മറ്റ് രാജ്യങ്ങളിലുള്ള ആരാധകരെ ബഹുമാനിക്കണം; മറഡോണയ്ക്ക് ഫിഫയുടെ താക്കീത്

അര്‍ജന്റീനയുടെ ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തിനിടെ ഏഷ്യന്‍ വംശജരെ കളിയാക്കും വിധം മറഡോണ ആംഗ്യം കാട്ടി
മറ്റ് രാജ്യങ്ങളിലുള്ള ആരാധകരെ ബഹുമാനിക്കണം; മറഡോണയ്ക്ക് ഫിഫയുടെ താക്കീത്

മോസ്‌കോ: ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീന കളിക്കാനിറങ്ങുമ്പോള്‍ ക്യാമറ കണ്ണുകള്‍ സ്‌റ്റേഡിയത്തിന്റെ വി.ഐ.പി മേഖലയില്‍ ഇരിക്കുന്ന ഒരു മനുഷ്യന്റെ വിവിധ വികാരങ്ങളെ ഒപ്പിയെടുക്കാന്‍ മത്സരിക്കാറുണ്ട്. സാക്ഷാല്‍ ഡീഗോ മറഡോണയുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ക്യാമറകള്‍ക്ക് എക്കാലത്തും ഹരമായിരുന്നു. കളിക്കാനിറങ്ങുമ്പോഴും അല്ലാത്ത സമയങ്ങളിലും അദ്ദേഹത്തെ കാണുന്നത് തന്നെ കാണികള്‍ക്ക് ആവേശമുണ്ടാക്കുന്ന കാര്യം തന്നെ. അര്‍ജന്റീന തോറ്റാലും ജയിച്ചാലും ഗോളടിച്ചാലും ഗോള്‍ വഴങ്ങിയാലും ഒക്കെ മറഡോണയുടെ ചേഷ്ടകള്‍ എന്താകും എന്ന ആകാംക്ഷയിലായിരിക്കും അപ്പോള്‍ ലോകം. ഇതിഹാസ താരത്തിന്റെ ഈ താര മൂല്യം ഫിഫയ്ക്കും അറിയാം. അതിനാല്‍ തന്നെ അദ്ദേഹത്തെ അവര്‍ ഗ്യാലറിയിലെത്തിക്കുന്നു. അതിനായി  മറഡോണയ്ക്ക് ഫിഫ അങ്ങോട്ട് നല്‍കുന്നത് ഓരോ മത്സരത്തിലും ഒന്‍പത് ലക്ഷം രൂപ വച്ചാണ്. പാരിതോഷികമായി എത്ര തുക കൊടുത്താലും താമസവും ഭക്ഷണവും യാത്രയുമെല്ലാം സൗജന്യമായി നല്‍കിയാലും ശരി ഓരോ തവണയും മറഡോണ വലിയ വലിയ വിവാദങ്ങളും ക്ഷണിച്ചുവരുത്തും. സഹികെട്ട് ഫിഫ ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയ ആരാധകരെ ബഹുമാനിക്കണമെന്ന് ഫിഫ മത്സരങ്ങളുടെ തലവന്‍ കോളിന്‍ സ്മിത്ത് മറഡോണയെ ഓര്‍മിപ്പിച്ചു. 

അര്‍ജന്റീനയുടെ ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തിനിടെ ഏഷ്യന്‍ വംശജരെ കളിയാക്കും വിധം മറഡോണ ആംഗ്യം കാട്ടിയെന്ന് ബി.ബി.സി റിപ്പോര്‍ട്ടര്‍ ട്വീറ്റ് ചെയ്തിരുന്നു. വി.ഐ.പി പവലിയനിലിരുന്ന് ചുരുട്ട് വലിച്ചതും വിവാദമായി. നൈജീരിയയ്‌ക്കെതിരായ പോരാട്ടം അര്‍ജന്റീന വിജയിച്ച ശേഷം രണ്ട് കൈയുടേയും നടുവിരലുയര്‍ത്തി മറഡോണ കാട്ടിയ പരാക്രമം ഫിഫയ്ക്ക് തന്നെ നാണക്കേടായി. കാണികള്‍ക്ക് നേരെ നടത്തിയ ആംഗ്യത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കളിക്കിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് ചികിത്സ തേടിയതും സംഘാടകര്‍ക്ക് തലവേദനയായി.

പരാതികളുടെ പ്രളയമായതോടെയാണ് മറഡോണയ്ക്ക് മുന്നറിയിപ്പുമായി ഫിഫ രംഗത്ത് വന്നത്. എത്ര വലിയ താരമായാലും സ്‌റ്റേഡിയത്തിനകത്ത് മര്യാദ കാണിക്കണമെന്ന് കോളിന്‍സ് സ്മിത്ത് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. ഓരോ താരങ്ങളും മൈതാനത്തിറങ്ങി പുതിയ ചരിത്രം രചിക്കുന്നത് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഭാഗമാണ്. ഫുട്‌ബോള്‍ സംഭാവന ചെയ്ത ലോകത്തിലെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള മറഡോണയും അങ്ങനെ ചരിത്രമെഴുതിയ താരം തന്നെ. താരങ്ങളും സ്റ്റാഫും ആരാധകരും പരസ്പരം ബഹുമാനിക്കുന്നതാണ് ഫുട്‌ബോളിന്റെ പാരമ്പര്യമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com