ആ ഞെട്ടല്‍ ജര്‍മ്മനി മറന്നുവോ? ഐസ് ലന്‍ഡും സെനഗലും എന്ത് ഉദ്ദേശിച്ചാണ്? റഷ്യയില്‍ ആദ്യ റൗണ്ട് കഴിയുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്‌

അങ്ങനെ റഷ്യയിലെ പുതുമോടി അവസാനിക്കുമ്പോള്‍ ടീമുകളുടെ കണക്കു പുസ്തകത്തിലെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്...
ആ ഞെട്ടല്‍ ജര്‍മ്മനി മറന്നുവോ? ഐസ് ലന്‍ഡും സെനഗലും എന്ത് ഉദ്ദേശിച്ചാണ്? റഷ്യയില്‍ ആദ്യ റൗണ്ട് കഴിയുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്‌

അര്‍ജന്റീന, ബ്രസീല്‍, സ്‌പെയിന്‍ എന്നീ കൊമ്പന്മാര്‍ക്ക് അപ്രതീക്ഷിതമായേറ്റ സമനിലപ്പൂട്ട്...ചാമ്പ്യന്മാരെ നിഷ്പ്രഭരാക്കിയ മെക്‌സിക്കോ...സെനഗലിന്റേയും ജപ്പാന്റേയുമെല്ലാം അട്ടിമറി...അങ്ങനെ റഷ്യയിലെ പുതുമോടി അവസാനിക്കുമ്പോള്‍ ടീമുകളുടെ കണക്കു പുസ്തകത്തിലെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്...

32 ടീമുകളും ഓരോ തവണ കളത്തിലിറങ്ങിയതോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ഫസ്റ്റ് റൗണ്ട് പിന്നിട്ടു. റഷ്യ-ഈജിപ്ത് മത്സരത്തോടെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് തുടക്കവുമായി. 16 മത്സരങ്ങള്‍ കഴിയുമ്പോള്‍ ചില കൗതുക കണക്കുകളും റഷ്യന്‍ ലോക കപ്പ് നമുക്ക് തരുന്നുണ്ട്.

ഗോള്‍ പെരുമഴ എവിടെ?

38 തവണയാണ് 16 മത്സരങ്ങള്‍ക്കിടെ ഗോള്‍ വല കുലുങ്ങിയത്. ഓരോ കളിയിലും 2.38 ഗോള്‍ ശരാശരിയിലായിരുന്നു ആദ്യ ഘട്ട ഗ്രൂപ്പ് മത്സരങ്ങളുടെ പോക്ക്. റഷ്യയില്‍ ആദ്യം വലകുലുക്കിയതിന്റ ക്രഡിറ്റ് റഷ്യയുടെ യൂരി ഗസിന്‍സ്‌കിക്ക്. 

ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ആദ്യ റൗണ്ടില്‍ ഗോള്‍ രഹിത സമനിലയുടെ ആലസ്യത്തില്‍ ഒരു മത്സരം പോലും അവസാനിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് ആതിഥേയര്‍ക്കാണ്. 

ക്രിസ്റ്റ്യാനോ...ദി ഫാസ്റ്റസ്റ്റ്...

കളി തുടങ്ങി നാലാം മിനിറ്റില്‍ വല ചലിപ്പിച്ച ക്രിസ്റ്റിയാനോയ റൊണാള്‍ഡോവിന്റെ പേരിലാണ് ഫാസ്റ്റസ്റ്റ് ഗോളിന്റെ റെക്കോര്‍ഡ് ഇപ്പോള്‍...50ല്‍ താഴെ കളികള്‍ക്ക ഇനിയും ആരവും ഉയരാനിരിക്കെ ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മറ്റൊരു സൂപ്പര്‍ സ്‌ട്രൈക്കര്‍ എത്തുമോ...

മാത്രമല്ല ലോക കപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റിയാനോ തന്റെ പേരിലാക്കി. 

ലാറ്റിനമേരിക്കന്‍ ടീമുകള്‍ പരുങ്ങലിലാണ്...

റഷ്യയില്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ പ്രൗഡി കാത്തിരുന്നവര്‍ക്ക് നിരാശ കൂടിയായിരുന്നു ആദ്യ ഘട്ട ഗ്രൂപ്പ് മത്സരങ്ങള്‍. 38 ഗോളുകള്‍ ഇതുവരെ പിറന്നപ്പോള്‍ അതില്‍ നാലെണ്ണം മാത്രമായിരുന്നു ബ്രസീലും അര്‍ജന്റീനയും ഉള്‍പ്പെടുന്ന ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് നേടാനായത്. 

അര്‍ജന്റീനയും ബ്രസീലും പിന്നിലേക്ക് വലിഞ്ഞപ്പോള്‍ ലാറ്റിനമേരിക്കന്‍ കരുത്തില്‍ ചാമ്പ്യന്മാരെ തകര്‍ത്തായിരുന്നു മെക്‌സിക്കോ യൂറോപ്യന്‍ ഫുട്‌ബോളിന് മറുപടി നല്‍കിയത്. 

ഗോള്‍ വേട്ടക്കാരില്‍ മുന്‍പന്‍

സ്‌പെയിനെതിരെ ഒറ്റയ്ക്ക് നിന്ന് ടീമിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ച പോര്‍ച്ചുഗല്‍ ഹീറോ ക്രിസ്റ്റിയാനോയാണ് ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ടോപ് സ്‌കോറര്‍. മൂന്ന് ഗോളുകള്‍ നേടി റഷ്യയുടെ ഡെനിസും ക്രിസ്റ്റിയാനോയ്ക്ക് ഒപ്പമുണ്ട്. 

രണ്ട് ഗോളുകള്‍ നേടി റഷ്യയുടെ ആര്‍തെം ഡിസ്യൂബയും സ്‌പെയ്‌നിന്റെ കോസ്റ്റയും, ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നുമാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍മാരാകുന്നത്. 

ഗോള്‍ കീപ്പര്‍ കുഴങ്ങിയത് 9 തവണ

ഒന്‍പത് പെനാല്‍റ്റികളാണ് ഇതുവരെ റഷ്യയില്‍ കണ്ടത്. മെസി നഷ്ടപ്പെടുത്തി കളഞ്ഞ ആ പെനാല്‍റ്റിയായിരിക്കും ഇതില്‍ ആരാധകരുടെ ഓര്‍മയില്‍ ഹൈലൈറ്റ് ചെയ്യുന്നത്...ഒന്‍പതില്‍ ഏഴും കൃത്യമായി വലക്കകത്തായി. 

സെല്‍ഫ് ഗോള്‍

നാല് തവണ സ്വന്തം ഗോള്‍പോസ്റ്റിലേക്ക് ടീമുകള്‍ നിറയൊഴിച്ചു. മൊറോക്കോ താരം അസിസ് ബൗധോസാണ് റഷ്യയില്‍  സെല്‍ഫ് ഗോളുകള്‍ക്ക് തുടക്കമിട്ടത്. ആ ഗോള്‍ ബലത്തില്‍ ഇറാന്‍ ജയിച്ചു കയറി.

മഞ്ഞക്കാര്‍ഡുകളുടെ പെരുമഴ

16 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത് 50 തവണ. കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസിന് മാത്രമെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തേക്ക് പോകേണ്ടി വന്നുള്ളു. മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കകം ചുവപ്പു കാര്‍ഡ് വാങ്ങി പോയതോടെ ലോക കപ്പ് ചരിത്രത്തിലെ ഫാസ്റ്റസ്റ്റ് റെഡ് കാര്‍ഡ് എന്ന റെക്കോര്‍ഡും സാഞ്ചസ് സ്വന്തമാക്കി. 

ആഫ്രിക്കന്‍, ഏഷ്യന്‍ കരുത്ത്

റഷ്യന്‍ ലോക കപ്പില്‍ ജയിച്ചു കയറുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന നേട്ടത്തിലേക്കായിരുന്നു സെനഗലിന്റെ കുതിപ്പ്. സെനഗലിന്റെ അട്ടിമറിക്ക് മുന്നില്‍ പോളണ്ടിന് മറുപടിയുണ്ടായിരുന്നില്ല. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെനഗല്‍ ലോകത്തെ ഞെട്ടിച്ചപ്പോള്‍ തൊട്ടുമുന്‍പ് കൊളംബിയയെ മലര്‍ത്തിയടിച്ച് ജപ്പാനും അട്ട്ിമറി വസന്തം വിരിയിച്ചിരുന്നു. 

റഷ്യ അരങ്ങു വാണ ആദ്യ ഘട്ടം

സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ആതിഥേയരാണ് കിരീട പോരാട്ടത്തിലെ ഫസ്റ്റ് റൗണ്ട് അവസാനിക്കുമ്പോള്‍ കണക്കുകളില്‍ ആധിപത്യം പുലര്‍ത്തുന്നത്. വലിയ മാര്‍ജിനില്‍ കളി പിടിച്ചതിന്റെ റെക്കോര്‍ഡ് റഷ്യയ്ക്ക് സ്വന്തം. ഇത്തിരി കുഞ്ഞനായ സൗദിയോടായിരുന്നു ആ പോരെങ്കിലും സ്വന്തം മണ്ണില്‍ തലയുയര്‍ത്തി പ്രിക്വാര്‍ട്ടറിലേക്ക് കടക്കാന്‍ റഷ്യയെ ഇത് സഹായിച്ചു. 

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമിട്ട് ഈജിപ്തിനെ റഷ്യ നാട്ടിലേക്ക് തിരിച്ചയക്കുക കൂടി ചെയ്തതോടെ തങ്ങളുടെ ഗോള്‍ നേട്ടം എട്ടിലേക്കെത്തിച്ച് റഷ്യ മറ്റ് ടീമുകളെ പിന്നിലാക്കുന്നു. 

ഗോള്‍ വഴങ്ങിയവരില്‍ മുന്‍പില്‍

സൗദി ഭരണാധികാരിയെ മുന്നിലിരുത്തിയായിരുന്നു റഷ്യയുടെ ദയാരഹിതമായ സൗദി വധം. സൗദിയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീം. ഒരു മത്സരത്തില്‍ നിന്ന് അഞ്ച് ഗോള്‍ സൗദിക്ക് വഴങ്ങേണ്ടി വന്നപ്പോള്‍ ഉറുഗ്വേയില്‍ നിന്ന് ഒന്നും, റഷ്യയില്‍ നിന്ന് മൂന്ന് ഗോളും വഴങ്ങി ഈജിപ്താണ് ഗോള്‍ വഴങ്ങിയതിന്റെ ഭാരം പേറുന്ന രണ്ടാമത്തെ ടീം.

സ്‌പെയിന്‍-പോര്‍ച്ചുഗല്‍ പോരിലായിരുന്നു ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്നത്. മൂന്ന് വീതം ഗോള്‍ നേടി ഇരുവരും കരുത്ത് കാട്ടിയ മത്സരത്തെ വെല്ലുന്ന കളികള്‍ക്കായുള്ള കാത്തിരിപ്പിലാണ് ലോകം...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com