ഫോണ്‍ കെണി; കേസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം, ചാനല്‍മേധാവികളുടെ അറസ്റ്റിന് സാധ്യത

ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, സിഇഒ ആര്‍ അജിത് കുമാര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തത്
ഫോണ്‍ കെണി; കേസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം, ചാനല്‍മേധാവികളുടെ അറസ്റ്റിന് സാധ്യത

തിരുവനന്തപുരം :  മുന്‍ ഗതാഗത മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ അശ്ലീല ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ ചാനല്‍ മേധാവിയുള്‍പ്പടെയുള്ള ആളുകളുടെ അറസ്റ്റിന് സാധ്യതയേറി. ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, സിഇഒ ആര്‍ അജിത് കുമാര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇന്നലെ എഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തില്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.  

ക്രിമിനല്‍ ഗൂഡാലോചന, ഇലക്ടോണിക് മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം  120-ബി, ഐടി ആക്ട് 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഈ സംഭവത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണത്തിന് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം വൈകുമെന്നതിനാല്‍ പൊലീസ് അന്വേഷണമാണ് വേണ്ടതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും വനിതാ മാധ്യമപ്രവര്‍ത്തകരും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് കേസ് എടുത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടത്. 

എന്‍വൈസി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്റെ പരാതിയില്‍ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെയും അഡ്വ. ശ്രീജാ തുളസിയുടെ പരാതിയില്‍ ഏഴു പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. ശ്രീജ തുളസിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്്. കോ- ഓര്‍ഡിനേറ്റിങ് എഡിറ്റര്‍മാരായ ഋഷി കെ മനോജ്, എം ബി സന്തോഷ്, എസ് ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ്, മഞ്ജിത് വര്‍മ, ഒരു വനിതാ ന്യൂസ് എഡിറ്റര്‍, മന്ത്രിയെ വിളിച്ച മാധ്യമപ്രവര്‍ത്തകയും പ്രതികളാണ്.

വിവാദ ഫോണ്‍ വിളിക്കു പിന്നാലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനാകും പൊലീസിന്റെ മുന്‍ഗണനയെന്നാണ് സൂചന. അതേസമയം മന്ത്രിയെ വിളിച്ച വനിതാ മാധ്യമ പ്രവര്‍ത്തക ആരാണെന്ന് കണ്ടെത്തണമെന്നതാണ് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യം. ഫോണ്‍ വിളിക്കു പിന്നിലെ കാരണം പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 

പരാതിയുമായി എത്തിയ വീട്ടമ്മയോട് മന്ത്രി ശശീന്ദ്രന്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നായിരുന്നു മംഗളം ചാനല്‍ ഉദ്ഘാടനം ദിവസം വാര്‍ത്ത പുറത്ത് വിട്ടത്. സംഭവത്തെ തുടര്‍ന്ന് ഗതാഗതമന്ത്രി രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് മംഗളം ചാനലിനെതിരെയുണ്ടായ പൊതുവികാരം കണക്കിലെടുത്ത് സിഇഒ ഖേദപ്രകടനം നടത്തുകയായിരുന്നു. എട്ടംഗ എഡിറ്റോറിയല്‍ ടീമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചതെന്നും അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ചാനലില്‍ നിന്നും നിരവധി പേര്‍ രാജിവെക്കുകയും ചെയ്തിരുന്നു. 

ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കെ നിയമക്കുരുക്കുകള്‍ മുറുകുന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം നടത്താന്‍ ചാനല്‍ മേധാവികള്‍ തയ്യാറായതെങ്കിലും ശ്ക്തമായ നടപടികളിലൂടെ മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com