അര്‍ജന്റീനയ്‌ക്കൊപ്പം പേടിച്ച് ജര്‍മനിയും; ഇറ്റലിയുടെ അന്നം മുടക്കിയ സ്വീഡനെ പേടിച്ച് ജര്‍മനി

സ്വീഡനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ജര്‍മന്‍ ആരാധകരുടെ ആശങ്ക അത്രയും ചരിത്രം ജര്‍മനിയുടെ കാര്യത്തിലും ആവര്‍ത്തിക്കുമോ എന്നതാണ്
അര്‍ജന്റീനയ്‌ക്കൊപ്പം പേടിച്ച് ജര്‍മനിയും; ഇറ്റലിയുടെ അന്നം മുടക്കിയ സ്വീഡനെ പേടിച്ച് ജര്‍മനി

സോചി: ലോക കിരീടം നിലനിര്‍ത്തുക ലക്ഷ്യമിട്ടെത്തി ഗ്രൂപ്പ് ഘട്ടം പോലും പിന്നിടാതെ പോയ ചാമ്പ്യന്മാരായിരുന്നു ഫ്രാന്‍സും, ഇറ്റലിയും സ്‌പെയിനുമെല്ലാം. സ്വീഡനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ജര്‍മന്‍ ആരാധകരുടെ ആശങ്ക അത്രയും ചരിത്രം ജര്‍മനിയുടെ കാര്യത്തിലും ആവര്‍ത്തിക്കുമോ എന്നതാണ്. 

മെക്‌സിക്കോയ്‌ക്കെതിരെ നേരിട്ട തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ടീമും ആരാധക പടയും ഇതുവരെ മോചിതമായിട്ടില്ല. സ്വീഡനെതിരെ കളത്തിലിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞ് മറ്റൊന്നും ജര്‍മനിക്ക് ചിന്തിക്കാന്‍ സാധിക്കില്ല. 

സ്വീഡനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജയിക്കാനുള്ള എല്ലാ ഘടകവും ജര്‍മനിക്ക് അനുകൂലമാണ്. സ്വീഡനെതിരെ കളിച്ച അവസാന പതിനൊന്ന് മത്സരങ്ങളിലും ജയം ജര്‍മനിക്കൊപ്പം നിന്നിരുന്നു. സ്വീഡന്‍ ജയിച്ചതാവട്ടെ നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1978ലും. 

ജര്‍മനിയും സ്വീഡനും അടുത്തിടെ നേര്‍ക്ക നേര്‍ വന്നപ്പോള്‍ രണ്ട് തവണ ഗോള്‍ മഴയും പെയ്തിരുന്നു. 2012 ഒക്ടോബറില്‍ ജര്‍മ്മനിക്കെതിരെ സ്വീഡന്‍ 4-4ന് സമനില പിടിച്ചപ്പോള്‍ 2014 ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ 5-3നാണ് ജര്‍മ്മനി സ്വീഡനെ തകര്‍ത്തുവിട്ടത്. 

കണക്കുകള്‍ ജര്‍മ്മനിക്ക് അനുകൂലമാണെങ്കിലും ഇറ്റലിയുടെ റഷ്യയിലേക്കുള്ള വരവ് തടഞ്ഞ സ്വീഡന്‍ ജര്‍മ്മനിയേയും തകര്‍ത്ത് റഷ്യയില്‍ നിന്നും തിരിച്ചയക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. സ്വീഡന്‍-ജര്‍മ്മനി മത്സരത്തിന് മുന്‍പ് നടക്കുന്ന മെക്‌സിക്കോ-കൊറിയന്‍ മത്സരവും ജര്‍മ്മനിക്ക് നിര്‍ണായകമാണ്. 

മെക്‌സിക്കോ കൊറിയയെ തോല്‍പ്പിക്കുകയും ജര്‍മ്മനി സ്വീഡനുമായി സമനിലയില്‍ കുരുങ്ങുകയും ചെയ്താല്‍ നിലവിലെ ചാമ്പ്യന്‍ന്മാര്‍ക്ക് രണ്ടാം ഘട്ടത്തിലേക്ക് കടക്കാതെ നാട്ടിലേക്ക് മടങ്ങാം. പ്രതിരോധത്തിലൂന്നി കളിക്കുന്ന സ്വീഡന്‍ അവസരം കിട്ടുമ്പോള്‍ നടത്തുന്ന ആക്രമണങ്ങളെ ജര്‍മ്മനി എങ്ങിനെ നേരിടും എന്നതനുസരിച്ചിരിക്കും അവരുടെ ലോക കപ്പിലെ ആയുസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com