പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മെക്‌സിക്കോ, സ്വീഡന്‍, ബെല്‍ജിയം; ലോക ചാംപ്യന്‍മാരുടെ വിധി ഇന്നറിയാം

പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മെക്‌സിക്കോ, സ്വീഡന്‍, ബെല്‍ജിയം; ലോക ചാംപ്യന്‍മാരുടെ വിധി ഇന്നറിയാം
പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മെക്‌സിക്കോ, സ്വീഡന്‍, ബെല്‍ജിയം; ലോക ചാംപ്യന്‍മാരുടെ വിധി ഇന്നറിയാം

മോസ്‌ക്കോ: ലോകകപ്പില്‍ ഇന്ന് നിര്‍ണായകമായ മൂന്ന് മത്സരങ്ങള്‍. വൈകിട്ട് 5.30ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ബെല്‍ജിയം- ടുണീഷ്യയുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍  പനാമയെ ആധികാരികമായി വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കളത്തിലെത്തുന്നത്. അവസാന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനുള്ളതിനാല്‍ ഇന്ന് മികച്ച വിജയം സ്വന്തമാക്കി സുരക്ഷിതമായി ഇരിക്കുകയാണ് ബെല്‍ജിയത്തിന്റെ ലക്ഷ്യം. ടുണീഷ്യയാകട്ടെ ആദ്യ പോരില്‍ ഇംഗ്ലണ്ടിനോട് തോറ്റതിനാല്‍ ഇന്നത്തെ പോരാട്ടം അവര്‍ക്ക് നിര്‍ണായകം. തോറ്റാല്‍ ആഫ്രിക്കന്‍ രാജ്യത്തിന് ഗുഡ് ബൈ പറയാം. 


ആദ്യ കളിയില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ വീഴ്ത്തിയതിന്റെ കത്തുന്ന ആത്മവിശ്വാസത്തില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മെക്‌സിക്കോ- ദക്ഷിണ കൊറിയയെ നേരിടും. ഗ്രൂപ്പ് എഫില്‍ ആദ്യ മത്സരത്തില്‍ സ്വീഡനോടേറ്റ തോല്‍വിയുമായാണ് കൊറിയ ഇറങ്ങുന്നത്. ഇന്നത്തെ പോരാട്ടത്തില്‍ പരാജയപ്പെട്ടാല്‍ അവരുടെ സ്വപ്‌നങ്ങള്‍ക്കും തിരശ്ശീല വീഴും. 


ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതം മറികടക്കുകയാണ് നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിക്ക് മുന്നിലുള്ള വലിയ കടമ്പ. പെരുമയ്‌ക്കൊത്ത പ്രകടനത്തിന്റെ ഏഴയല്‍വക്കത്ത് പോലും എത്താന്‍ കഴിയാതെ ജര്‍മന്‍ സംഘം മെക്‌സിക്കന്‍ തിരമാലകളില്‍ പെട്ട് ആടിയുലഞ്ഞപ്പോള്‍ അവരുടെ ലോക കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തിന് വമ്പന്‍ തിരിച്ചടിയാണേറ്റത്. ഇന്ന് സ്വീഡനെ നേരിടുന്ന ജര്‍മനിക്ക് വിജയം മാത്രമേ രക്ഷ നല്‍കൂ. ആദ്യ മത്സരത്തില്‍ കൊറിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്വീഡന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com