ജന്മദിനത്തില്‍ പോരിനിറങ്ങുന്ന സല സുവാരസിന്റെ തലവെട്ടുമോ? ഈജിപ്ത്-ഉറുഗ്വേ കളിയും ആവേശപ്പോരാണ്‌

പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഉറുഗ്വേ എത്തുമ്പോള്‍ പുതിയ ചരിത്രം രചിക്കാനാണ് സല കച്ചമുറുക്കുന്നത്
ജന്മദിനത്തില്‍ പോരിനിറങ്ങുന്ന സല സുവാരസിന്റെ തലവെട്ടുമോ? ഈജിപ്ത്-ഉറുഗ്വേ കളിയും ആവേശപ്പോരാണ്‌

ആവേശ പോര് നിറഞ്ഞു നില്‍ക്കുന്നതാണ് ലോക കപ്പിന്റെ രണ്ടാം ദിനം. സ്‌പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടത്തിനായാണ് ആരാധകരുടെ കാത്തിരിപ്പെങ്കിലും ഉറുഗ്വേ ഈജിപ്തിനെ ഏറ്റുമുട്ടുന്നതും ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധ പിടിക്കുന്നുണ്ട്. 

പരിക്കില്‍ നിന്നും മോചിതനായി കളിക്കാനിറങ്ങുമെന്ന് സല വ്യക്തമാക്കി കഴിഞ്ഞു. അങ്ങിനെ വരുമ്പോള്‍ സലയും സുവാരസും തമ്മിലുള്ള പോരാട്ടമാകും അത്. ക്ലബ് ഫുട്‌ബോളിലെ അതികായകരായ രണ്ട് സ്‌ട്രൈക്കര്‍മാര്‍ തമ്മിലുള്ള പോരാട്ടം. 

രണ്ട് വട്ടം ചാമ്പ്യന്മാരായ ഉറുഗ്വേ 2010ല്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. ഈജിപ്താവട്ടെ 1934നും 1990നും ശേഷം ആദ്യമായി ലോക കപ്പില്‍ പന്ത് തട്ടാനിറങ്ങുന്നു. പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഉറുഗ്വേ എത്തുമ്പോള്‍ പുതിയ ചരിത്രം രചിക്കാനാണ് സല കച്ചമുറുക്കുന്നത്. പഴയ ലിവര്‍പൂള്‍ സ്‌ട്രൈക്കറും നിലവിലെ ലിവര്‍പൂളിന്റെ ഹീറോയും കൊമ്പുകോര്‍ക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് ലോകം. 

ഉറുഗ്വേയ്ക്കാണ് മത്സരത്തില്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. 2014ല്‍ കൊളംബിയയ്‌ക്കെതിരെ തോല്‍വി നേരിട്ട് പുറത്തേക്ക് പോകേണ്ടി വന്നുവെങ്കിലും ഇംഗ്ലണ്ടിനേയും ഇറ്റലിയേയും വിറപ്പിച്ചായിരുന്നു ഉറുഗ്വേ ശക്തി കാട്ടിയത്. മൂന്നാം ലോക കപ്പിനെത്തുന്ന സുവാരസിനൊപ്പം പിഎസ്ജി താരം കവാനിയും ഡീഗോ ഗോഡിനും ചേരുമ്പോള്‍ മികച്ച മുന്നേറ്റം അവര്‍ക്ക് സാധ്യമാകും. 

എങ്കിലും അവസരം കാത്തിരുന്ന് സലയിലൂടെ ഗോള്‍ വല ചലിപ്പിക്കാം എന്ന തന്ത്രവുമായിട്ടാണ് ഈജിപ്ത് വരുന്നത്. ഗോള്‍ വഴങ്ങുന്നതിലുള്ള ഈജിപ്തിന്റെ പിശുക്കും എടുത്ത് കാണണം. പോര്‍ച്ചുഗലിനെതിരായ സൗഹൃദ മത്സരത്തില്‍ 90 മിനിറ്റ് ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ ഈജിപ്തിനായിരുന്നു. ജന്മദിനാഘോഷം ടീമിന് ജയം നേടിത്തന്നായിരിക്കുമോ സല ആഘോഷിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com