിക്ക് പുതിയ ശോഭയും സൗന്ദര്യവും കൈവന്നു. തങ്ങളെ അടിച്ചമര്‍ത്തി സമ്പത്ത് കൊള്ളയടിച്ച യൂറോപ്യന്‍ യജമാനന്മാരോട് അവര്‍ ആ പന്ത് കൊണ്ട് കളിക്കളത്തില്‍ പകരം വീട്ടി. ബ്രസീലിയന്‍ കളിക്കാര്‍ യൂറോപ്യന്‍ കഌബ്ബുകളുടെ വിലപിടിപ്പുള്ള സ്വത്തുക്കളായി. അവിടത്തെ ചേരികളിലും പട്ടിണിക്കുടിലുകളിലും പുതു ജീവിതത്തിന്റെ പ്രകാശമായി. അങ്ങനെ ഒരു ജനത വിമോചനത്തിന്റെ പുതുവിഭാതങ്ങളിലേക്ക് മെല്ലെ നടന്നുകയറി.അതേപോലെ, അര്‍ജന്റീന എവിടെയെന്നോ അവിടത്തെ ഭരണകര്‍ത്താക്കള്‍ ആരെന്നോ അറിയാത്തവര്‍ക്കുപോലും മാറഡോണയും ബാറ്റിസ്റ്റ്യൂട്ടയും ലയണല്‍മെസ്‌സിയും എല്ലാം സുപരിചിതര്‍. ബ്യൂണസ് അയേഴ്‌സിലെ തെരുവില്‍നിന്നും സംഭവിച്ച പതിനേഴുകാരന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി ഫുട്‌ബോള്‍ സുവിശേഷമുണ്ടായി. 1986-ലെ മെക്‌സിക്കോ ലോകകപ്പില്‍ ഇംഗഌണ്ടിനെതിരെ തന്റെ ആദ്യ ഗോള്‍, 'ദൈവത്തിന്റെ കൈ’ ആണെന്ന് മാറഡോണ തന്നെ ഏറ്റുപറഞ്ഞിട്ടും ആരും പരാതിപ്പെട്ടില്ല. ബ്രസീലിന് പെലെ എന്താണാവോ, അതാണ് അര്‍ജന്റീനയ്ക്ക് മാറഡോണ. മുന്നില്‍ നേര്‍വരകള്‍ മാത്രമുള്ള യൂറോപ്പിന്റെ ജാമിതീയ ശാസ്ര്തം ഭയപ്പെട്ടത് മാറഡോണയുടെ സിദ്ധിയെയും നൈപുണിയെയുമായിരുന്നു. പ്രതിഭയുടെ ധൂര്‍ത്തും പ്രശസ്തിയുടെ ദുരന്തവുമായ ആ കൊച്ചുമനുഷ്യന്‍. അര്‍ജന്റീന എന്ന രാഷ്ട്രത്തെ ഫുട്‌ബോള്‍ ഭൂപടത്തിലെ ശത്രുനക്ഷത്രമാക്കിയ ഈ മനുഷ്യന്റെ നേട്ടങ്ങള്‍ പരാമര്‍ശം പോലും ആവശ്യമില്ലാത്തവിധം പ്രതിഷ്ഠിതമാണ്.

സംസ്‌കാരവുംജീവിതരീതിയും

ബ്രസീലിനെയും അര്‍ജന്റീനയെയും പോലെ ആഫ്രിക്കയും പിന്നീട് ഇതേ പാതയിലൂടെ സഞ്ചരിച്ചു. ഫുട്‌ബോളില്‍ ലോകമറിയുന്ന താരങ്ങളും ടീമുകളും ആ ഭൂഖണ്ഡത്തില്‍ നിന്നുദിച്ചുയര്‍ന്നു. തങ്ങളുടെ വന്യമായ കരുത്തിലൂടെ കഠിനവഴികളുടെ കനല്‍പാതകള്‍ താണ്ടി കാമറൂണും നൈജീരിയയും ഘാനയും അംഗോളയും സെനഗലും ഐവറിക്കോസ്റ്റും ഈജിപ്തും ടുണിസായയുമെല്ലാം തങ്ങളുടേതായ ഇടം കണ്ടെത്തിയതാണ് ലോകഫുട്‌ബോളിന്റെ സമീപകാല ചരിത്രം. ഇവിടങ്ങളിലെല്ലാം ഫുട്‌ബോള്‍ കളിയെന്നതിലുപരി സംസ്‌കാരവും ജീവിതരീതിയുമാണ്. യൂറോപ്പിലും ലാറ്റിനമേരിക്കയിലുമെല്ലാം ഫുട്‌ബോള്‍ ദേശീയ സംസ്‌കാരത്തിന്റെ ഇഴുകിച്ചേര്‍ന്ന കടുപ്പമേറിയ കണ്ണികളാണ്.ബ്രസീലുകാരുടെ പ്രധാന ഉല്പന്നം ഫുട്‌ബോളാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതാണ് ബ്രസീലും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം. ബ്രസീലിലെ നിരവധി ഫുട്‌ബോള്‍ താരങ്ങളുടെ ജീവിതകഥകള്‍ പരിശോധിച്ചാലറിയാം, അസംതൃപ്തമായ കുടുംബങ്ങളില്‍നിന്നു പുറത്തിറങ്ങി തെരുവുകളിലെ കാല്‍പ്പന്ത് കളിയില്‍ അഭയം കണ്ടെത്തിയവരാണ് അവരെന്ന്. നാട്ടാചാരത്തോടുള്ള ഭക്തിയോടെ ബ്രസീലുകാര്‍ ഫുട്‌ബോള്‍ സംരക്ഷിക്കുന്നു. ഇങ്ങനെയല്ല ജര്‍മനിയും ഇറ്റലിയും അടക്കമുള്ള പടിഞ്ഞാറന്‍ നാടുകളിലെ അവസ്ഥ. വാസനകളെ ചെറുപ്പത്തിലേ കണ്ടെത്തുകയും ഉന്നതനിലവാരമുള്ള നിരവധി ഫുട്‌ബോള്‍ കളരികളില്‍ വിദഗ്ദ്ധന്മാരുടെ നിരീക്ഷണത്തില്‍ ആ പ്രതിഭകളെ വളര്‍ത്തിയെടുക്കുകയുമാണ് അവര്‍ ചെയ്യുന്നത്.എന്താണ് ഈ കളിയുടെ ഇത്ര വിശാലമായ ജനകീയ താല്പര്യം. പൊരുതാനുള്ള ആത്മവീര്യം തന്നെയാണ് ഫുട്‌ബോളിന്റെ ജീവന്‍. അതേസമയം, അത് സ്വഭാവരൂപവത്കരണത്തിനും വളമാകുന്നു. അച്ചടക്കവും ആദരവും  അതിന്റെ മുഖമുദ്രയാകുന്നതും അതുകൊണ്ടുതന്നെ. ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു ആഗോള വ്യവസ്ഥ തന്നെയാണത്. ലോകഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫിഫ) കണക്കനുസരിച്ച് ലോകത്ത് 26 കോടിയിലേറെ കളിക്കാരുണ്ട്.  50 ലക്ഷം റഫറിമാരും ഒഫിഷ്യലുകളും 15 ലക്ഷം ടീമുകളും മൂന്ന് ലക്ഷത്തിലേറെ കഌബ്ബുകളും 300 കോടിയോളം കാണികളുമുണ്ട്.

സര്‍വം ശുദ്ധം, ലളിതം

എങ്ങനെയാണ് ഫുട്‌ബോള്‍ ദൈവത്തെപ്പോലെയാകുന്നത്? ഇത് രണ്ടും വിശ്വാസികളില്‍ ഭക്തിയും ബുദ്ധിജീവികളില്‍ അവിശ്വാസവുമുണ്ടാക്കുന്നു. സോക്കര്‍ ഒരു വികാരമായി മാറുകയും അതിന്റെ നിഗൂഢലാവണ്യം വെളിപ്പെടുത്തുകയും ചെയ്തപ്പോള്‍ അത് അന്തസ്‌സുള്ള സമയംകൊല്ലലിന് അയോഗ്യമായി. 1915-ല്‍ റയോഡിജനിറോയിലെ സ്‌പോര്‍ട്‌സ് മാസിക ഫുട്‌ബോളിന്റെ ജനകീയവല്‍ക്കരണത്തില്‍ പരാതിപ്പെട്ടു. ''സമൂഹത്തില്‍ നിലയും വിലയുമുള്ള നമുക്ക് തൊഴിലാളികളുമായും ഡ്രൈവര്‍മാരുമായും കളിക്കേണ്ടിവരുന്നു. കളികള്‍ വിനോദത്തിനു പകരം ഒരു യാതനയും ത്യാഗവുമായിത്തീര്‍ന്നിരിക്കുന്നു.” കറുത്തവനെ സംസ്‌കാരചിത്തനാക്കുന്നത്, വെളുത്തവന്റെ ചുമതലയായിരിക്കുന്നെന്ന് ബ്രിട്ടന്‍ അധിനിവേശം നടത്തിയ നാടുകളിലെ ജനങ്ങളെ ചൂണ്ടി പരിഹാസം ചൊരിഞ്ഞ റൂഡിയാര്‍ഡ് കിപഌംഗ്, ഫുട്‌ബോളിനെ ആക്രമിച്ചപ്പോഴും തന്റെ തൂലികയ്ക്ക് മൂര്‍ച്ച കൂട്ടി.ഫുട്‌ബോള്‍ എല്ലാ അര്‍ഥത്തിലും മനുഷ്യവികാരങ്ങളുടെ പ്രദര്‍ശനശാലയാണ്. നമുക്ക് പേരിട്ടുവിളിക്കാന്‍ അസാധ്യമായ ഒരു സൃഷ്ടിസംഭവം. വര്‍ഗം, വര്‍ണം, അതിരുകള്‍ എല്ലാം ഇവിടെ മാഞ്ഞുപോകുന്നു. ഈ കളിയില്‍ കാപട്യത്തിന്റെ ചിഹ്നമില്ല. നൂലാമാലകളില്ല. സര്‍വം, ശുദ്ധം, ലളിതം. ഫുട്‌ബോളില്‍ ലോകത്തിലെ സകലയിടങ്ങളിലുമുള്ള ജനത അവരുടെ ഉത്സവമാഘോഷിക്കുന്നുണ്ട്. ആക്രമണവും അഭ്യാസവും നീതിരാഹിത്യവുമെല്ലാം ഈ കളിയുടെ മുഖമുദ്രകളാണ്. അതോടൊപ്പം തന്നെയാണ് ആഗോളഭാഷ, ആഗോളഗ്രാമം എന്നീ സങ്കല്പങ്ങളെല്ലാം നമ്മുടെ ചിന്താമണ്ഡലത്തിലെത്തും മുന്‍പ് ഫുട്‌ബോളില്‍ അത് നടപ്പാക്കിക്കഴിഞ്ഞിരുന്നു.സോക്കറിനെയും തങ്ങളുടെ ആത്മാവ് 'ഗോളുകള്‍’ക്ക് പിറകെ പായുന്ന ചെളിപുരണ്ട ഏഭ്യന്മാരാല്‍ നിറച്ചിരിക്കുന്നവരെയും 1902-ല്‍ ലണ്ടനില്‍ കിംപഌംഗ് പരിഹസിച്ചു. അതേസമയം സോക്കര്‍, ജനങ്ങളെ വരിയുടയ്ക്കുകയും വിപഌവ തീക്ഷതയെ വഴിതെറ്റിക്കുകയും ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് ഇടതുപക്ഷ ചിന്തകരും ഈ കളിയെ തള്ളിപ്പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇടതുചായ്‌വുള്ള ബുദ്ധിജീവികള്‍ സോക്കറിനെ ബോധത്തെ മറയ്ക്കുന്ന ലഹരിയായി കാണുന്നതിനു പകരം അതിനെ ആഘോഷിക്കുകയായിരുന്നെന്ന് എഡ്‌വേഡോ ഗലിയാനോ ചൂണ്ടിക്കാട്ടുന്നു. അവരില്‍ ഒരാളായ ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റായ അന്റോണിയോ ഗ്രാംഷി അതിരുകളില്ലാത്ത ഈ സാമ്രാജ്യ”ത്തെ വാഴ്ത്തുകയുമുണ്ടായി.

ജനകോടികളുടെ വേദപ്രമാണം

''മനുഷ്യന്റെ ധര്‍മശാസ്ര്തങ്ങളെക്കുറിച്ചും കടപ്പാടുകളെക്കുറിച്ചും ഏറ്റവും ദൃഢമായി എനിക്ക് അറിവുണ്ടാക്കിയ ഈ കളിയോട് അത്രയേറെ ഞാന്‍ ബാധ്യസ്ഥനായിരിക്കുന്നു” എന്ന് വിശ്വസാഹിത്യത്തിലെ ഉജ്ജ്വല നക്ഷത്രമായ അല്‍ബേര്‍കാമുവും ''ഞാന്‍ ഫുട്‌ബോളില്‍ വിശ്വസിക്കുന്നു. ഫുട്‌ബോള്‍ എന്ന കളി, അത് സൗന്ദര്യമാണ്. അനന്തമായ ആവര്‍ത്തനരഹിതമായ സൗന്ദര്യം’’ എന്ന് ഫുട്‌ബോള്‍ ചരിത്രത്തിലെ അമാനുഷികരിലൊരാളായ മുന്‍ സോവിയറ്റ് യൂണിയന്റെ ഇതിഹാസ ഗോളി ലെവ്‌യാഷീനും പറഞ്ഞത്, ഫുട്‌ബോളിനെ ആരാധിക്കുന്ന ജനകോടികളുടെ വേദപ്രമാണമാണ്. പച്ചവിരിച്ച ദീര്‍ഘചതുരക്കളത്തില്‍ 22 കളിക്കാരിലൂടെ പന്ത് വിശ്രമമില്ലാതെ കയറിയിറങ്ങി കുതിക്കുന്ന പ്രലോഭനീയമായ കാഴ്ചയ്ക്ക് കണ്ണും മനവും സമര്‍പ്പിക്കാത്തവരുണ്ടോ?

ആരോ പറഞ്ഞിട്ടുണ്ട്, ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്‌നം മാത്രമല്ല, അതിനുമപ്പുറത്തുള്ളതാണ് ഫുട്‌ബോള്‍ എന്ന്. ശരിയാണ്; ഇതേക്കാള്‍ സത്യസന്ധമായ ഒരു നിര്‍വചനം ഫുട്‌ബോളിന് വേറെ നല്‍കാനില്ല. കാഴ്ചക്കാരനെ അനുഭൂതിയുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള ഈ കളി ഒരര്‍ഥത്തില്‍ ജീവിതം തന്നെയാണ്. മനുഷ്യന്റെ മുഴുവന്‍ മാനസികാഭിമുഖ്യങ്ങളുടെയും ആവിഷ്‌കാരം ഇതിലുണ്ട്. ആഹഌദം, ഭാവന, നിരാശ, ദുഃഖം അവയുടെ ഒഴുക്ക് അങ്ങനെയെല്ലാമെല്ലാം. ഒരു കളിയെന്നതിലുപരി പോരാട്ടത്തിന്റെയും അധിനിവേശത്തിന്റെയും ചെറുത്തുനില്പിന്റെയും വിമോചനത്തിന്റെയും ഉള്‍പ്പെടെ ഒട്ടേറെ മാനങ്ങള്‍ അടങ്ങിയതാണ് ഫുട്‌ബോള്‍. കാല്‍പ്പന്തില്‍ യുദ്ധവും സമാധാനവുമുണ്ട്. കുടിപ്പകയും സ്‌നേഹമന്ത്രവുമുണ്ട്.

ഓരോ ഫുട്‌ബോള്‍ മത്സരവും കാണികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ്. 90 മിനിറ്റുകള്‍ അവരുടെ മനോരഥങ്ങള്‍ തകര്‍ക്കപ്പെടുന്നു. ചിലപ്പോള്‍ പുതിയ സ്വപ്‌നങ്ങള്‍ പൂവണിയുകയും ചെയ്യുന്നു. വിജയത്തിന്റെ മോഹനമുഹൂര്‍ത്തം അവരെ ഉന്മാദത്തിലേക്ക് എടുത്തുചാടിക്കുന്നു. പരാജയത്തിന്റെ വീഴ്ചകളില്‍ അവരുടെ മനസ്‌സുകളില്‍ ശൂന്യത തളംകെട്ടുന്നു. ഫുട്‌ബോളില്‍ കുരിശുയുദ്ധത്തിന്റെ തീവ്രതയും ഒപ്പം പ്രശാന്തതയുമുണ്ട്. ചിലപ്പോള്‍ മൈതാനത്ത് വിയര്‍പ്പിനു പകരം രക്തവും ഒഴുകാറുണ്ട്. സ്വന്തം ടീമിന്റെ വിജയത്തില്‍ സ്വയം മറന്നാടുന്ന, കലാപം അഴിച്ചുവിടുന്നതുവരെയെത്തുന്ന ഫുട്‌ബോള്‍ ഭ്രാന്തിന്റെ മുഖം ലോകത്തെവിടെയും കാണാം. അങ്ങനെ കിനാവും കണ്ണീരുമൊക്കെ ഒരു പന്തിന്റെ കളിസാധ്യതയിലൂടെ ഇതള്‍ വിരിയുന്ന ഈ തീവ്രതയ്ക്ക് കാരണമാകട്ടെ ലെവ്‌യാഷിന്‍ പറഞ്ഞ സൗന്ദര്യത്തിന്റെ തീക്ഷ്ണതയാണ്.


മനുഷ്യസമൂഹം പന്ത് തട്ടാന്‍ തുടങ്ങിയിട്ട് രണ്ടായിരത്തിലേറെ വര്‍ഷം കഴിഞ്ഞു. ചൈനയിലെ  സുചു, ജപ്പാനിലെ കെമാരി, റോമന്‍ കളിയായ ഹാര്‍പസ്റ്റം, ഗ്രീക്ക് ചരിത്രത്തിലെ എപ്പിസ്‌കൈറോസ്, ഇറ്റലിയിലെ കാല്‍ചിയോ ഇതെല്ലാമായിരുന്നു പ്രാചീന പന്തുകളികള്‍. ഇങ്ങനെ ഫുട്‌ബോള്‍ കളിയോട് കെട്ടിലും മട്ടിലുമെല്ലാം സാദൃശ്യം പുലര്‍ത്തിയായിരുന്ന വിവിധ കായിക രൂപങ്ങളെല്ലാം അപ്രത്യക്ഷമായി. ആധുനിക ഫുട്‌ബോളിനോട് ഇവയ്‌ക്കൊന്നും തന്നെ നേരിട്ടൊരു ബന്ധം ആരോപിക്കപ്പെടുന്നുമില്ല. വേട്ടയാടലില്‍നിന്ന് മനുഷ്യന്‍ കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞതോടെ അടക്കിനിര്‍ത്തിയ അവന്റെ രണവീര്യം പന്തുകളിയിലൂടെ വിമോചിക്കപ്പെടുകയായിരുന്നെന്ന് ഡെസ്മണ്ട് മോറിസ് ഉള്‍പ്പെടെയുള്ള നരവംശ ശാസ്ര്തജ്ഞര്‍ നിരീക്ഷിക്കുന്നു.

എ.ഡി. എട്ടാം നൂറ്റാണ്ട് മുതല്‍ ബ്രിട്ടീഷ് ദ്വീപുകളില്‍ പ്രചാരമാര്‍ജിച്ച ഫുട്‌ബോള്‍ കളി ഇന്നത്തെ രീതിയില്‍ രൂപം പ്രാപിച്ചത് നിരവധി പരീക്ഷണഘട്ടങ്ങളെ അതിജീവിച്ചുകൊണ്ടാണ്. ഇംഗഌണ്ടിലെ പബഌക് സ്‌കൂളുകളാണ് ഫുട്‌ബോള്‍ കളിക്ക് ഒരു ഏകീകൃത നിയമം ആവിഷ്‌കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. ഇംഗഌണ്ടാണ് ആധുനിക ഫുട്‌ബോളിന്റെ ജന്മനാടായി കരുതപ്പെടുന്നത്. പിന്നീട് ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധിനിവേശ യാത്രകളില്‍ പന്തും സ്ഥാനം പിടിച്ചതോടെ കളി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സഞ്ചരിച്ചു. ബ്രിട്ടനു പുറമെ മറ്റ് കൊളോണിയല്‍ ശക്തികളായ പോര്‍ച്ചുഗീസുകാരും ഫ്രെഞ്ചുകാരും ഡച്ചുകാരും വഴി തെക്കെ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും പന്തുരുണ്ടു. അങ്ങനെയത് ലോകത്തിന്റെ കളിയായി മാറി.

കാല്‍പ്പന്തു കളിയെത്താത്ത രാജ്യമോ പ്രദേശമോ ഭൂഗോളത്തിലില്ല. ലോകഫുട്‌ബോള്‍ പരമാധികാര നിയന്ത്രണ സമിതിയായ ഫിഫയുടെ ഔദ്യോഗിക കണക്കുകള്‍ക്കപ്പുറത്ത് ലോകത്തിന്റെ മുക്കിലും മൂലയിലുമായി കോടിക്കണക്കിനാളുകള്‍ ഫുട്‌ബോളിനെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് പ്രണയിക്കുന്നു.

ഫുട്‌ബോളിന്റെ ഈ സാര്‍വജനീനതയ്ക്ക് മറ്റൊരു കളിക്കും അവകാശപ്പെടാനില്ലാത്ത വൈകാരിക സ്പര്‍ശമുണ്ട്. കളിക്കളത്തിലെ പോരാട്ടങ്ങള്‍ കഴിഞ്ഞ് കളി കാര്യമായി; ഒടുവില്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമായി മാറിയ ചരിത്രമുണ്ട്. കൊളംബിയക്കാരന്‍ ആന്‌ദ്രെ എസ്‌കോബാറിന് സെല്‍ഫ് ഗോളടിച്ചതിന് ലഭിച്ച പ്രതിഫലം വെടിയുണ്ടയായിരുന്നല്ലോ.

ബല്‍ജിയത്തില്‍ ഫുട്‌ബോള്‍ ജ്വരം കത്തിനില്‍ക്കുന്ന ഒരവസരം. ഞായറാഴ്ച പള്ളിയില്‍ കുര്‍ബാനയ്ക്കു ശേഷം പതിവുള്ള പ്രസംഗത്തിനിടയില്‍ അച്ചന്‍ ഒരു വിശ്വാസിയോടായി ചോദിച്ചു.''യേശു വീണ്ടും നമ്മെ നയിക്കാന്‍ എത്തിയാല്‍ നീ എന്തുചെയ്യും? മറുപടി പെട്ടെന്നായിരുന്നു: ''വിശുദ്ധ യോഹന്നാനെ റൈറ്റ് ഇന്‍സൈഡിലേക്ക് മാറ്റും.

ഇത് ഒരു കഥ മാത്രം. എന്നാല്‍, ഇതിലൊരു സത്യമുണ്ട്. ഫുട്‌ബോളില്‍ നാം നമ്മെത്തന്നെ മറന്നുപോകുന്നു. അത്രയ്ക്കും നമ്മള്‍ അതില്‍ ലയിച്ചുചേരുകയാണ്. ഒരുവന്‍ അവന്റെ വ്യക്തിത്വ മാഹാത്മ്യത്തിന്റെ, പ്രതീക്ഷയുടെ സാക്ഷാത്കാരം ഒരു ടീമില്‍ അര്‍പ്പിക്കുകയാണ്.

ദേശീയ ഫുട്‌ബോള്‍ ടീം ഏതൊരു രാഷ്ട്രത്തിലെയും ജനതയുടെ ആശയും ആവേശവും പേറുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഒരു ഫുട്‌ബോള്‍ മത്സരം വഴിത്തിരിവായി മാറിയെന്നതാണ് വസ്തുത. 1911-ല്‍ കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ കഌബ്, ബ്രിട്ടീഷുകാരുടെ ഈസ്റ്റ് യോര്‍ക്ക് ഷെയര്‍ റെജിമെന്റിനെ തോല്പിച്ച് ഐ.എഫ്. എ ഷീല്‍ഡ് നേടി. തങ്ങളെ അടക്കിഭരിക്കുന്ന സാമ്രാജ്യത്വശക്തിയുടെ അധീശത്വം തകര്‍ത്തെറിയാന്‍ കഴിയുമെന്ന് ചൂഷിതരും മര്‍ദിതരുമായ നമ്മുടെ ജനതയ്ക്ക് അന്ന് തിരിച്ചറിവ് നല്‍കിയ നിമിഷമായിരുന്നു അത്.

വന്‍ രാജ്യാന്തരവ്യവസായം

ഏത് തരത്തില്‍പ്പെട്ട മനുഷ്യനോടും ഒട്ടും സങ്കീര്‍ണതകളില്ലാതെ ലളിതമായും ശുദ്ധമായും തുറന്ന മനസേ്‌സാടെയും സംവദിക്കാന്‍ കഴിയുന്നുവെന്നതാണ് ഫുട്‌ബോളിനെ ലോകത്തെ ഏറ്റവും വലിയ ജനപ്രിയ വിനോദമാക്കി മാറ്റുന്നത്. മനുഷ്യരുമായി ബന്ധപ്പെട്ട ഏത് കാര്യവും വാണിജ്യതാല്പര്യത്തിനായി ഉപയോഗിക്കാനുള്ള ആഗോളവല്‍കരണ പ്രവര്‍ത്തന പദ്ധതിയും ഫുട്‌ബോളിന്റെ അതിരില്ലാത്ത ജനപ്രിയതയും ഒത്തുചേരുമ്പോള്‍ ഭൂമുഖത്തെ ഏറ്റവും വലിയ കമ്പോളമായി ഈ കളി പരിണമിച്ചിരിക്കയാണ്. ഫുട്‌ബോളിന്റെ പേരിലോ അതിനെ ഉപയോഗിച്ചോ നിമിഷം തോറും എണ്ണമറ്റ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭൂമിയിലെ ഏറ്റവും വലിയ പ്രദര്‍ശനമായ ലോകകപ്പ് ഫുട്‌ബോളാകട്ടെ വന്‍ 'രാജ്യാന്തരവ്യവസായ’മായി മാറിക്കഴിഞ്ഞിരിക്കുന്നു.

മറ്റെല്ലാം മനുഷ്യന്‍ സൃഷ്ടിച്ചെടുത്ത കായികവിനോദങ്ങളാകുമ്പോള്‍ ഫുട്‌ബോള്‍ മനുഷ്യനോടൊപ്പം പിറന്ന കളിയാണെന്നു പറയാം. വിജയത്തെയും കിരീടങ്ങളെയുംകാള്‍ കായികവിനോദത്തിന് സാമൂഹികമായ ഒരു ധര്‍മം നിര്‍വഹിക്കാനുണ്ട്. ആ നിലയ്ക്ക് രാജ്യത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും സംസ്‌കാരത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ കഴിയുന്ന ഒറ്റ കളിയേയുള്ളൂ-ഫുട്‌ബോള്‍. ആക്രമണവും പ്രതിരോധവും തന്ത്രവും ജയപരാജയവും മാറിമാറി ആവേശിക്കുന്ന ഫുട്‌ബോള്‍ അധീശവര്‍ഗരാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രീയ പ്രയോഗമായി ലോകമെങ്ങും ഇടം നേടിയിട്ടുണ്ടെന്ന വസ്തുത അംഗീകരിക്കുകതന്നെ വേണം.

ഫുട്‌ബോളും ദേശീയതയും

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഫുട്‌ബോള്‍ ഒഴിവുസമയത്ത് മാത്രം ഓര്‍ക്കുന്ന ഒന്നല്ല. ജീവിതത്തിലെ മുഖ്യധാര തന്നെയാണ്. ബ്രസീല്‍, അര്‍ജന്റീന, മെക്‌സിക്കൊ, യുറുഗ്വായ് തുടങ്ങിയ രാജ്യങ്ങളുമായി നാം കേരളീയര്‍ക്ക് രാഷ്ട്രീയവും ചരിത്രപരവുമായ ഒട്ടേറെ സമാനതകളുണ്ട്. അവരുടെ സാഹിത്യവും സിനിമയും നാം ഇവിടെ കാണുന്നു. എന്നാല്‍, അതിലെല്ലാമുപരി ആ നാടിനെ നമ്മോടടുപ്പിക്കുന്നത് ഫുട്‌ബോള്‍ തന്നെയാണ്.

മിക്ക തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും ഭരണകൂടനയങ്ങളോട് കടുത്ത പ്രതിഷേധമുണ്ടെങ്കിലും ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ഒന്നും ചെയ്യാനാവില്ല. എന്നാല്‍, അവരങ്ങനെ നിസ്‌സംഗരായി പിന്‍മാറുന്നില്ല. മറിച്ച് തങ്ങളുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും ആഴ്ന്നിറങ്ങിയ ഫുട്‌ബോള്‍ എന്ന കളിയിലൂടെ ആ ജനതകള്‍ നടത്തുന്നത് ഭരണകൂടത്തിനെതിരെയുള്ള തുറന്ന യുദ്ധം തന്നെയാണ്. എഴുത്തുകാര്‍, കവികള്‍, നര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ 20-ാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്കയില്‍ നവോത്ഥാനത്തിന്റെ സിംഹനാദം മുഴക്കിയപ്പോള്‍ ഫുട്‌ബോളും ദേശീയതയുമായി ഇടകലര്‍ന്ന് സ്വന്തം അസ്തിത്വം സ്ഥാപിക്കുകയായിരുന്നു.

ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളായ മാറഡോണയുടെ ജീവിതത്തിലേക്ക് ഒന്നു കണേ്ണാടിച്ചു നോക്കൂ. അതിപ്രശസ്തിയില്‍ നില്‍ക്കുമ്പോഴും ഉന്മാദത്തിന്റെ പെനാല്‍റ്റി ബോക്‌സില്‍ പന്തടിച്ചു തിമിര്‍ത്ത മാറഡോണ എന്ന ഫുട്‌ബോള്‍ താരത്തിന്റെ ജീവിതം, യഥാര്‍ഥ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പാകുന്നതല്ലേ നാം കണ്ടത്. സാമൂഹിക സാഹചര്യത്തില്‍ തന്നെക്കുറിച്ച് ഒട്ടും ചിന്തിക്കാതെ ജീവിച്ച മനുഷ്യനാണ് അദ്ദേഹം. വ്യക്തി എന്ന നിലയിലുള്ള ഭയാശങ്കകളില്ല. അയാള്‍ സ്വന്തം ശരീരത്തിനകത്ത് ജീവിക്കുന്നില്ല. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ മാറഡോണ പ്രതിനിധാനമാകുന്നത്, ഫുട്‌ബോളും സമൂഹവുമായുള്ള അന്യൂനമായ ഈ പാരസ്പര്യം കൊണ്ടുതന്നെയാണ്.

അതേസമയം ഫുട്‌ബോളിന്റെ ജനസമ്മതി തെക്കേ അമേരിക്കയില്‍ രാഷ്ട്രീയ നേതൃത്വവും തട്ടിയെടുക്കുന്നത് പല തവണ കണ്ടു. സ്വന്തം ജനതയെ കൊടുംപീഡനങ്ങള്‍ക്കും സ്വേച്ഛാധികാരത്തിന്റെ ഗര്‍വിനും ഇരയാക്കുന്ന തങ്ങളുടെ നൃശംസതകള്‍ക്ക് അവിടുത്തെ ഭരണാധികാരികള്‍ ലോകകപ്പ് വിജയം കൊണ്ട് മറയിടാറുണ്ട്. അര്‍ജന്റീനയിലെ പെറോണ്‍ സൈനിക ഭരണകൂടം, ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ബഹിഷ്‌കരണ ആഹ്വാനത്തെ അതിജീവിച്ചുകൊണ്ട് 1978-ല്‍ ലോകകപ്പിന് വേദിയൊരുക്കിയതും ദേശീയ ടീം വിജയം കൊയ്തതും ഏറ്റവും നല്ല ദൃഷ്ടാന്തം. 1934-ല്‍ മുസേ്‌സാളിനിയുടെ കല്പന പോലെ ഇറ്റലി സ്വന്തം മണ്ണില്‍ ലോകചാമ്പ്യന്മാരായതും ഇതോട് കൂട്ടി വായിക്കാവുന്നതാണ്. ഏറ്റവും ജനകീയമായ ഈ കളി ഒരിക്കലും സാമൂഹികമാറ്റത്തിന്റെ ശബ്ദമുയര്‍ത്താന്‍ തെക്കേ അമേരിക്കയിലെ ഭരണാധികാരികള്‍ അനുവദിക്കാറില്ല. സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ഏതു ശബ്ദവും ഫുട്‌ബോളിന്റെ ഭാവിയെ തകര്‍ക്കുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.

അതേ, കിനാവുണ്ട്, കാര്യമുണ്ട്, കല്പനയുണ്ട്, വിരുതുണ്ട്, വിരോധാഭാസമുണ്ട്. വൈരുദ്ധ്യമുണ്ട്, വീഴ്ചയുണ്ട്, പ്രതീക്ഷയുണ്ട്, പ്രവചനമുണ്ട്, പ്രകോപനങ്ങളുണ്ട്. വിഷാദചിന്തകളും വിജയാരവങ്ങളുമുണ്ട്. ദുഃഖ-ആനന്ദ ആശ്രുക്കളുമുണ്ട്. ഇവയെല്ലാം ചേര്‍ന്ന് വൃത്താകാരത്തില്‍ മുന്നിലെത്തിക്കഴിഞ്ഞു ലോകകപ്പ് ഫുട്‌ബോള്‍. പുല്‍മേടുകളെ ത്രസിപ്പിക്കുന്ന, താളാത്മകമായ ഒരു ആരവം കാതങ്ങള്‍ താണ്ടി പതുക്കെപ്പതുക്കെ കാതുകളില്‍ പ്രതിധ്വനിക്കയായി. 

ഈ കളി നമ്മുടെ ഹൃദയത്തിന്റെ താളുകളില്‍ മായാമുദ്രിതമായിരിക്കുന്നു. ലോകത്ത് യുദ്ധനിയമങ്ങള്‍ അവശേഷിക്കുന്ന ഏക യുദ്ധം നടക്കുന്നത് ഫുട്‌ബോള്‍ കളത്തിലാണ്. പാവപ്പെട്ടവനു തുല്യതയില്‍ പൊരുതാന്‍ ബാക്കിയുള്ള ഏക പോര്‍നിലം. ''പാദമുദ്രകള്‍ എറിഞ്ഞുപോകുന്നവനാണ് മാനവന്‍. അവയൊന്നും ഒരുപോലെയാകുന്നില്ല. അവന്റെ കാലടിശബ്ദങ്ങള്‍ക്കായി നാം കാതോര്‍ക്കുന്നു. അതൊരു റിഥമാണ്.” കഴിഞ്ഞ നൂറ്റാണ്ടിലെ പ്രശസ്ത ചിന്തകനായ എലിയാസ് കനേറ്റി പറഞ്ഞ ആ റിഥമാണ് നാം തലമുറകളായി ഫുട്‌ബോളില്‍ തേടിക്കൊണ്ടിരിക്കുന്നത്. പുഷ്‌കാസില്‍നിന്ന്, പെലെയില്‍നിന്ന്, മാറഡോണയില്‍നിന്ന് അത് മെസിയിലേക്ക്, നെയ്മറിലേക്ക്, ക്രിസ്റ്റ്യാനോയിലേക്ക് പുനര്‍ജനിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com