ആ മാന്ത്രിക ഗോളില്‍ ടെല്‍സ്റ്റാറിനും പങ്കുണ്ടോ? ഈ ഫുട്‌ബോള്‍ ഇക്കുറി ഗോള്‍കീപ്പര്‍മാരുടെ പേടിസ്വപ്‌നം 

കളിക്കാര്‍ പന്തിലേല്‍പ്പിക്കുന്ന ചലനങ്ങളും മറ്റും നിയന്ത്രിക്കാന്‍ സാധിക്കും വിധമാണ് അഡിഡാസ് ടെല്‍സ്റ്റാര്‍ 18 രൂപകല്‍പന ചെയ്തിരിക്കുന്നത്
ആ മാന്ത്രിക ഗോളില്‍ ടെല്‍സ്റ്റാറിനും പങ്കുണ്ടോ? ഈ ഫുട്‌ബോള്‍ ഇക്കുറി ഗോള്‍കീപ്പര്‍മാരുടെ പേടിസ്വപ്‌നം 

കാല്‍പന്താരാധകര്‍ക്ക് ആവേശ വിരുന്നുതന്നെയാണ് ഇന്നലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്മാനിച്ചത്. റഷ്യന്‍ മണ്ണിലെ ആദ്യ ഗ്ലാമര്‍ പോരാട്ടമായ പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ ഈ വര്‍ഷത്തെ ആദ്യ ഹാട്രിക് കുറിച്ച് ക്രിസ്റ്റിയാനോയും ഇരട്ട ഗോള്‍ നേട്ടവുമായി ഡീ കോസ്റ്റയും ആരാധകരെ ആവേശത്തിന്റെ മുള്‍മുനയിലെത്തിച്ചു.

ആറുഗോളുകള്‍ പിറന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോയ്ക്കും ഡീ കോസ്റ്റയ്ക്കും പുറമേ താരമായ മറ്റൊരാള്‍ കൂടെയുണ്ട്, അഡിഡാസ് ടെല്‍സ്റ്റാര്‍ 18. ബൂട്ടില്‍ നിന്ന് ബൂട്ടിലേക്കും ഗോള്‍വലയിലേക്കും പാറിപ്പറക്കുന്ന ബോള്‍. 21-ാം ലോകകപ്പ് ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍മാരുടെ പേടിസ്വപ്‌നമാണ് ടെല്‍സ്റ്റാര്‍ 18.

കളിക്കാര്‍ പന്തിലേല്‍പ്പിക്കുന്ന ചലനങ്ങളും മറ്റും നിയന്ത്രിക്കാന്‍ സാധിക്കും വിധമാണ് അഡിഡാസ് ടെല്‍സ്റ്റാര്‍ 18 രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുവരെ ഉപയോഗിച്ചതില്‍ ഏറ്റവും പെര്‍ഫെക്ട് ബോള്‍ എന്ന വിശേഷണം നല്‍കിയാണ് അഡിഡാസ് ഈ വര്‍ഷത്തെ ബോള്‍ അവതരിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും നിരവധി പ്രത്യേകതകളുമായെത്തിയ ബോള്‍ മൂന്ന് വര്‍ഷമെടുത്താണ് നിര്‍മ്മിച്ചത്. ദശലക്ഷത്തോളം രൂപ ഇതിനായി ചിലവിട്ടു.  

കാര്യമൊക്കെ ശരിയാണെങ്കിലും ലോകകപ്പിലെ കളിക്കാരെ അത്രകണ്ട് പ്രീതിപ്പെടുത്താന്‍ അഡിഡാസിന്റെ ഈ ബോളിന് കഴിഞ്ഞിട്ടില്ല. ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ മാര്‍ക് ആന്‍ഡ്രെ ടെര്‍സ്റ്റെഗെനും സ്‌പെയിനിന്റെ  ഗോള്‍ക്കീപ്പര്‍മാരായ പെപ്പെ റെയ്‌നയും ഡേവിഡ് ഡിജിയയുമെല്ലാം ബോളിനെകുറിച്ചുള്ള തങ്ങളുടെ ആശങ്ക ലോകകപ്പിന്റെ സന്നാഹ മത്സരങ്ങള്‍ക്കു ശേഷംതന്നെ പങ്കുവച്ചിരുന്നു.

ഇക്കുറി ലോകകപ്പില്‍ കുറഞ്ഞത് 35 ലോംങ് റേഞ്ച് ഗോളുകളെങ്കിലും പിറക്കുമെന്നാണ് റെയ്‌ന  പ്രവചിച്ചിരിക്കുന്നത്. ടെല്‍സ്റ്റാര്‍ 18 പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ച് കവര്‍ ചെയ്തിരിക്കുന്നതിനാല്‍തന്നെ ബോള്‍ പിടിച്ചുനിര്‍ത്തുക ശ്രമകരമായിരിക്കുമെന്നാണ് റെയ്‌നയുടെ വാക്കുകള്‍. ബോള്‍ ഗോള്‍ക്കീപ്പര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നും സ്‌പെയിന്‍ ഗോളി പറഞ്ഞിരുന്നു. 

ക്ലബ് ഫുട്‌ബോളിലെയും സ്‌പെയ്‌നിലെയും മികച്ച ഗോളി എന്ന് വിശേഷിക്കപ്പെടുന്ന ഡി ജിയയും റെയ്‌നയുടെ വാക്കുകള്‍ ശരിവയ്ക്കുകയായിരുന്നു. വളരെ  വിചിത്രമായ ബോളാണ് ഇക്കുറി മത്സരത്തിന് ഉപയോഗിക്കുന്നതെന്നും ഇത് വളരെയധികം മെച്ചപ്പെടുത്താമെന്നുമായിരുന്നു ഡി ജിയയുടെ വാക്കുകള്‍. 

പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബോള്‍ നീങ്ങുന്നുണ്ടെന്നും കുറച്ചുകീടെ മെച്ചപ്പെട്ട രീതിയില്‍ ബോള്‍ തയ്യാറാക്കാമായിരുന്നു എന്നുമാണ് ടെര്‍സ്റ്റെഗെന്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നിരുന്നാലും മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാല്‍ തന്നെ ബോളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണെന്നും എത്രയും വേഗം ഗ്രിപ്പ് കണ്ടെത്താനുള്ള പരിശ്രമങ്ങളാണ് നടത്തുകയെന്നുമാണ് ടെര്‍സ്റ്റെഗെന്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com