വീണ്ടും അട്ടിമറി; പോളണ്ടിനെ നിലംപരിശാക്കി സെനഗല്‍ 

റഷ്യന്‍ ലോകകപ്പിന്റെ ആദ്യറൗണ്ടിലെ അവസാന മല്‍സരത്തില്‍ യൂറോപ്പ്യന്‍ കരുത്തരായ പോളണ്ടിനെ നിഷ്പ്രഭമാക്കി സെന്‍ഗലിന് മിന്നുന്ന വിജയം
വീണ്ടും അട്ടിമറി; പോളണ്ടിനെ നിലംപരിശാക്കി സെനഗല്‍ 

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ ആദ്യറൗണ്ടിലെ അവസാന മല്‍സരത്തില്‍ യൂറോപ്പ്യന്‍ കരുത്തരായ പോളണ്ടിനെ നിഷ്പ്രഭമാക്കി സെന്‍ഗലിന് മിന്നുന്ന വിജയം. ഒന്നിനെതിരെ രണ്ടുഗോളിനാണ് സെനഗല്‍ പോളണ്ടിനെ പരാജയപ്പെടുത്തിയത്.  ആദ്യ പകുതിയില്‍ സെല്‍ഫ് ഗോളിലുടെ മുന്നിലെത്തിയ സെനഗല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന വ്യക്തമായ സന്ദേശം നല്‍കി 60-ാം മിനിറ്റിലാണ് ഇവരുടെ രണ്ടാമത്തെ ഗോള്‍ നേടിയത്. രണ്ടുഗോളുകള്‍ വഴങ്ങിയ പോളണ്ട് തുടര്‍ന്ന ആക്രമിച്ച് കളിയ്ക്കുന്നതാണ് ദൃശ്യമായത്. സെനഗല്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട പോളണ്ട് അവസാന നിമിഷങ്ങളില്‍ തിരിച്ചുവരുന്നുവെന്ന സൂചന നല്‍കി 86-ാം മിനിറ്റില്‍ സെനഗള്‍ ഗോള്‍ വല ചലിപ്പിച്ചു. എന്നാല്‍ സമയത്തിന്റെ കുറവ് പോളണ്ടിന് വിനയാകുന്നതാണ് പിന്നിട് കണ്ടത്. അവസാന നിമിഷം ലഭിച്ച കോര്‍ണര്‍ കിക്ക് പോളണ്ട് ഗോളാക്കുന്നത് കാണാന്‍ കാണികള്‍ അക്ഷമരായി നോക്കിനിന്നു. എന്നാല്‍ നിര്‍ഭാഗ്യം പോളണ്ടിന് പിന്നാലെ തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് പിന്നിടുളള നിമിഷങ്ങള്‍. 

നിയാഗിലുടെയാണ് സെനഗല്‍ രണ്ടാമത്തെ ഗോള്‍ നേടിയത്്. കളിയുടെ 37 -ാം മിനിറ്റില്‍ പോളണ്ട് ഡിഫന്‍ഡറിന് പറ്റിയ പിഴവാണ് സെനഗലിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്.  മോസ്‌കോയില്‍ മറ്റൊരു അട്ടിമറിയുടെ സൂചന നല്‍കിയാണ് ഇഡ്രിസ ഗ്വയേയിലൂടെ സെനഗല്‍ മുന്നിലെത്തിയത്. സാദിയോ മാനേയുടെ പാസില്‍നിന്നും ഗ്വയേ തൊടുത്ത ഷോട്ട് പോളണ്ട് പ്രതിരോധനിര താരത്തിന്റെ കാലില്‍ത്തട്ടി ഗതി മാറി വലയില്‍ കയറുകയായിരുന്നു. പന്തു കൈവശം വയ്ക്കാനാകുന്നുണ്ടെങ്കിലും സമനില ഗോളിനായുള്ള പോളണ്ടിന്റെ സമ്മര്‍ദ്ദം സെനഗല്‍ പ്രതിരോധം സമര്‍ഥമായി തടയുന്നതാണ് കണ്ടത്. 

ലിവര്‍പൂള്‍ താരം സാഡിയോ മാനേയുടെ നേതൃത്വത്തില്‍ സെനഗലും ബയേണ്‍ താരം ലെവന്‍ഡോവ്‌സ്‌കിയുടെ നേതൃത്വത്തില്‍ പോളണ്ടും പരസ്പരം ഏറ്റുമുട്ടിയ കളി അത്യന്തം ആവേശകരം നിറഞ്ഞതായിരുന്നു. 


ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന്റെ പേരില്‍ ലോകം ഓര്‍മ്മിക്കുന്ന സെനഗല്‍ കരുത്തുറ്റ ടീമാണെന്ന് വെളിവാക്കുന്നതാണ് പോളണ്ടിനെതിരെയുളള മത്സരം.  2002ല്‍ ലോകകപ്പ് അരങ്ങേറ്റത്തില്‍ത്തന്നെ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ അവര്‍ അട്ടിമറിച്ചു. അതിനുശേഷം ഇത്തവണയാണു സെനഗലിനു ലോകകപ്പ് യോഗ്യത നേടാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com