ആരവങ്ങളില്‍ നിന്ന് അകലെ

നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ഫുട്‌ബോളിന്റെ രാജപാതകളിലൂടെ തിരിഞ്ഞുനടക്കുമ്പോള്‍ അനവധി ദുരന്തകഥാപാത്രങ്ങളെ നാം കണ്ടുമുട്ടുന്നു. കാലവും കാണിയും കരുണകാണിക്കാതെ ആ അനാഥ നിഴലുകള്‍
ആരവങ്ങളില്‍ നിന്ന് അകലെ

ട്യൂറിനിലെ ഭൂഗര്‍ഭ റെയില്‍പ്പാതയിലൂടെ മെട്രോ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ നിനച്ചിരിക്കാതെ ഒരു ഇറ്റാലിയന്‍ സുഹൃത്തിനെ വീണുകിട്ടി ചന്ദ്രേട്ടന്. കൈയിലെ സ്‌പോര്‍ട്‌സ് മാഗസിനിലൂടെ അലസമായി കണ്ണോടിച്ച്, ഒന്നും മിണ്ടാതെ തൊട്ടടുത്ത  സീറ്റില്‍ ചാരിയിരിക്കുകയാണ് അയാള്‍. അനുസരണയില്ലാതെ നെറ്റിയിലേക്ക് വാര്‍ന്നുകിടക്കുന്ന മുടി. ഒറ്റനോട്ടത്തില്‍ അറിയാം അത് വിഗ്ഗാണെന്ന്. തീക്ഷ്ണമായ വെള്ളാരംകണ്ണുകള്‍. ചെമ്പന്‍നിറമുള്ള താടിരോമങ്ങള്‍. എവിടെയോ കണ്ടിട്ടുണ്ടല്ലോ ഈ മുഖം എന്ന് തോന്നി ആദ്യം. പിന്നെ സ്വയം പറഞ്ഞു: ഏയ്, അതിനു വഴിയില്ല. റോമില്‍ വന്നിറങ്ങിയിട്ട്  കഷ്ടിച്ച് രണ്ടാഴ്ചയാകുന്നതേ ഉള്ളൂ.  ഇതുപോലുള്ള നൂറുനൂറു മുഖങ്ങള്‍ കണ്‍മുന്നിലൂടെ കടന്നുപോയിട്ടുണ്ടാകാം. ആരോര്‍ത്തുവെക്കുന്നു അവയെല്ലാം?

സഹയാത്രികന്റെ കൈയിലെ പുസ്തകത്തിലേക്ക് ഒളികണ്ണിട്ടു നോക്കിയപ്പോള്‍ കൗതുകം തോന്നി. നിറയെ ഫുട്‌ബോളര്‍മാരുടെ ചിത്രങ്ങള്‍. ഒന്നുകില്‍ പഴയ പന്തുകളിക്കാരനായിരിക്കണം ഇയാള്‍. ഇല്ലെങ്കില്‍ കടുത്ത കളിക്കമ്പക്കാരന്‍. ''ഫുട്‌ബോള്‍ ഇഷ്ടമാണ്, അല്ലേ?' സകല ധൈര്യവും സംഭരിച്ച്, അറിയാവുന്ന ഇംഗ്‌ളീഷില്‍ ചോദിച്ചപ്പോള്‍, അദ്ഭുതത്തോടെ കുറച്ചുനേരം ചന്ദ്രേട്ടന്റെ മുഖത്തുനോക്കിയിരുന്നു ആ മനുഷ്യന്‍. എന്നിട്ട് പറഞ്ഞു: ''അതെ, വളരെ ഇഷ്ടമാണ്. കളിച്ചിട്ടുമുണ്ട്, വര്‍ഷങ്ങള്‍ക്കുമുന്‍പ്...' ചുരുക്കം വാക്കുകളില്‍ ഉത്തരം. പിന്നെ മൗനം. മലപ്പുറത്തുകാരന്റെ വിശ്രുതമായ പന്തുകളിക്കമ്പം മുഴുവന്‍ സിരകളില്‍ കൊണ്ടുനടക്കുന്ന എടപ്പാള്‍കാരന്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് സുദീര്‍ഘമായ ഒരു സംഭാഷണം കിക്കോഫ് ചെയ്യാന്‍ ഇംഗ്‌ളീഷിലുള്ള ആ മറുപടി ധാരാളമായിരുന്നു. അരീക്കോട്ടെയും മമ്പാട്ടെയും വളപട്ടണത്തെയും സെവന്‍സ് ടൂര്‍ണമെന്റുകളില്‍ കളിച്ചുനടന്ന കാലം ഓര്‍മയില്‍നിന്ന് ആവേശത്തോടെ പൊടിതട്ടിയെടുക്കുന്നു ചന്ദ്രേട്ടന്‍. എം.ആര്‍.സിയുടെ മുന്നേറ്റനിരയിലെ ശിങ്കമായ കാമാച്ചിയുമായി കളിക്കളത്തില്‍ അടിയുണ്ടാക്കിയ കഥ; നീരുവെച്ചു വീര്‍ത്ത കാലുമായി  വണ്ടൂരില്‍  ഫൈനല്‍ കളിച്ചു ടീമിനെ ജയിപ്പിച്ച കഥ. അങ്ങനെ എന്തെല്ലാം ഓര്‍മകള്‍. ഭാഷയ്ക്കും സംസ്‌കാരങ്ങള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കും എല്ലാം അതീതമാണ് ഫുട്‌ബോള്‍ എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ. ''ഒരു മാസത്തെ വിദേശ പരിശീലനം കഴിഞ്ഞു ദുബായിലെ ഇറ്റാലിയന്‍ കമ്പനിയില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചശേഷം വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞു: ''എന്റെ വീരവാദങ്ങള്‍ കേട്ട് ബോറടിച്ചിട്ടുണ്ടാവണം.' എന്നിട്ടും ക്ഷമയോടെ എല്ലാം കേട്ടിരുന്നു അയാള്‍. മറുപടിയായി ഇടയ്‌ക്കൊരു തലയാട്ടല്‍; ഒരു ചിരി. വല്ലപ്പോഴുമൊരു ചോദ്യം. അത്രമാത്രം. 

ഇറങ്ങേണ്ട സ്ഥലമെത്താറായപ്പോള്‍ എഴുന്നേറ്റുനിന്ന് കൈകൂപ്പി ചന്ദ്രേട്ടന്‍. ''സന്തോഷം. ഭാഗ്യമുണ്ടെങ്കില്‍ ഇനിയും കാണാം. ഒരിക്കല്‍ ഇന്ത്യയില്‍ വരണം. സുന്ദരമായ രാജ്യമാണ്.' നിമിഷനേരത്തെ മൗനത്തിനുശേഷം ഇറ്റാലിയന്‍ കൂട്ടുകാരന്റെ മുഖത്തുനോക്കി തെല്ലു ജാള്യതയോടെ അദ്ദേഹം പറഞ്ഞു: ''ഇത്രയും സംസാരിച്ചിട്ടും നമ്മള്‍ പരിചയപ്പെട്ടില്ലല്ലോ. എന്റെ പേര് ചന്ദ്രശേഖരന്‍. താങ്കളുടേതോ?'

വെള്ളാരം കണ്ണുകളില്‍ നേര്‍ത്ത പുഞ്ചിരിയുടെ തിളക്കം. ചന്ദ്രശേഖരനെ ആപാദചൂഡം ഒന്ന് നോക്കി സഹയാത്രികന്‍ പറഞ്ഞു: ''സാല്‍വദോര്‍ സ്‌കിലാച്ചി. ടോട്ടോ എന്നും വിളിക്കും ചിലര്‍.' അത്രമാത്രം. മടിയില്‍ നിവര്‍ത്തിവെച്ച പുസ്തകത്തിലേക്ക് തിരിച്ചുപോകുന്നു അയാള്‍. ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങേണ്ടിവന്ന പാവം ഗോള്‍കീപ്പുടെ അവസ്ഥയിലായിരുന്നു ചന്ദ്രേട്ടന്‍. ഗോള്‍ മടക്കിയേ പറ്റൂ; സമയമൊട്ടില്ല താനും. ഏറെ ആരാധിക്കുകയും ഒരിക്കലെങ്കിലും കാണണമെന്ന് മോഹിക്കുകയും ചെയ്ത കളിക്കാരനാണ് തൊട്ടുമുന്നില്‍ കയ്യെത്തും ദൂരത്ത്. ദുബായിലെ ഒറ്റമുറി ഫ്‌ളാറ്റിന്റെ ചുമരില്‍ തലങ്ങും വിലങ്ങും പതിച്ചിരുന്ന പോസ്റ്ററുകളില്‍ ഒന്നില്‍നിന്ന്, വാ പൊളിച്ചു കണ്ണുതുറിച്ചു നില്‍ക്കുന്ന ഒരു  നീലക്കുപ്പായക്കാരന്‍ പെട്ടെന്ന് ഓര്‍മയിലേക്ക് ഇറങ്ങിവന്നു അപ്പോള്‍. 

ശൂന്യാകാശത്തില്‍നിന്ന് പൊട്ടിവീണ് 1990-ലെ ലോകകപ്പിലെ സൂപ്പര്‍ ഹീറോ ആയി മാറിയ താരം. ഇറ്റലിയുടെ ഗോളടിയന്ത്രം. ശ്വാസമടക്കിപ്പിടിച്ചുകൊണ്ട്, അവിശ്വസനീയതയോടെ പ്രിയതാരത്തെ  നോക്കിനില്‍ക്കേ, ചന്ദ്രേട്ടന്റെ മനസ്സില്‍ മിന്നിമറഞ്ഞ ചിത്രങ്ങള്‍ എത്രയെത്ര. പക്ഷേ, വൈകിപ്പോയിരുന്നു. തിടുക്കത്തില്‍ ട്രെയിനിറങ്ങി പുറത്തെ ജനപ്രളയത്തില്‍ അലിയുമ്പോള്‍, സ്‌കിലാച്ചിയില്‍നിന്ന് ഒരു ഓട്ടോഗ്രാഫ് പോലും വാങ്ങാനായില്ലല്ലോ എന്ന ദുഃഖം ബാക്കി. ഒപ്പമിരുന്ന് ഒരു ഫോട്ടോ എടുക്കാത്തതിലുള്ള നഷ്ടബോധവും.

''കണ്ടത് കിനാവല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇപ്പോഴും.' വിചിത്രമായ ഈ അനുഭവം വിവരിക്കവേ ചന്ദ്രേട്ടന്‍ പറഞ്ഞു: ''സ്‌കിലാച്ചിയെ പോലൊരു താരം സാധാരണക്കാര്‍ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുക എന്നതുതന്നെ അദ്ഭുതമല്ലേ? ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുപോലും ഉണ്ടായിരുന്നില്ല. ഇറ്റലിക്കാര്‍ക്ക്  എങ്ങനെ ടോട്ടോയെ മറക്കാന്‍ കഴിഞ്ഞു ഒരൊറ്റ ലോകകപ്പില്‍ ആറു ഗോളടിച്ച് ലോകത്തെ ഞെട്ടിച്ച കളിക്കാരനെ?' മറുപടിയായി ഞാനൊരു കഥ പറഞ്ഞു. കഥയിലെ നായകന്‍ ജര്‍ണയില്‍ സിങ്. ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച പന്തുകളിക്കാരില്‍ ഒരാള്‍. പിന്‍നിര തൊട്ടു മുന്‍നിര വരെ ഏതു പൊസിഷനിലും പറന്നുകളിക്കാന്‍ കഴിവുള്ള ഈ സര്‍ദാര്‍ജിയുടെ മിന്നുന്ന ഗോളിലൂടെ 1962-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഫുട്‌ബോള്‍ സ്വര്‍ണം നേടിയത് ഇന്ന് ചരിത്രത്തിന്റെ ഭാഗം. തലയില്‍ ആറു തുന്നിക്കെട്ടുമായി കളിക്കാനിറങ്ങിയ ജര്‍ണയിലും മുന്നേറ്റ നിരയിലെ തോഴനായ പി.കെ. ബാനര്‍ജിയും ചേര്‍ന്നാണ് ഫൈനലില്‍ കൊറിയന്‍ പ്രതിരോധനിരയെ ഭസ്മമാക്കിയത്. ഏഷ്യാഡിനു തൊട്ടു പിന്നാലെ 'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രം വായനക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയ കായിക താരമായി ജര്‍ണയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്രിക്കറ്റിലെ ഗ്‌ളാമര്‍ താരമായ നരി കോണ്‍ട്രാക്ടറെയും ഏഷ്യാഡ് സ്വര്‍ണജേതാവായ ഗുര്‍ബചന്‍ സിങ് രണ്‍ധാവയേയും വിംബിള്‍ഡണ്‍ സെമിഫൈനലിസ്റ്റ് രാമനാഥന്‍ കൃഷ്ണനെയും ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ വിത്സണ്‍ ജോണ്‍സിനെയും ഒക്കെ നിഷ്പ്രഭമാക്കിയ വിജയം.

പത്തു വര്‍ഷത്തോളം ഇന്ത്യക്കും മോഹന്‍ ബഗാനും ഏഷ്യന്‍ ഓള്‍ സ്റ്റാഴ്‌സ് ടീമിനും വേണ്ടി പടനയിച്ചശേഷം വിടവാങ്ങിയ ജര്‍ണയില്‍ പിന്നെ കുറച്ചുകാലം കോച്ചുമായിരുന്നു. പറഞ്ഞിട്ടെന്ത്? പത്തു പന്ത്രണ്ടു വര്‍ഷം കഴിഞ്ഞു ഒരു നാള്‍ മോഹന്‍ ബഗാന്‍ ഗ്രൗണ്ടില്‍ ഏതോ ലീഗ് മത്സരം കാണാനെത്തിയ ജര്‍ണയിലിനെ ഗെയിറ്റില്‍ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു. പഴയ ഇന്ത്യന്‍ താരമാണെന്നും അര്‍ജുന അവാര്‍ഡ് ജേതാവാണെന്നും ഏഷ്യന്‍ ടീമിനെ നയിച്ചിട്ടുണ്ടെന്നും ഒക്കെ പറഞ്ഞുനോക്കി അദ്ദേഹം. കാര്യമൊന്നും ഉണ്ടായില്ല. സ്ഥലത്തുണ്ടായിരുന്ന ബഗാന്റെ ഒഫിഷ്യലുകള്‍ പോലും ജര്‍ണയിലിനെ തിരിച്ചറിഞ്ഞില്ല എന്നതാണ് വിരോധാഭാസം. ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവമായി അന്നത്തെ തിരസ്‌കരണം. ജര്‍ണയില്‍ പല അഭിമുഖങ്ങളിലും എടുത്തുപറഞ്ഞിട്ടുണ്ട്, ''എടുക്കാത്ത കറന്‍സിനോട്ടുപോലെയാണ് കളിക്കളത്തോട് വിട വാങ്ങിയ ഇന്ത്യന്‍ ഫുട്‌ബോളര്‍. ആര്‍ക്കും വേണ്ടാതാവും നമ്മളെ. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍വേണ്ടി സ്വന്തം നേട്ടങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കാനേ വയ്യ. തമ്മില്‍ ഭേദം ആരുമറിയാതെ ജീവിച്ചു മരിച്ചുപോകുന്നതാണെന്ന് തോന്നി എനിക്ക്..''ഒരിക്കല്‍ അദ്ദേഹം എഴുതി.  

ഒറ്റപ്പെട്ട ഉദാഹരണമല്ല ജര്‍ണയിലിന്റെ ദുരനുഭവം ഇന്ത്യന്‍ ഫുട്‌ബോളില്‍. ഒളിമ്പ്യന്‍ നെവില്‍ ഡിസൂസ, യുസുഫ് ഖാന്‍, നൂര്‍ മുഹമ്മദ്, പരാബ്... അവഗണനയില്‍ എരിഞ്ഞൊടുങ്ങിയ  താരജീവിതങ്ങള്‍  എത്രയെത്ര. ജീവിക്കാന്‍വേണ്ടി സെക്കന്തരാബാദിലെ കന്റോണ്‍മെന്റ് ഏരിയയില്‍ ഉന്തുവണ്ടിയില്‍ ബേല്‍പുരി വിറ്റു നടക്കുന്ന ഇ.എം.ഇയുടെ പഴയ പടക്കുതിര ബീര്‍ ബഹാദുറിനെക്കുറിച്ച് പത്രങ്ങളില്‍ വായിച്ചറിഞ്ഞിട്ടു ഏറെയായിട്ടില്ല1958-ലെ ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ടീമിലെ കിടിലന്‍ റോവിംഗ് സെന്റര്‍ ഹാഫ് ആയിരുന്നു ബീര്‍ ബഹാദൂര്‍ എന്നോര്‍ക്കുക. ഇന്ത്യയുള്‍പ്പെടയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ 5-3-2 ശൈലിയില്‍ കളിച്ചിരുന്ന കാലമായിരുന്നു അത്.

ഡൂ ഇക്കിന്റെദുരന്തം

നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ഫുട്‌ബോളിന്റെ രാജപാതകളിലൂടെ തിരിഞ്ഞുനടക്കുമ്പോള്‍ ഇത്തരം നിരവധി ദുരന്തകഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു നാം. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നിന്റെ സൂത്രധാരനായിരുന്ന പാക് ഡൂ ഇക്കിന്റെ കഥയോര്‍ക്കുക. 1966-ലെ ലണ്ടന്‍ ലോകകപ്പിനെത്തിയ ഉത്തര കൊറിയന്‍ ടീമിന്റെ മുന്നേറ്റനിരയിലെ കൊച്ചു പുലിക്കുട്ടി. ടൂര്‍ണമെന്റ് പാതിയെത്തും വരെ ഡൂ ഇക്കും കൂട്ടരും ചിത്രത്തില്‍ എങ്ങുമുണ്ടായിരുന്നില്ല. കൊമ്പന്മാരായ ഇറ്റലിയും റഷ്യയും ചിലിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് അന്താരാഷ്ര്ട ഫുട്‌ബോളില്‍ കാര്യമായ മേല്‍വിലാസമൊന്നുമില്ലാത്ത കൊറിയയുടെ കുഞ്ഞന്‍ പട അടുത്ത റൗണ്ടില്‍ കയറിപ്പറ്റുമെന്നു പ്രതീക്ഷിക്കുന്നതുപോലും അധികപ്രസംഗമായിരുന്നു. ആദ്യമത്സരത്തില്‍ ലെവ് യാഷിന്റെ റഷ്യന്‍ ടീമിനോട്  ദയനീയ തോല്‍വി. രണ്ടാമത്തെ മത്സരത്തില്‍ ചിലിയുമായി സമനില. അടുത്ത മത്സരത്തില്‍ അതിശക്തരായ ഇറ്റലിയെ തോല്പിച്ചാലേ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും വകുപ്പുള്ളൂ.  ജിയാനി റിവേരയും ജിയാസിന്തോ ഫാച്ചറ്റിയും കളിക്കുന്ന ഇറ്റലി എവിടെ, ഫൈനല്‍ റൗണ്ടില്‍ കഷ്ടിച്ച് കയറിപ്പറ്റിയ ഉത്തരകൊറിയ എവിടെ? പക്ഷേ, കൊറിയക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലായിരുന്നു. ഭൂരിഭാഗവും പട്ടാളക്കാരടങ്ങിയ ടീം. തോറ്റു നാട്ടില്‍ തിരിച്ചുചെന്നാല്‍ കിം ഇല്‍ സുംഗ് ഭരണകൂടം വെറുതെവിടില്ലെന്ന് അറിയാമായിരുന്നു അവര്‍ക്ക്. അറ്റകൈക്ക്, നിരത്തിനിര്‍ത്തി കാച്ചിക്കളയാന്‍പോലും മടിക്കാത്ത വര്‍ഗമാണ്.

സ്വാഭാവികമായും അയര്‍സം പാര്‍ക്കിലെ ശുഷ്‌കമായ ഗാലറികള്‍ക്ക് മുന്നില്‍ കൊറിയ മരിച്ചുകളിച്ചു.  ക്രോസ്ബാറിനടിയില്‍ റി ചാന്‍ മിയാംഗിന്റെ ഉജ്വല ഫോം ആയിരുന്നു ആദ്യത്തെ അരമണിക്കൂര്‍ അവരുടെ കരുത്ത്. പിന്നീടങ്ങോട്ട് മുന്നേറ്റനിരയില്‍ പാക് ഡൂ ഇക്കിന്റെ ഒറ്റയാള്‍ പോരാട്ടവും. ഡൂ ഇക്കിന്റെ കണ്ണഞ്ചിക്കുന്ന വേഗതയ്ക്ക് മുന്നില്‍ പലപ്പോഴും ഇറ്റാലിയന്‍ പ്രതിരോധം മിഴിച്ചുനിന്നു. ഇടവേളയ്ക്കു തൊട്ടു മുന്‍പായിരുന്നു ആ മുന്നേറ്റങ്ങളുടെ കൈ്‌ളമാക്‌സ്. മധ്യരേഖയ്ക്കടുത്തുനിന്ന് സിയുംഗ് സിന്‍ ഹെഡ് ചെയ്തിട്ടുകൊടുത്ത പന്ത് നിയന്ത്രിച്ചെടുത്ത ശേഷം, രണ്ടുമൂന്നു ഡിഫന്‍ഡര്‍മാരെ വെട്ടിച്ചു കടന്ന ഡൂ ഇക് ബോക്‌സിനുള്ളില്‍നിന്ന് തൊടുത്ത വലംകാല്‍ ഷോട്ട് ഇറ്റലിയുടെ പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ എന്റിക്കോ ആല്‍ബര്‍ട്ടോസിക്ക് ഒരു പഴുതും നല്‍കിയില്ല. കൊറിയ ഒരു ഗോളിന് മുന്നില്‍.

ഞെട്ടിത്തരിച്ചുപോയ ഇറ്റലി ഗോള്‍ മടക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. ഫലമൊന്നും ഉണ്ടായില്ലെന്നു മാത്രം. കൊറിയയുടെ പട്ടാളപ്പട അതിനകം പെനാല്‍റ്റി ഏരിയയില്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ചു എതിര്‍ മുന്നേറ്റങ്ങളുടെ മുനയൊടിക്കാന്‍ പഠിച്ചുകഴിഞ്ഞിരുന്നു. വിജയത്തോടെ സെമിഫൈനലില്‍ എത്തിയ കൊറിയ അവിടെവെച്ച് ഉജ്ജ്വലമായ ഒരു പോരാട്ടത്തിനൊടുവില്‍ (മൂന്നു ഗോളിന് മുന്നിട്ടുനിന്നശേഷം) യുസേബിയോയുടെ പോര്‍ച്ചുഗലിനോട് കീഴടങ്ങിയെങ്കിലും ഡൂ ഇക്കിന്റെ മായാജാലപ്രകടനം ലോകം മറന്നില്ല. തിരിച്ചു നാട്ടില്‍ ചെന്നപേ്പാള്‍ രാജകീയ സ്വീകരണമായിരുന്നു ഡൂ ഇക്കിനും കൂട്ടര്‍ക്കും. രാജ്യത്തിന്റെ പരമോന്നത കായികബഹുമതിയായ അത്‌ലറ്റ്  ഓഫ് ദി പീപ്പിള്‍ ബാഡ്ജ് നല്‍കിയാണ് കൊറിയന്‍ ഭരണകൂടം  ലോകകപ്പ് താരങ്ങളെ ആദരിച്ചത്. ഒപ്പം ദേശീയ ടീമിന്റെ ലോകകപ്പ് പ്രകടനത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു വിദഗ്ധസമിതിയെ നിയോഗിക്കാനും മറന്നില്ല അവര്‍. പട്ടാളക്കാരാകുമ്പോള്‍ കാര്യങ്ങള്‍ക്കൊരു പട്ടാളച്ചിട്ട വേണ്ടേ?

പിന്നെയാണ് ആന്റികൈ്‌ളമാക്‌സ്.  ലോകകപ്പിലെ കൊറിയയുടെ വിജയാപചയങ്ങളെക്കുറിച്ച് ശാസ്ര്തീയമായി അന്വേഷിക്കാന്‍ നിയുക്തമായ സമിതി ദേശീയ ടീമിന്റെ പ്രകടനത്തെ നിശിതമായി വിമര്‍ശിച്ചു. പോര്‍ച്ചുഗലിനെതിരായ സെമിഫൈനലില്‍ ടീം കരുതിക്കൂട്ടി തോറ്റുകൊടുക്കുകയായിരുന്നു എന്നു വരെ ആരോപണമുണ്ടായി. മൂന്നു ഗോളിന് മുന്നില്‍നിന്ന ടീമിന് എങ്ങനെ ഇത്ര ബാലിശമായി തോറ്റുകൊടുക്കാനാകും എന്നായിരുന്നു പരാജയത്തെ മനഃശാസ്ര്തപരമായി വിശകലനം ചെയ്ത വിദഗ്ധരുടെചോദ്യം. ഇറ്റലിക്കെതിരെ ജീവന്മരണ പോരാട്ടത്തിലൂടെ നേടിയ വിജയം അതോടെ എല്ലാവരും മറന്നു. രാജ്യത്തിനേറ്റ അഭിമാനക്ഷതത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഒരൊറ്റ രാത്രികൊണ്ട് പാക് ഡൂ ഇക്കിന്റേയും കൂട്ടരുടെയും തലയിലായി. ടീമംഗങ്ങളുടെ ബഹുമതികള്‍ എല്ലാം തിരിച്ചുവാങ്ങണം എന്നായിരുന്നു ഉന്നതതല സമിതിയുടെ വിധിയെഴുത്ത്. പോരാ, ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുകയും വേണം.

കാതടപ്പിക്കുന്ന ആരവങ്ങളുടെ നടുവില്‍നിന്ന് കൊടിയ പീഡനങ്ങളുടെയും നിശബ്ദമായ സഹനത്തിന്റെയും ലോകത്തേക്കുള്ള യാത്രയുടെ തുടക്കം. കളിക്കാരില്‍ പലരെയും കൊറിയന്‍ ഭരണകൂടം തടവറയ്ക്കുള്ളില്‍ അടച്ചു. അതിര്‍ത്തിപ്രദേശങ്ങളിലെ ഖനികളിലും കൊടുംകാടുകളിലും  ചെന്ന് ജോലി ചെയ്യാനായിരുന്നു മറ്റുള്ളവരുടെ വിധി. സാദാ പട്ടാളക്കാരനില്‍നിന്ന് സാര്‍ജന്റായി സ്ഥാനക്കയറ്റം കിട്ടിയിരുന്ന ഡൂ ഇക്കിനും കിട്ടി കടുത്തശിക്ഷ. യാംഗ്കാംഗ് പ്രവിശ്യയിലെ വനപ്രദേശത്തു ഒരു സാധാരണ തൊഴിലാളിയായി അടുത്ത പത്തു വര്‍ഷം ചെലവഴിക്കേണ്ടിവന്നു അദ്ദേഹത്തിന്. അജ്ഞാതവാസം കഴിഞ്ഞപ്പോഴേക്കും തിരിച്ചറിയാന്‍ ആവാത്തവിധം അവശരായിക്കഴിഞ്ഞിരുന്നു പഴയ വീരനായകര്‍. ''പന്തുകളിയോട് സ്‌നേഹം തോന്നിയ നിമിഷത്തെ ഉള്ളാലേ ശപിച്ചു ഞാന്‍. ഫുട്‌ബോള്‍ ആണല്ലോ എന്റെ ജീവിതം തകര്‍ത്തത്.' വര്‍ഷങ്ങള്‍ക്കു ശേഷം, കൊറിയന്‍ ടീമിന്റെ ലോകകപ്പ് വീരഗാഥയെക്കുറിച്ച് ഡോക്യുമെന്ററി എടുക്കാന്‍ വന്ന ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ഡാനിയല്‍ ഗോര്‍ഡനോട് ഡൂ ഇക് വേദനയോടെ പറഞ്ഞു. 

അതിനകം ആ വിഖ്യാത കൊറിയന്‍ ടീമിലെ ഭൂരിഭാഗം അംഗങ്ങളും കഥാവശേഷരായിക്കഴിഞ്ഞിരുന്നു. ജയിലിലും ഖനികളിലും അനുഭവിച്ച നിരന്തരപീഡനങ്ങളുടെ ദുഃഖസ്മരണകള്‍ ആയിരുന്നു അവശേഷിച്ച എട്ടു കളിക്കാരുടെ സമ്പാദ്യം. പിതാവായ കിം ഇല്‍ സുംഗിന്റെ മരണത്തെ തുടര്‍ന്ന് 1994-ല്‍  കിം ജോംഗ് ഇല്‍  ഉത്തര കൊറിയയുടെ ഭരണസാരഥ്യമേല്‍ക്കും വരെ രാജ്യദ്രോഹികളുടെ  പരിവേഷമായിരുന്നു ലോകകപ്പ് ടീമംഗങ്ങള്‍ക്ക്. കിം ജോംഗ് ഇല്‍, പക്ഷേ, എല്ലാ നെറികേടുകള്‍ക്കും പ്രായശ്ചിത്തം ചെയ്തു. ഭയപ്പാടോടെ സമൂഹത്തിന്റെ കണ്ണുകളില്‍നിന്ന് അകന്നു കഴിയുകയായിരുന്ന പഴയ കളിക്കാരെ അദ്ദേഹം തലസ്ഥാനമായ പ്യോംഗ്യാംഗിലേക്ക് ക്ഷണിച്ചുവരുത്തി. ടീമിലെ സുവര്‍ണതാരമായ ഡൂ ഇക്കിനെ യാംഗ്കാംഗ് അത്‌ലറ്റിക് കമ്മീഷന്റെ മേധാവിയാക്കി. റദ്ദ് ചെയ്ത ബഹുമതികള്‍ തിരിച്ചുനല്‍കി. പില്‍ക്കാലത്ത് കൊറിയന്‍ ദേശീയ ടീമിനെ ലോകകപ്പിനുവേണ്ടി പരിശീലിപ്പിക്കാനും ഭാഗ്യമുണ്ടായി ഡൂ ഇക്കിന്. ഒപ്പം,  2008-ലെ ബീജിംഗ് ഒളിമ്പിക്‌സിന്റെ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കാനും. 

ടോട്ടോയുടെ ഉദയാസ്തമയങ്ങള്‍

പാക് ഡൂ ഇക്കിന്റേത് ഭരണകൂടം അടിച്ചേല്പിച്ച 'ഭവനവാസം' ആയിരുന്നെങ്കില്‍, സാല്‍വദോര്‍ സ്‌കിലാച്ചി അത് സ്വയം തെരഞ്ഞെടുത്തതാണെന്ന വ്യത്യാസമുണ്ട്. 1990-ലെ ലോകകപ്പിന് മുന്‍പ് അധികമാരും കേട്ടിട്ടുണ്ടാവില്ല ടോട്ടോയെപ്പറ്റി. സത്യത്തില്‍ ലോകകപ്പിന് ഒരു വര്‍ഷം മുന്‍പു മാത്രമാണ് സ്‌കിലാച്ചി ഉന്നതനിലവാരത്തിലുള്ള ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത് തന്നെ. സെരീ ബി ടീമായ മെസീനയില്‍നിന്ന് 1989-ല്‍ യുവന്റസ്‌സില്‍ എത്തിയ ഈ സിസിലിക്കാരന്‍ അരങ്ങേറ്റ സീസണില്‍ അടിച്ചുകൂട്ടിയത് പതിനഞ്ചു ഗോള്‍. ഒരു തുടക്കക്കാരനെ സംബന്ധിച്ച് അത്ര  മോശമല്ലാത്ത റെക്കോര്‍ഡ്. യുവെന്റസിന്റെ കോപ്പ ഇറ്റാലിയ, യുവേഫാ കപ്പ് വിജയങ്ങളില്‍ പങ്കാളിയായിരുന്ന സ്‌കിലാച്ചിയെ ദേശീയടീമിലെടുക്കുമ്പോള്‍, ബെഞ്ചില്‍ ഇരുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ കോച്ച് അസെലിയോ വിസീനി. റോബര്‍ട്ടോ ബാജിയോ, ജിയാന്‍ലൂക്കാ വിയല്ലി, റോബര്‍ട്ടോ മാന്‍സീനി, ആന്ദ്രിയ കാര്‍നിവെയ്ല്‍, ആള്‍ഡോ സെറീന തുടങ്ങി മുന്നേറ്റനിരയില്‍ പ്രതിഭകളുടെ പട തന്നെ ഊഴം കാത്ത് നിരന്നുനില്‍ക്കുമ്പോള്‍ ആര്‍ക്കുണ്ട് ഒരു പുതുമുഖത്തെക്കുറിച്ച് ഓര്‍ക്കാന്‍ സമയം?

പക്ഷേ, ഓസ്ട്രിയക്കെതിരായ ആദ്യമത്സരത്തില്‍തന്നെ വിസീനിയുടെ പദ്ധതി പാളി. മുന്‍നിരയിലെ പോരാളികളായ വിയാലികാര്‍നിവെയ്ല്‍ സഖ്യത്തെ ആദ്യത്തെ ഒരു മണിക്കൂര്‍ വരച്ചവരയില്‍ നിര്‍ത്തിക്കളഞ്ഞു ആസ്ട്രിയന്‍ മാര്‍ക്കര്‍മാര്‍. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുന്നതു കണ്ടു അക്ഷമരായി തുടങ്ങിയിരുന്നു റോം ഒളിമ്പിക് സ്‌റ്റേഡിയത്തിലെ നാട്ടുകാരായ കാണികള്‍. ആ ഘട്ടത്തില്‍ കാര്‍നിവെയ്‌ലിനെ പിന്‍വലിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല വിസീനിയുടെ മുന്നില്‍. പകരക്കാരനായി, കഷണ്ടി കയറിത്തുടങ്ങിയ സാല്‍വദോര്‍ സ്‌കിലാച്ചി നാട്യങ്ങളൊന്നും ഇല്ലാതെ മൈതാനത്തേക്ക് കുതിച്ചു ചെല്ലുന്നത് വീര്‍പ്പടക്കി കണ്ടുനിന്നു നിറഞ്ഞ സ്‌റ്റേഡിയം. നാലേ നാലു മിനിട്ടേ വേണ്ടിവന്നുള്ളു സ്‌കിലാച്ചിയുടെ കൈയിലിരിപ്പ് (അതോ കാലിലിരുപ്പോ?) വെളിച്ചത്തുവരാന്‍. വലതു പാര്‍ശ്വത്തില്‍നിന്ന് പെനാല്‍റ്റി ഏരിയയിലേക്ക് വിയാലിയുടെ ഒരു ക്രോസ് ഫീല്‍ഡ് പാസ്. ബോക്‌സിന്റെ ഒത്തനടുവിലേക്ക് എങ്ങുനിന്നോ പറന്നെത്തിയ സ്‌കിലാച്ചി ഒരു പറ്റം ഡിഫന്‍ഡര്‍മാര്‍ക്ക് മുകളില്‍ ഉയര്‍ന്നുചാടി പന്ത് വലയിലേക്ക് ഹെഡ് ചെയ്യുന്നു. ഗോള്‍! വിസീനിക്കു ഗാലറിയിലെ അസൂറിപ്പടയ്ക്കും ശ്വാസം നേരെ വീണത് അപ്പോഴാണ്. സ്‌കിലാച്ചിയുടെ സുവര്‍ണനിമിഷം.

അത്തരം അവിസ്മരണീയ നിമിഷങ്ങളുടെ പരമ്പര തുടങ്ങിയിരുന്നത്രേയുള്ളു സ്‌കിലാച്ചിയുടെ ഫുട്‌ബോള്‍ ജീവിതത്തില്‍. അമേരിക്കയ്‌ക്കെതിരായ അടുത്ത ഗ്രൂപ്പ് മത്സരത്തില്‍ കാര്‍നിവെയ്‌ലിന്റെ പകരക്കാരനായി വന്ന സ്‌കിലാച്ചി ഗോളടിച്ചില്ലെങ്കിലും ഗാലറിയുടെ മനം കവര്‍ന്നു. ചെക്കോസേ്‌ളാവാക്യക്കെതിരായ അവസാന മത്സരത്തില്‍ വിയാലികാര്‍നിവെയ്ല്‍ സഖ്യത്തെ പിന്‍വലിച്ചു ആദ്യ ഇലവനില്‍തന്നെ ബാജിയോ സ്‌കിലാച്ചിമാരെ മുന്നേറ്റനിരയില്‍ പരീക്ഷിക്കാന്‍ വിസീനിക്ക് ധൈര്യം ലഭിച്ചത് അങ്ങനെയാണ്. അതിന്റെ ഗുണവും കണ്ടു. ഒന്‍പതാം മിനിറ്റില്‍തന്നെ ഒന്നാന്തരമൊരു ഹെഡ്ധറിലൂടെ ചെക്ക് ഗോള്‍കീപ്പര്‍ യാന്‍ സ്‌റ്റെയ്‌സ്‌ക്കലിന്റെ ആത്മവിശ്വാസം തകര്‍ത്തുകളഞ്ഞു സ്‌കിലാച്ചി. എഴുപത്തെട്ടാം മിനിറ്റില്‍ ബാജിയോ ആണ് പട്ടിക തികച്ചത്. (2-0).

പ്രീക്വാര്‍ട്ടറില്‍ പരുക്കന്‍ കളിക്ക് പേരുകേട്ട ഉറുഗ്വേക്കെതിരെ നേടിയ ഗോളായിരുന്നു സ്‌കിലാച്ചിയുടെ ക്‌ളാസിക്. എതിര്‍ ഗോള്‍ക്കീപ്പറുടെ ദുര്‍ബലമായ ക്‌ളിയറന്‍സ് മുതലെടുത്ത് ബോക്‌സിന് തൊട്ടു പുറത്തുനിന്ന് തീപാറുന്ന ഒരു ഷോട്ട്.  ഇറ്റലി 2-0-നു ജയിച്ച ആ മത്സരത്തോടെ ഇതിഹാസ താരങ്ങളായ പൗലോ റോസിയുടേയും  ജുസപ്പെ മസീനിയുടെയും പിന്‍ഗാമിയായി ടോട്ടോയെ വാഴ്ത്താന്‍ തുടങ്ങി ഇറ്റാലിയന്‍ മാധ്യമങ്ങള്‍. ജാക്ക് ചാള്‍ട്ടന്റെ അയര്‍ലണ്ടിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും ആരാധകരെ നിരാശരാക്കിയില്ല സ്‌കിലാച്ചി. ഗോള്‍ക്കീപ്പര്‍ പാറ്റ് ബോണറുടെ പിഴവില്‍നിന്ന് മറ്റൊരു എണ്ണം പറഞ്ഞ ഗോള്‍ നാലു  മത്സരങ്ങളില്‍നിന്ന് നാലാമത്തേത്. കണ്ണു തിരുമ്മി, അന്തംവിട്ടു നോക്കിയിരിക്കുകയായിരുന്നു ഫുട്‌ബോള്‍  ലോകം.

ദ്യോഗോ മറഡോണയുടെ അര്‍ജന്റീനക്കെതിരായ സെമിഫൈനലിലും കണ്ടു സ്‌കിലാച്ചിയുടെ ഇന്ദ്രജാലം. വിയാലിയുടെ ക്രോസ് ഗോളിലേക്ക് തിരിച്ചുവിട്ട് സ്‌കിലാച്ചി ഇറ്റലിയെ മുന്നിലെത്തിക്കുമ്പോള്‍ പതിനേഴു മിനിട്ട് പിന്നിട്ടിരുന്നതേയുള്ളു മത്സരം. പക്ഷേ, രണ്ടാം പകുതിയില്‍, സ്വന്തം ടീമിനുവേണ്ടി ആര്‍ത്തുവിളിച്ചുകൊണ്ടിരുന്ന നേപ്പിള്‍സിലെ പതിനായിരങ്ങളെ നിരാശരാക്കി കേ്‌ളാദിയോ കനീജിയ അര്‍ജന്റീനയ്ക്കുവേണ്ടി സമനില വരുത്തി. മുഴുവന്‍ സമയം അവസാനിക്കുമ്പോള്‍ സ്‌കോര്‍ 1-1. ഷൂട്ടൗട്ടില്‍ ഡോണഡോണിയും സെറീനയും തുലച്ചുകളഞ്ഞ കിക്കുകള്‍ ഇറ്റലിയുടെ വിധിയെഴുതുന്നു. അര്‍ജന്റീന ഫൈനലില്‍. പക്ഷേ, സ്‌കിലാച്ചിയുടെ ഗോള്‍ദാഹം ശമിച്ചിരുന്നില്ല. മൂന്നാം സ്ഥാനത്തിനായുള്ള പേ്‌ളഓഫില്‍ ഇംഗ്‌ളണ്ടിനെതിരെ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ആറ്  ഗോളുമായി ലോകകപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള സ്വര്‍ണപാദുകവും  മികച്ച  പ്രകടനത്തിനുള്ള  സ്വര്‍ണപ്പന്തും സ്വന്തമാക്കുന്നു സ്‌കിലാച്ചി. മണ്ണും ചാരി നിന്നവന്‍  പെണ്ണും കൊണ്ടുപോയി എന്നു പറഞ്ഞപോലെ. ചെക്ക് സ്‌െ്രെടക്കര്‍ ടോമാസ് സ്‌കുറാവിയുടെ ഗോള്‍ഡന്‍ ബൂട്ട് മോഹങ്ങളാണ് തകര്‍ന്നുതരിപ്പണമായത്.

ഇറ്റാലിയന്‍ ജനതയുടെ കണ്ണില്‍ മറ്റൊരു പോളോ റോസ്‌സി ആയി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ടോട്ടോ. ചെല്ലുന്നിടത്തെല്ലാം രാജകീയ സ്വീകരണങ്ങള്‍; പ്രണയചുംബനങ്ങള്‍; ചൂടന്‍ ഗോസിപ്പുകള്‍. മായാലോകത്ത് വിഹരിക്കുന്നതിനിടെ കാലില്‍നിന്ന് പന്ത് ഒഴിഞ്ഞുപോകുന്നത് മാത്രം അറിഞ്ഞില്ല സ്‌കിലാച്ചി. ഉദയം പോലെതന്നെ അമ്പരപ്പിക്കുന്നതായിരുന്നു അസ്തമയവും. അടുത്ത രണ്ടു വര്‍ഷം ഇന്റര്‍മിലാന്റെ ജേഴ്‌സിയണിഞ്ഞ സ്‌കിലാച്ചിയ്ക്ക് കളിക്കളത്തില്‍ ഒരിക്കലും പഴയ തകര്‍പ്പന്‍  ഫോം വീണ്ടെടുക്കാനായില്ല; ഗോളടിമികവും. പകരക്കാരനായി കുതിച്ചെത്തി താരമായി മാറിയ സ്‌കിലാച്ചി,  കുനിഞ്ഞ ശിരസ്‌സുമായി ബെഞ്ചിലേക്ക് തിരിച്ചുപോയത് കണ്ണു ചിമ്മിത്തുറക്കുന്ന വേഗത്തിലാണ്. ലോകകപ്പിനുശേഷം ദേശീയ ടീമിനുവേണ്ടി ഒരൊറ്റ തവണ കൂടിയേ ലക്ഷ്യം കണ്ടുള്ളു സ്‌കിലാച്ചി-ഏഴാമത്തെയും അവസാനത്തെയും ഗോള്‍. ഇറ്റാലിയന്‍ ക്‌ളബ്ബുകള്‍ക്ക് വേണ്ടാതായതോടെ ടോട്ടോ പുതിയൊരു ഫുട്‌ബോള്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ജപ്പാനിലേക്ക് യാത്രയാകുന്നു. അവിടെ ജൂബിലോ ഇവാത്തക്കുവേണ്ടി ഒരു സീസണ്‍. 1997-ല്‍ കളിക്കളം  വിട്ടശേഷം സ്വന്തം നാടായ സിസിലിയില്‍ തിരിച്ചെത്തിയ സ്‌കിലാച്ചി നവമുകുളങ്ങള്‍ക്കുവേണ്ടി ഒരു അക്കാദമി തുടങ്ങിയെങ്കിലും ക്‌ളച്ചുപിടിച്ചില്ല. ഓരോ ലോകകപ്പും കടന്നുവരുമ്പോള്‍ ടി.വി. ടോക് ഷോകളില്‍ അതിഥിയായി പ്രത്യക്ഷപ്പെടുക എന്നതിലൊതുങ്ങുന്നു  പഴയ സൂപ്പര്‍ സ്‌കോററുടെ ഇന്നത്തെ ഫുട്‌ബോള്‍ ബന്ധം. ''പലര്‍ക്കും ആയുഷ്‌കാലം മുഴുവന്‍ പന്തുകളിച്ചു നടന്നാലും കിട്ടാത്ത ഭാഗ്യമാണ് ഒരൊറ്റ മാസം കൊണ്ട് ലോകകപ്പ് എനിക്ക് സമ്മാനിച്ചത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ രാത്രികള്‍ എന്നെ പിന്തുടരുന്നു; കിനാവു പോലെ.” യൂറോസ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ അടുത്തിടെ സ്‌കിലാച്ചി പറഞ്ഞു.

പ്രശസ്തിയുടെ സുവര്‍ണസോപാനത്തില്‍നിന്ന് ഏകാന്തതയുടെയും വിഷാദത്തിന്റെയും ഇരുള്‍വഴികളിലേക്ക് വഴുതിവീണ നിര്‍ഭാഗ്യവാന്മാരില്‍ ജോര്‍ജ് ബെസ്റ്റും ഗരിഞ്ചയും തൊട്ട് വി.പി. സത്യന്‍ വരെയുണ്ട്. ചിലരൊക്കെ പ്രശസ്തി ഭാരമായി കൊണ്ടുനടന്നവര്‍. മറ്റു ചിലരാകട്ടെ, എന്നെങ്കിലും ഒരിക്കല്‍ വെള്ളിവെളിച്ചത്തില്‍നിന്ന് അകന്നു ജീവിക്കേണ്ടിവരുമെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനാകാതെ ആത്മപീഡനത്തിന്റെ വഴി തെരഞ്ഞെടുത്തവര്‍. പകര്‍ച്ചവ്യാധിപോലെ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പ്രവഹിക്കുന്നു ദുരന്തങ്ങളുടെ ഈ തീരാക്കഥകള്‍.

ഒറ്റ രാത്രിയുടെസുല്‍ത്താന്‍ 

ഒരൊറ്റ രാത്രികൊണ്ട് പ്രശസ്തിയുടെ നെറുകയിലേക്ക് കുതിച്ചുയരുകയും അതേ വേഗത്തില്‍ നിലം പൊത്തുകയും ചെയ്ത കഥയാണ് ഒലഗ് സാലെങ്കോയുടേത്. 1994-ലെ ലോകകപ്പില്‍ റഷ്യക്കുവേണ്ടി ആറു ഗോളടിച്ചു ഗോള്‍ഡന്‍ ബൂട്ട് നേടുമ്പോള്‍ സാലെങ്കോക്ക് പ്രായം 24. പക്ഷേ, പിന്നീടൊരിക്കലും  ദേശീയ ടീമിന്റെ കുപ്പായമണിയാന്‍ യോഗമുണ്ടായില്ല സാലെങ്കോയ്ക്ക്. ഉക്രെയ്‌നിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ കോച്ചിംഗ് സ്റ്റാഫില്‍ ഒരു സാധാരണ അംഗം മാത്രമായി കാലം കഴിക്കുകയാണ് സാലെങ്കോ ഇപ്പോള്‍.

ഗോളടിയില്‍  അത്ര മോശമല്ലാത്ത റെക്കോര്‍ഡ് മുന്‍പേയുണ്ട് സാലെങ്കോക്ക്. 1989-ല്‍ സൗദി അറേബ്യയില്‍ നടന്ന ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു. അന്നടിച്ചതും ആറു ഗോള്‍.  സീനിയര്‍ ടീമില്‍ ഇടം നേടാന്‍ അമേരിക്കയില്‍ നടന്ന ലോകകപ്പ് വരെ  കാത്തിരിക്കേണ്ടി വന്നു എന്നിട്ടും ഈ ലെനിന്‍ഗ്രാഡുകാരന്. സ്വീഡനെതിരെ പെനാല്‍റ്റി ഗോളാക്കി മാറ്റിക്കൊണ്ടായിരുന്നു തുടക്കം. പക്ഷേ, മത്സരം റഷ്യ 1-3-നു തോറ്റു. കാമറൂണിനെതിരായ അടുത്ത കളിയിലാണ് സാലെങ്കോയുടെ വിശ്വരൂപം ലോകം കണ്ടത്. ഒരൊറ്റ മത്സരത്തില്‍ മൊത്തം അഞ്ചു ഗോള്‍! 6-1-നു ജയിച്ചിട്ടും റഷ്യ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയില്ല എന്നതായിരുന്നു ട്രാജഡി. എങ്കിലെന്ത്? ബള്‍ഗേറിയയുടെ ഹ്രിസ്‌റ്റൊ സ്‌റ്റോയിച്ച്‌കോവുമായി സുവര്‍ണ പാദുകം പങ്കുവെച്ചത് സാലെങ്കോ. പക്ഷേ, പിന്നീടൊരിക്കലും അന്തര്‍ദേശീയ ഫുട്‌ബോളില്‍ ഈ ഗോളടിവീരന്റെ തലവെട്ടം കണ്ടില്ല. റഷ്യന്‍ കോച്ച് ഒലഗ് റോമന്‍സെവിന്റെ കണ്ണിലെ കരടായി മാറിയതാണ് ഒരു കാരണം. മറ്റൊന്ന്, നിരന്തരം വേട്ടയാടിയ പരിക്കുകളും. ഒന്നുരണ്ടു തവണ ക്‌ളബ് തലത്തില്‍ തിരിച്ചുവരാനുള്ള സാലെങ്കോയുടെ ശ്രമങ്ങള്‍ ദയനീയ പരാജയത്തിലാണ് ചെന്നൊടുങ്ങിയത്.

1986-ലെ മെക്‌സിക്കോ ലോകകപ്പില്‍ വെറും പത്തുദിവസം കൊണ്ട് പ്രശസ്തിയുടെ പാരമ്യത്തിലേക്ക് പറന്നുയര്‍ന്ന ഡിഫന്‍ഡര്‍  ജോസിമാറിനെ ഓര്‍ക്കുക. റയോ ഡി ജനീറോയില്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച ജോസിമാര്‍ ഇഷിനോ പെരേരയുടെ ഉയര്‍ച്ച ഐതിഹാസികമായിരുന്നു, വീഴ്ചയും. സാലെങ്കൊയെപ്പോലെ ലോകകപ്പിനു മുന്‍പ് ഒരൊറ്റ മത്സരത്തില്‍പോലും ദേശീയ ടീമിന് കളിച്ച ചരിത്രമില്ല ജോസിമാറിനും. വടക്കന്‍ അയര്‍ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ കളിക്കാന്‍ അവസരം കിട്ടിയതു തന്നെ സ്ഥിരം റൈറ്റ് ബാക്ക് എഡ്‌സണ്‍ ബൊവാരോക്ക് പരിക്കേറ്റതുകൊണ്ട് മാത്രം. പക്ഷേ, 30 വാര ദൂരെനിന്നുള്ള ജോസിമാറിന്റെ ഷോട്ട് വായുവില്‍ വളഞ്ഞുപുളഞ്ഞ് ക്രോസ്‌സ്ബാറിന്റെ ഇടത്തേ മൂലയില്‍ ചെന്നുരുമ്മി പൊടുന്നനെ അകത്തുചെന്ന് വീണപ്പോള്‍ വസന്തങ്ങള്‍ ഏറെ കണ്ടിട്ടുള്ള ഐറിഷ് ഗോളി പാറ്റ് ജെന്നിംഗ്‌സ് മിഴിച്ചുനിന്നു. 

പോളണ്ടിനെതിരായ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കുറെക്കൂടി മുന്തിയ പ്രകടനം കാഴ്ചവെച്ചു ജോസിമാര്‍. രണ്ടു എതിര്‍ ബാക്കുകളുടെ ആപല്‍ക്കരമായ ടാക്ക്‌ലിംഗില്‍നിന്ന് തന്ത്രപൂര്‍വം കുതറിമാറി, ബോക്‌സിന്റെ മൂലയില്‍നിന്ന് അസാധ്യമായ ഒരു ഷോട്ട്. ബ്രസീല്‍ 4-0-നു ജയിച്ച മത്സരത്തിലെ ഏറ്റവും മികച്ച ഗോള്‍ അതായിരുന്നു. സോക്രട്ടീസിനും സീക്കോയ്ക്കും കരേക്കയ്ക്കും ഒപ്പം ബ്രസീലിയന്‍ നിരയിലെ സുവര്‍ണതാരങ്ങളില്‍ ഒരാളായി മാധ്യമങ്ങളില്‍ തിളങ്ങിനിന്നു ജോസിമാര്‍. പക്ഷേ, ലോകകപ്പിനുശേഷം ജോസിമാര്‍ വാര്‍ത്ത സൃഷ്ടിച്ചത് കളിമികവിലൂടെയല്ല; കളത്തിനു പുറത്തെ ഫൗളുകളിലൂടെയായിരുന്നു. മദ്യവും മദിരാക്ഷിയുമായി സന്തതസഹചാരികള്‍. നടുറോട്ടിലിട്ട് ഏതോ ലൈംഗികത്തൊഴിലാളിയെ മര്‍ദിച്ചതിന്റെ പേരിലായിരുന്നു ആദ്യ അറസ്റ്റ്. പൊലീസുകാരനെ തല്ലിയതിനും കൊക്കെയ്ന്‍ കൈവശം വെച്ചതിനും ഒക്കെ ജയിലില്‍ കയറിയിറങ്ങേണ്ടിവന്നു പഴയ ഗോളടിവീരന്. കളി അതോടെ അതിന്റെ പാട്ടിനു പോയി. ചീത്തപ്പേര് മാത്രം ബാക്കി.

പിന്നീടൊരു ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായില്ല പ്രതിഭാധനനായ ഈ കളിക്കാരന്. ബ്രസീലിന്റെ ജെഴ്‌സി അണിഞ്ഞത് ആകെ 16 തവണ. വെനിസ്വലയിലെ താഴേക്കിട ക്‌ളബ്ബായ മിനെറോസ് ഡി ഗയാനക്ക് വേണ്ടി കളിച്ചുകൊണ്ടായിരുന്നു 1997-ല്‍ വിടവാങ്ങല്‍. അതിനകം ജോസിമാര്‍ ഫുട്‌ബോളിന്റെ മുഖ്യധാരയില്‍നിന്ന് ഏറെ അകന്നുകഴിഞ്ഞിരുന്നു. കളി നിര്‍ത്തിയശേഷം ലഹരിയുടെ ലോകത്തേക്ക് തിരിച്ചു പോയ ജോസിമാറിനെ രക്ഷിച്ച്, സന്മാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒടുവില്‍ പഴയ കളിക്കൂട്ടുകാരനായ ജൊര്‍ജിന്യോയുടെ ശക്തമായ ഇടപെടല്‍ വേണ്ടിവന്നു എന്നതാണ് ചരിത്രം. പഴയ ക്‌ളബ്ബായ ബോട്ടഫാഗോയുടെ സഹ പരിശീലകരില്‍ ഒരാളായി ജോലിനോക്കുന്നു ഇന്ന് ജോസിമാര്‍. ബോട്ടഫാഗോയിലൂടെ കളിച്ചുവളര്‍ന്ന മകന്‍ ജോസിമാര്‍ ജൂനിയറിലാണ് ഇനി അദ്ദേഹത്തിന്റെ പ്രതീക്ഷ. 

ജോ ഗേറ്റ്ജന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവരൊക്കെ എത്ര ഭാഗ്യവാന്മാര്‍! 1950-ലെ ലോകകപ്പില്‍ കൊലകൊമ്പന്മാരായ ഇംഗ്‌ളണ്ടിനെതിരെ ദുര്‍ബലരായ അമേരിക്കയ്ക്ക് അട്ടിമറി വിജയം നേടിക്കൊടുത്ത ഗോളിന്റെ ഉടമയായിരുന്നു ജോസഫ് എഡ്വേര്‍ഡ് ഗേറ്റ്ജന്‍സ്. ലോകകപ്പ് കഴിഞ്ഞ് നാടുവിട്ട ഗേറ്റ്ജന്‍സ് ഒരൊറ്റ അന്താരാഷ്ര്ട മത്സരം കൂടിയേ കളിച്ചുള്ളു. അത് ഹെയ്ത്തിക്കുവേണ്ടിയായിരുന്നു. കളിയില്‍നിന്ന് പതുക്കെ അകന്ന ഗേറ്റ്ജന്‍സിനെക്കുറിച്ച് പിന്നീട് ലോകം കേട്ടത്, രാഷ്ര്ടീയ ഗൂഢാലോചന ആരോപിച്ചു പ്രസിഡന്റ് ഫ്രാങ്കോ ഡുവാലിയറിന്റെ രഹസ്യപ്പൊലീസ് ഹെയ്ത്തിയില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോഴാണ്. ഗേറ്റ്ജന്‍സിന് പിന്നെ എന്ത് സംഭവിച്ചുവെന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ ഉത്തരമില്ലാത്ത കടംകഥകളില്‍ ഒന്നായി തുടരുന്നു ഇന്നും. ഹെയ്ത്തിയിലെ ഏതോ കല്‍ത്തുറുങ്കില്‍ വെച്ച് നിഷ്ഠൂരമായി കൊല്ലപ്പെട്ടു എന്നാണ് ഊഹം. 

അങ്ങനെ എത്രയെത്ര ദുരന്ത ചിത്രങ്ങള്‍. ഓര്‍ക്കുക: പെലെയെയും മറഡോണയേയും മെസ്‌സിയെയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയും പോലുള്ള പകിട്ടാര്‍ന്ന താരങ്ങളുടേതു മാത്രമല്ല ലോകകപ്പ് ചരിത്രം. ജീവിതം ചുരുട്ടിക്കൂട്ടി വഴിയരികില്‍ വലിച്ചെറിഞ്ഞ് ഇരുളിലേക്ക് നടന്നുപോയ ഗരിഞ്ചമാരുടെയും ഗാസ്‌കോയിന്മാരുടേയും കൂടിയാണ്. ഓരോ ലോകകപ്പും കടന്നുവരുമ്പോള്‍ ചിലരെങ്കിലും അവരെ ഓര്‍ക്കുന്നു. ഇനിയാര്‍ക്കും ഈ ഗതി വരുത്തരുതേ എന്ന പ്രാര്‍ഥനയോടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com