ഞാന്‍ വരുന്നത് ആ ''കടികളുടെ'' കണക്ക് തീര്‍ക്കാനാണ്, പോരിനിറങ്ങും മുന്‍പ് സുവാരസ്‌

ഇറ്റലിക്കെതിരായ കളിയുടെ രണ്ടാം പകുതിയിലായിരുന്നു ചില്ലിനിയുടെ തോളില്‍ സുവാരസിന്റെ പല്ലുകള്‍ പതിഞ്ഞത്
ഞാന്‍ വരുന്നത് ആ ''കടികളുടെ'' കണക്ക് തീര്‍ക്കാനാണ്, പോരിനിറങ്ങും മുന്‍പ് സുവാരസ്‌

കഴിഞ്ഞ രണ്ട് വട്ടം ലോക കപ്പിനെത്തിയപ്പോഴും അപകീര്‍ത്തിയുമായിട്ടായിരുന്നു ബാഴ്‌സയുടെ മുന്നേറ്റ നിരക്കാരന്‍ ലൂയിസ് സുവാരസിന് കളിക്കളം വിടേണ്ടി വന്നത്. 2014ല്‍ 178 മിനിറ്റ് മാത്രമായിരുന്നു ഉറുഗ്വേയ്ക്ക് വേണ്ടി സുവാരസ് കളിക്കളത്തിലിറങ്ങിയത്. പക്ഷേ 2014 ലോക കപ്പ് ടൂര്‍ണമെന്റ് എടുക്കുമ്പോള്‍ അതില്‍ സുവാരസിന്റെ പേര് നിറഞ്ഞു നില്‍ക്കുന്നുണ്ട്. 

അന്ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ കോസ്റ്റ റിക്കയ്‌ക്കെതിരെ ഫിറ്റ്‌നസ് തെളിയിക്കാനാവാതെ പുറത്തിരിക്കേണ്ടി വന്ന സുവാരസ് ലോക ഫുട്‌ബോളിലെ ആക്രമണകാരിയായ സ്‌ട്രൈക്കറാണ് താനെന്ന് തെളിയിച്ചായിരുന്നു രണ്ടാമത്തെ കളിയില്‍ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നു കൊടുത്തത്. 

പക്ഷേ ഉറുഗ്വേയുടെ മൂന്നാമത്തെ കളിയിലായിരുന്നു ഫുട്‌ബോള്‍ ചരിത്രത്തില്‍ എഴുതി ചേര്‍ത്ത സുവാരസിന്റെ കടി വരുന്നത്. ഇറ്റലിക്കെതിരായ കളിയുടെ രണ്ടാം പകുതിയിലായിരുന്നു ചില്ലിനിയുടെ തോളില്‍ സുവാരസിന്റെ പല്ലുകള്‍ പതിഞ്ഞത്. ബാലന്‍സ് തെറ്റി വീഴുകയായിരുന്നു അതെന്നാണ് സുവാരസ് വാദിച്ചത്. 

2018ല്‍ ഫുട്‌ബോള്‍ ലോകം റഷ്യയിലെത്തി നില്‍ക്കുമ്പോള്‍ 2014ലെ ഓര്‍മ മായിച്ചു കളയാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് സുവാരസ് പറയുന്നത്. അന്നത്തെ സംഭവം മുന്‍ നിര്‍ത്തിയാണ് ഞാന്‍ ഇപ്പോഴും വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മറ്റെന്തെങ്കിലും കാരണത്തിലൂടെ ഓര്‍മിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹമെന്നും സുവാരസ് പറയുന്നു. 

അവരുടെ സ്റ്റാര്‍ കളിക്കാര്‍ ലോക കപ്പില്‍ ഉണ്ടാവണം എന്നത് കൊണ്ടാണ് ഫിഫ അന്ന് സുവാരസിനെതിരെ നടപടി എടുക്കാതിരുന്നതെന്നാണ് ചില്ലെനി ആരോപിച്ചത്. കളിയുടെ വീഡിയോ പരിശോധിക്കാനുള്ള ധൈര്യം എങ്കിലും ഫിഫയ്ക്ക് ഉണ്ടാകുമോ എന്നായിരുന്നു അന്ന് ഇറ്റാലിയന്‍ താരത്തിന്റെ ചോദ്യം. പക്ഷേ സുവാരസിന്റെ പല്ലിന്റെ കരുത്തറിഞ്ഞ ഒട്മന്‍ ബക്കലിനും, ബ്രാനിസ്ലാവിന്റേയും കൂട്ടത്തിലേക്ക് പേര് ചേര്‍ക്കപ്പെടുവാന്‍ മാത്രമായിരുന്നു ചില്ലിനിയുടെ വിധി. 

റഷ്യയിലെത്തുന്ന ഉറുഗ്വേയുടെ പ്രധാന പോരാളി സുവാരസ് തന്നെയാണ്. ഗ്രൂപ്പ് എയില്‍ നാളെ ഈജിപ്തിനെതിരെയാണ് ഉറുഗ്വേയുടെ ആദ്യ കളി. ലിവര്‍പൂളിലെ സുവാരസിന്റെ പിന്മുറക്കാരനായ സല നാളെ കളിക്കാനിറങ്ങിയാല്‍ രണ്ട് സൂപ്പര്‍ സ്‌ട്രൈക്കര്‍മാരുടെ പോരാട്ടമാകും അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com