കറപിടിച്ച കൊട്ടാരങ്ങള്‍ക്ക് മീതെ തീ പിടിച്ച മഴവില്ലുകള്‍

കറപിടിച്ച കൊട്ടാരങ്ങള്‍ക്ക് മീതെ തീ പിടിച്ച മഴവില്ലുകള്‍

ആഫ്രിക്കന്‍ ഫുട്‌ബോളിന് എവിടെയോ ഇപേ്പാഴും അയിത്തമുണ്ട്. ഫ്രീ കിക്ക് തടുക്കാന്‍ തീര്‍ക്കുന്ന പ്രതിരോധഭിത്തിക്കു പിന്നില്‍ ഒരദൃശ്യ ശക്തി പോലെ ഈ അയിത്തം സര്‍പ്പ പത്തി വിടര്‍ത്താറുണ്ട്

കറുത്ത വര്‍ഗക്കാര്‍ ഇന്നും യൂറോപ്യന്‍മൈതാനങ്ങളില്‍ കുരങ്ങുകരച്ചിലും കൂക്കിവിളിയും നേരിടുമ്പോള്‍ വെളുത്ത ദുര്‍മേദസ്‌സുകള്‍തീര്‍ത്ത കറപിടിച്ച കൊട്ടാരങ്ങളുടെഅസ്തിവാരത്തിലേക്ക് തീയുണ്ടകള്‍ പോലെഅവരുടെ പന്തുകള്‍ പറക്കേണ്ടിയിരിക്കുന്നു. അംഗീകാരങ്ങളുടെ ആഗോള ശ്രദ്ധയുംഅവര്‍ക്ക് പലപേ്പാഴും അന്യമാവുന്നു

1950  യുള്‍റിമെ ലോകഫുട്‌ബോള്‍ ഫെഡറേഷന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന്റെ രജതജൂബിലി വര്‍ഷമായിരുന്നു. അതിന്റെ ഓര്‍മയ്ക്കായി അന്നുമുതല്‍ ലോകചാമ്പ്യന്മാര്‍ക്ക് സമ്മാനിക്കുന്ന കപ്പിന് യുള്‍ റിമെ കപ്പ് എന്ന് നാമകരണം ചെയ്തു.

മറ്റു സവിശേഷതകള്‍ കൂടിയുണ്ട് ആ ലോകകപ്പിന്. രണ്ടാം ലോകയുദ്ധത്തിന്റെ കരിഞ്ഞ ഗന്ധം മാറിയശേഷം ലോകകപ്പ് പുനാരാരംഭിച്ചതും ആ വര്‍ഷമാണ്. നാലാം ലോകകപ്പിന് ബ്രസീലില്‍ പന്തുരുളുമ്പോള്‍ ചാമ്പ്യന്മാരെന്ന് പ്രവചിക്കാന്‍ മറ്റൊരു വാക്കുണ്ടായിരുന്നില്ല. ബ്രസീല്‍. ചാമ്പ്യന്മാരാവുന്നത് വെറും ചടങ്ങ് മാത്രമെന്ന് കരുതാന്‍ വേണ്ടും ആത്മവിശ്വാസം ബ്രസീലിന്റെ രക്തത്തിലുണ്ടായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മുന്‍കൂട്ടി തയാറാക്കി, പത്രങ്ങള്‍ നേരത്തെ തന്നെ തലക്കെട്ടെഴുതി. പക്ഷേ, ബ്രസീല്‍ തോറ്റു. ഈ തോല്‍വി ലോകകപ്പിന്റെ ദുരന്തങ്ങളിലൊന്നായി. 
ചാമ്പ്യന്മാര്‍ കപ്പ് ഏറ്റുവാങ്ങാന്‍ വരുമ്പോള്‍ മാരക്കാന ശൂന്യമായിരുന്നു. എഴുതിത്തയാറാക്കിയ പ്രസംഗം യുള്‍റിമെ കീശയില്‍ തന്നെ ഉപേക്ഷിച്ചു. ഒന്നും പറയാതെ യുറുഗ്വായ് ക്യാപ്റ്റന്റെ കൈയില്‍ കപ്പ് കൊടുത്ത് പിന്‍വാങ്ങി. തെറ്റായ സ്വപ്‌നത്തിന്റെ ശിരച്‌ഛേദം പോലെ യുറുഗ്വായ് ക്യാപ്റ്റന്‍ ഒബ്ദൂലിയോ വരേലയുടെ കയ്യിലിരുന്ന് യുള്‍ റിമേ കപ്പ് കരഞ്ഞു. 

ആ കപ്പ് മാത്രമല്ല, ബ്രസീല്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള സോക്കര്‍ പ്രേമികള്‍ വേദനിച്ചു.അത് കളി മാത്രമായിരുന്നു. കളിക്കകത്തെ നിയമലംഘനമായിരുന്നില്ലള. അങ്ങനെയുമുണ്ടായി മത്സരങ്ങള്‍.

1982-ലെ സെമിഫൈനല്‍. ഫ്രാന്‍സിന്റെ മിഷേല്‍ പഌറ്റീനിയുടെ ത്രൂപാസ് പിടിച്ച് പാട്രിക് ബാറ്റിസ്റ്റണ്‍ അടിച്ചു. പന്ത് പക്ഷേ, ക്രോസ്ബാറിന് മീതെ പറന്നു. ജര്‍മന്‍ ഗോളി ഹാരോള്‍ഡ് ഷൂമാക്കറിന് അരിശം അടങ്ങിയില്ല. ബാറ്റിസ്റ്റണെ ഇടിച്ചിട്ടു. ബാറ്റിസ്റ്റന്റെ രണ്ട് പല്ല് പോയി. നട്ടെല്ലിന് പരിക്കേറ്റു. ബോധരഹിതനായി. മൈതാനത്ത് വച്ചു തന്നെ ബാറ്റിസ്റ്റണ് പ്രാണവായു നല്‍കി. പിന്നെ ഫ്രാന്‍സില്‍ ഒരു പത്രം നടത്തിയ അഭിപ്രായ സര്‍വെയില്‍ ഏറ്റവും കൂപ്രസിദ്ധനായ വ്യക്തിയായി കൂടുതല്‍ പേരും കണ്ടെത്തിയത് ഷൂമാക്കറെ. രണ്ടാമത് അഡോള്‍ഫ് ഹിറ്റ്‌ലര്‍.

പക്ഷേ, ആ ഫൗളിന് റഫറി ഫ്രീകിക്ക് പോലും അനുവദിച്ചില്ല. സമനിലയില്‍ അവസാനിച്ച കളി. ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് തോറ്റു.

ഇതൊന്നുമായിരുന്നില്ല 2010-ല്‍ ഘാന അനുഭവിച്ചത്. ചരിത്രത്തിനരികിലായിരുന്നു ദക്ഷിണാഫ്രിക്കയില്‍ ഘാന. ക്വാര്‍ട്ടറിലെത്തി അവര്‍. യുറുഗ്വായ് പ്രതിയോഗികള്‍. കറുത്ത വിയര്‍പ്പിന്റെ വീര്യം സെമിയുടെ കവാടം തുറക്കുന്ന നിമിഷത്തിന് കാലം കാതോര്‍ത്ത് നിന്നു. പ്രാഥമിക റൗണ്ടില്‍ ദക്ഷിണാഫ്രിക്ക പുറത്തായപ്പോള്‍ ആതിഥേയര്‍ക്ക് ആര്‍പ്പുവിളിക്കാന്‍ ഘാന മാത്രമായി. 'ബഫാന, ബഫാന’ എന്നത് 'ബഘാന, ബഘാന’  എന്ന് ജൊഹന്നസ്ബര്‍ഗില്‍ പാടിനടന്നു.

കളിയുടെ അവസാന മിനിറ്റില്‍ അസമോ ഗ്യാനിന്റെ അടി ഗോള്‍വരയില്‍നിന്ന് സുവാരസ് കൈകൊണ്ട് തടുത്തു. തുടര്‍ന്ന് കിട്ടിയ പെനാല്‍റ്റി ഗോളാക്കാന്‍ ഘാനക്ക് കഴിഞ്ഞില്ല. ഫൈനല്‍ വിസില്‍ മുഴങ്ങി. ഷൂട്ടൗട്ടില്‍ ഘാന തോറ്റു. ഒരു വന്‍കര കണ്ണുനീര്‍ത്തുള്ളിയായി ഇറ്റുവീണു.

ആഫ്രിക്കന്‍ പ്രാതിനിധ്യം ഉയര്‍ത്താന്‍ ഒരിക്കല്‍ ശബ്ദമുയര്‍ത്തിയ ഘാന സുവാരസിന്റെ ക്രൂരമായ ഫൗളില്‍ തിരിഞ്ഞുനടന്നു. കളിക്കാരന്‍ എന്ന രീതിയില്‍ സുവാരസ് ചെയ്തത് ശരിയാണ്. ആ പന്ത് തൊടാതിരുന്നാല്‍ യുറുഗ്വായ്ക്ക് മടങ്ങാം. അത് തടുത്താല്‍ ഒരു ഭാഗ്യപരീക്ഷണത്തിന് സാധ്യതയുണ്ട്. ആ സാധ്യതയാണ് സുവാരസ് അന്വേഷിച്ചത്. പക്ഷേ, ആഫ്രിക്കയ്ക്ക് അത് യുദ്ധത്തിലെ ചതി മാത്രമാണ്. 

യൂറോപ്യന്‍ മേധാവിത്ത്വത്തിന്റെ മുന്നില്‍ എന്നും ചെറുതായി കഴിയാനാണ് ആഫ്രിക്കയുടെ നിയോഗം. 1970 വരെ ആഫ്രിക്കന്‍ വന്‍കരയ്ക്ക് ലോകഫുട്‌ബോളില്‍ പ്രാതിനിധ്യം പോലും ഉറപ്പുണ്ടായില്ല. ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും കൂടി ഒറ്റ പ്രാതിനിധ്യമാണ് ഉണ്ടായിരുന്നത്. ഇതിനെതിരെയുള്ള ആഹ്വാനം ആദ്യം മുഴങ്ങിയത് ഘാനയില്‍നിന്നായിരുന്നു. പ്രാതിനിധ്യത്തിലെ ഉച്ചനീചത്വം അവസാനിപ്പിക്കാന്‍ 1966-ല്‍ ആഫ്രിക്കയുടെ ആഹ്വാനം ഘാനയുടെ പ്രസിഡന്റ് എന്‍ക്രുമയിലൂടെ മുഴങ്ങി. വന്‍കര ഒന്നടങ്കം ഘാനക്കൊപ്പം നിന്നു. ലോകഫുട്‌ബോള്‍ ഫെഡറേഷന് ആ ശബ്ദം അവഗണിക്കാനായില്ല. ആഫ്രിക്കയുടെ പ്രാതിനിധ്യം ഉയര്‍ന്നു.

അടിച്ചുകയറിയ കറുപ്പിന്റെ ധിക്കാരം 

ഇറക്കുമതിയായാണ് ആഫ്രിക്കയിലും ഫുട്‌ബോള്‍ എത്തിയത്. ക്രിസ്ത്യന്‍ മിഷണറിമാരാണ് പ്രധാനമായും ഇത് കൊണ്ടുവന്നത്. കോളനി ജനതയെ അച്ചടക്കവും വിനയവും ഒത്തൊരുമയും പഠിപ്പിക്കാന്‍ ഫുട്‌ബോളിന് കഴിയും എന്ന് അവരുടെ ബുദ്ധികേന്ദ്രങ്ങള്‍ ചിന്തിച്ചു. കീഴടങ്ങലിന്റെ മനഃശാസ്ര്തം മൈതാനത്തിന്റെ അജ്ഞാതസിലബസാക്കാമെന്ന് അവര്‍ വ്യാമോഹിച്ചു. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. സ്വാതന്ത്ര്യത്തിന്റെ കലാപഭൂമികളായി അവര്‍ മൈതാനത്തെ പരിവര്‍ത്തനം ചെയ്തു. അള്‍ജീരിയ ഫ്രെഞ്ച് ടീമിനെ കീഴടക്കിയപ്പോള്‍ അടിമരാജ്യങ്ങളുടെ ചുണ്ടില്‍ സ്വാതന്ത്ര്യബോധത്തിന്റെ തീപ്പൊരികള്‍ അടങ്ങാത്ത ചിരിയായി പടര്‍ന്നുകത്തി.1957-ല്‍ ഘാന സ്വതന്ത്രമായി. അവിടെ ഫുട്‌ബോളും സ്വാതന്ത്ര്യവും ഒരു ശരീരവും ഒരു മനസ്സുമായി ലയിച്ചു നിന്നു. ആഫ്രിക്കയില്‍ ദേശീയ ടീമുകളുടെ വിശേഷണത്തില്‍ പോലുമുണ്ട് തീവ്രമായ വിമോചന സ്‌ഫോടനത്തിന്റെ മുഴക്കം. ഘാന കറുത്ത നക്ഷത്രമാണ്; ഐവറിക്കോസ്റ്റ് കരിവീരന്മാരാണ്; നൈജീരിയ കഴുകന്മാരാണ്.

ആഫ്രിക്കയുടെ ഖനികള്‍ തുരന്ന് ലോഹങ്ങള്‍ കവര്‍ച്ച ചെയ്ത യൂറോപ്യന്മാര്‍ അവരുടെ ഫുട്‌ബോള്‍ കരുത്തിലും നഖങ്ങളാഴ്ത്തി. രാജ്യമില്ലാത്ത ജനത അധിനിവേശരാജ്യത്തിനു വേണ്ടി കളത്തിലിറങ്ങി. അങ്ങനെ തോളില്‍ കാണാത്ത ഒരു നുകവും പേറിക്കൊണ്ടാണ് യൂസേബിയോ എന്ന വിശ്വോത്തര പ്രതിഭ യൂറോപ്പിന്റെ കളിക്കളങ്ങളില്‍ പോര്‍ച്ചുഗലിന്റെ കുപ്പായത്തില്‍ ഇറങ്ങിയത്. യൂസേബിയോയുടെ ജന്മനാടായ മൊസാമ്പിക് അന്ന് പോര്‍ച്ചുഗീസുകാരുടെ കോളനിയാണ്. യൂസേബിയോ കരിമ്പുലി തന്നെയായിരുന്നു. മൈതാനത്ത് മേഞ്ഞുനടന്ന കരിമ്പുലി. 745 മത്സരത്തില്‍നിന്ന് 733 ഗോളുകള്‍ അടിച്ചു കയറ്റിയ  കറുപ്പിന്റെ ധിക്കാരം. 

അറുപതുകളില്‍ അടിച്ചുകയറിയ രാഷ്ട്രീയമാറ്റങ്ങളുടെ ശീതക്കാറ്റില്‍ സാമ്രാജ്യ ദുര്‍മോഹങ്ങളുടെ ചോരയോട്ടം ഉറഞ്ഞുപോയി. കൂടുതല്‍ രാജ്യങ്ങള്‍ സ്വതന്ത്രമായി. സ്വതന്ത്രമായ രാജ്യങ്ങള്‍ക്ക് സ്വന്തമായ ഫുട്‌ബോള്‍ ടീമുകളുണ്ടായി. ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ അംഗത്വം വര്‍ധിച്ചു. ആഫ്രിക്കയുടെ പ്രാതിനിധ്യം കൂട്ടണമെന്ന് എന്‍ക്രുമ ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

ആഫ്രിക്കയ്ക്ക് ഏകസ്വഭാവം മാത്രമേയുള്ളു എന്ന രീതിയില്‍ ആ വാക്ക് ഉപയോഗിച്ചാല്‍ തെറ്റിദ്ധാരണകള്‍ മാത്രമായിരിക്കും ഉണ്ടാവുക. വ്യത്യസ്തമായ സംസ്‌കാരങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളുടെ വന്‍കരയാണ് ആഫ്രിക്കയും. പൊതുവെ ഒന്നുള്ളത് ദീര്‍ഘകാലത്തെ കോളനി വാഴ്ച സമ്മാനിച്ച ദാരിദ്ര്യമാണ്. സമ്പന്നരാഷ്ട്രങ്ങളുടെ വ്യൂഹസംവിധാനങ്ങള്‍ ആഫ്രിക്കയ്ക്കില്ല. കീറക്കടലാസും പഴന്തുണിയും പൊതിഞ്ഞുകെട്ടി ഉണ്ടാക്കുന്ന പന്തില്‍ ചെരിപ്പിലഌത്ത കാലുകൊണ്ട് തട്ടിയാണ് ആഫ്രിക്ക ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ ഇപ്പോഴും പഠിക്കുന്നത്. ജന്മനാ കിട്ടുന്ന കരുത്തും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ചങ്കൂറ്റവുമാണ് ഇപ്പോഴും അവരുടെ മൂലധനം. 

ആഫ്രിക്കയില്‍ ഫുട്‌ബോള്‍ കളി മാത്രമല്ല, കലാപങ്ങള്‍ക്കു മീതെ ചുവപ്പു കാര്‍ഡ് വീശുന്ന സമാധാനദൂതന്‍ കൂടിയാണ്. ഐവറിേക്കാസ്റ്റില്‍ ആഭ്യന്തരയുദ്ധത്തിന് താല്‍ക്കാലികവിരാമമിട്ടത് ഫുട്‌ബോളാണ്. 2006-ല്‍ ഐവറിക്കോസ്റ്റ് ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയപ്പോള്‍ കലാപം അവസാനിപ്പിക്കാന്‍ ഇരുവിഭാഗവും തയാറായി. 

ആധുനിക ഫുട്‌ബോള്‍ ആഫ്രിക്കയിലേക്ക് കൊണ്ടുവന്നത് ഐവറിക്കോസ്റ്റാണ്. ഐവറി കോസ്റ്റ് ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ മാതൃകാ പുരുഷനാണ്, വിജയത്തിന്റെ മുത്തശ്ശിക്കഥയാണ്്. ദിദിയര്‍ ദ്രോഗ്ബ അവര്‍ക്ക് വീരപുരുഷനാണ്. വേഷവിധാനത്തില്‍, കേശാലങ്കാരത്തില്‍ ദ്രോഗ്ബയെ അനുകരിച്ച് അവര്‍ അഭിമാനിക്കുന്നു. ദ്രോഗ്ബയുടെ പേരില്‍ അവിടെ ഒരു ബിയര്‍ പോലുമുണ്ട്-ദ്രോഗ്ബാസ്. 

ഐവറിക്കോസ്റ്റ് ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ വിജയകഥയാകുമ്പോള്‍ത്തന്നെ അത് പരാജയത്തിന്റെ കൈചൂണ്ടി കൂടിയാണ്. ദ്രോഗ്ബയും അദ്ദേഹത്തിന്റെ സഹകളിക്കാരും സ്വന്തം നാട്ടില്‍ താമസിക്കുന്നില്ല. സ്വന്തം നാട്ടില്‍ പ്രശസ്തരാവുന്നതിനേക്കാള്‍ യൂറോപ്പിലെ രണ്ടും മൂന്നും ഡിവിഷനുകളില്‍ കളിച്ച് അപ്രശസ്തരാവാനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. ഫുട്‌ബോള്‍ ഒരു കയറ്റുമതി ഉല്‍പ്പന്നം മാത്രമായി തുടരുന്നു. മാറ്റങ്ങളുടെ ചെറുചലനങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഘാനയില്‍ ഫുട്‌ബോള്‍ വികസനത്തിനുവേണ്ടി മൈക്കല്‍ എസിയന്‍ വന്‍തുക ചെലവാക്കുന്നു. ലൈബീരിയന്‍ ഫുട്‌ബോളിനെ ഒരിക്കല്‍ സ്വന്തം ചുമലിലേറ്റി ജോര്‍ജ് വേഹ്. എന്‍വാന്‍ക്വോ  കാനു നൈജീരിയയിലെ കുട്ടികള്‍ക്കു വേണ്ടി വിപുലമായ പദ്ധതി രൂപീകരിച്ചു.

ആഫ്രിക്കന്‍ ഫുട്‌ബോളിന് ലോകഫുട്‌ബോളില്‍ കാര്യമായൊന്നും അവകാശപ്പെടാനില്ല. കാമറൂണും സെനെഗലും ഘാനയും ക്വാര്‍ട്ടറിലെത്തിയതാണ് ഇതുവരെയുണ്ടായ ഏറ്റവും വലിയ നേട്ടം. 13 രാജ്യങ്ങളാണ് ഇതുവരെ ഫൈനല്‍ റൗണ്ടില്‍ കളിച്ചത്.

ഈജിപ്ത് (1930, 1990), മൊറോക്കൊ (1970, 1986, 1994, 1998), സയറെ (1974), ടുണീസിയ (1978, 1998, 2002, 2006), അള്‍ജീരിയ (1982, 1986, 2010), ദക്ഷിണാഫ്രിക്ക (1998, 2002, 2010), സെനെഗല്‍ (2002), നൈജീരിയ (1994, 1998, 2002, 2010), അംഗോള (2006), ഐവറിക്കോസ്റ്റ് (2006, 2010), ടോഗോ (2006), കാമറൂണ്‍ (1982, 1990, 1994, 1998, 2002, 2010), ഘാന (2006, 2010). ഇത്തവണ അള്‍ജീരിയ, കാമറൂണ്‍, ഘാന, ഐവറികോസ്റ്റ്, നൈജീരിയ എന്നീ രാജ്യങ്ങളാണ് ആഫ്രിക്കയെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ക്വാര്‍ട്ടര്‍ പോലും ഇവര്‍ക്ക് അപ്രാപ്യമാവും. യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സംഘടനാ പാടവത്തോടെ ഒരുക്കിക്കൊണ്ടു വരുന്ന ടീമുകളെ വെല്ലുവിളിക്കത്തക്ക വ്യക്തിഗത മികവുകള്‍ ഇവര്‍ക്കില്ല.ആഫ്രിക്കന്‍ വന്‍കരയ്ക്ക് സഞ്ചരിക്കാന്‍ ഇനിയും ഒരുപാട് ദൂരമുണ്ട്. കളിയില്‍ മാത്രമല്ല, സാംസ്‌കാരികമായ ഒരു ഇളക്കിമറിക്കല്‍ കൂടി അനിവാര്യമാണ്. കറുത്ത വര്‍ഗക്കാര്‍ ഇന്നും യൂറോപ്യന്‍ മൈതാനങ്ങളില്‍ കുരങ്ങുകരച്ചിലും കൂക്കിവിളിയും നേരിടുമ്പോള്‍ വെളുത്ത ദുര്‍മേദസ്‌സുകള്‍ തീര്‍ത്ത കറപിടിച്ച കൊട്ടാരങ്ങളുടെ അസ്തിവാരത്തിലേക്ക് തീയുണ്ടകള്‍ പോലെ അവരുടെ പന്തുകള്‍ പറക്കേണ്ടിയിരിക്കുന്നു.  അംഗീകാരങ്ങളുടെ ആഗോള ശ്രദ്ധയും അവര്‍ക്ക് പലപേ്പാഴും അന്യമാവുന്നു. മികവിന്റെ പരിഗണനാവിഷയങ്ങള്‍ ചിലപേ്പാള്‍ തീര്‍ത്തും ഏകപക്ഷീയമാവുന്നു. ജോര്‍ജ് വേഹ് ഒഴികെ ഇന്നോളം ഒരാഫ്രിക്കക്കാരന്‍ ലോകഫുട്‌ബോളര്‍ ബഹുമതി നേടിയിട്ടിലഌമാഞ്ചസ്റ്റര്‍ സിറ്റിയുടെ ഐവറിക്കോസ്റ്റുകാരന്‍ യായ ട്യൂറെ വിളിച്ചു പറഞ്ഞു: ''ഇവിടെ ഞങ്ങളെപേ്പാലെ കുറെ കളിക്കാരുണ്ട്. പക്ഷേ, ആരും കാണുന്നില്ല.

മൂന്ന് ലോകകപ്പില്‍ കാമറൂണിന്റെ ഗോള്‍വല കാത്ത തോമസ് എന്‍കോനോയുണ്ട്. ഇറ്റലിയുടെ പ്രഗത്ഭനായ ഗോളി ബുഫണ്‍ എന്‍കോനോയുടെ ആരാധകനാണ്. ബുഫണ്‍ മകന് തോമസ് എന്ന് പേരിട്ടതു ഈ ആരാധനയില്‍നിന്നാണ്. കാനു എന്‍വാന്‍ക്വോയുണ്ട്, ദിദിയര്‍ ദ്രോഗ്ബയുണ്ട്, അബെദി പെലെയുണ്ട്, റോജര്‍ മിലഌയുണ്ട്, സാമുവല്‍ എറ്റുവുണ്ട്, ജെ.ജെ. ഒക്കോച്ചയുണ്ട്. പക്ഷേ, ആഫ്രിക്കന്‍ ഫുട്‌ബോളിന് എവിടെയോ ഇപേ്പാഴും അയിത്തമുണ്ട്. ഫ്രീ കിക്ക് തടുക്കാന്‍ തീര്‍ക്കുന്ന പ്രതിരോധഭിത്തിക്കു പിന്നില്‍ ഒരദൃശ്യ ശക്തി പോലെ ഈ അയിത്തം സര്‍പ്പ പത്തി വിടര്‍ത്താറുണ്ട്. പക്ഷേ, ആഫ്രിക്ക വളരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com