ആ രണ്ട് ഗോളുകളില്‍ എല്ലാമുണ്ടായിരുന്നു; വിജയവും പ്രതീക്ഷകളും മാത്രമല്ല പ്രതിഷേധവും

ആ രണ്ട് ഗോളുകളില്‍ എല്ലാമുണ്ടായിരുന്നു; വിജയവും പ്രതീക്ഷകളും മാത്രമല്ല പ്രതിഷേധവും
ആ രണ്ട് ഗോളുകളില്‍ എല്ലാമുണ്ടായിരുന്നു; വിജയവും പ്രതീക്ഷകളും മാത്രമല്ല പ്രതിഷേധവും

ഫുട്‌ബോള്‍ മൈതാനങ്ങള്‍ കേവലം കായിക പോരാട്ടങ്ങളുടെ മാത്രം വേദിയല്ല. കളിക്കൊപ്പം രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും എല്ലാം അതില്‍ ഇഴചേരുന്നുണ്ട്. അത്തരമൊരു ഗോളാഘോഷം കഴിഞ്ഞ ദിവസം ലോകം കണ്ടു. സ്വിറ്റ്‌സര്‍ലന്‍ഡ്- സെര്‍ബിയ മത്സരത്തിനിടെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ച ഗോളുകള്‍ നേടിയ ശേഷം ഗ്രനിത് സാഖയും ഷഹര്‍ദാന്‍ ഷാഖിരിയും ഗോളാഘോഷം പ്രതിഷേധമാക്കി മാറ്റിയത്. ഗോളടിച്ച ശേഷം ഇരുകൈകളും അല്‍ബേനിയന്‍ പതാകയിലെ കഴുകന്‍ മാതൃകയില്‍ ചേര്‍ത്തു പിടിച്ചാണ് സാഖയും ഷാഖിരിയും നേട്ടമാഘോഷിച്ചത്.  സെര്‍ബിയയോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ്് ഇരുവരും ഇത്തരമൊരു ആഘോഷത്തിന് തുനിഞ്ഞത്. സെര്‍ബിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കൊസോവയില്‍ നിന്നാണ് സാഖയും ഷാഖിരിയും വരുന്നത്. 
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് സ്വിസ് ടീം വിജയിച്ചത്. അവസാന നിമിഷം വരെ പൊരുതി വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞതോടെ സാഖയും ഷാഖിരിയും നടത്തിയ ഗോളാഘോഷം അവരുടെ മധുരപ്രതികാര ചിഹ്നമായി മാറി. 
2008ലാണ് സെര്‍ബിയയില്‍ നിന്ന് കൊസോവ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. 
യുഗോസ്ലോവിയയുടെ ഭാഗമായിരുന്ന സെര്‍ബിയയുടെ കീഴിലെ സ്വയംഭരണ പ്രദേശമായിരുന്നു കൊസോവ. എന്നാല്‍ 1980ല്‍ കൊസോവയുടെ സ്വയംഭരണം എടുത്തുമാറ്റിയതിനെതിരായി വമ്പന്‍ പ്രക്ഷോഭം പാട്ടിപ്പുറപ്പെട്ടു. ഇതില്‍ പങ്കെടുത്ത സാഖയുടെ പിതാവിനെ സെര്‍ബിയന്‍ പട്ടാളം അറസ്റ്റ് ചെയ്ത്  മൂന്ന് വര്‍ഷം തടവില്‍ പാര്‍പ്പിച്ചു. ഇതോടെ സാഖയുടെ കുടുംബത്തിന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടി വന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലാണ് സാഖയുടെ ജനനമെങ്കിലും പിതാവിനോടും കുടുംബത്തോടും സെര്‍ബിയന്‍ പട്ടാളം  നടത്തിയ ക്രൂരതകളുടെ ചരിത്രം കേട്ടാണ് താരത്തിന്റെ വളര്‍ച്ച. 
1992ല്‍ മാതാപിതാക്കള്‍ക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയതാണ് ഷാഖിരിയും. ജന്‍മനാട്ടില്‍ നിന്ന് ആട്ടിപ്പായിച്ചവരെ കാല്‍പന്ത് മൈതാനത്ത് മുട്ടുകുത്തിച്ചപ്പോള്‍ കണക്ക് തീര്‍ത്തതിന്റെ സംതൃപ്തി കൂടിയായിരുന്നു ആ മുഖങ്ങളില്‍ വിടര്‍ന്നത്. ഗോളടിച്ച ശേഷം ജഴ്‌സിയൂരി ഗാലറിക്ക് നേരെ നെഞ്ച് വിരിച്ച് നിന്ന ഷാഖിരിക്ക് റഫറി മഞ്ഞക്കാര്‍ഡും നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com