വര്‍ഗീസിനെതിരായ സത്യവാങ്മൂലം സര്‍ക്കാരിന്റെ  വീഴ്ച തന്നെയെന്ന് എംഎ ബേബി

നക്‌സല്‍ വര്‍ഗീസ് കൊടുംകുറ്റവാളിയാണെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുമെന്ന രീതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയ നടപടി ശരിയായില്ല - സര്‍ക്കാരിന്റെ വീഴ്ചയാണെന്നും എംഎ ബേബി
വര്‍ഗീസിനെതിരായ സത്യവാങ്മൂലം സര്‍ക്കാരിന്റെ  വീഴ്ച തന്നെയെന്ന് എംഎ ബേബി

കൊല്ലം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം പിബി അംഗം എംഎ ബേബി. നക്‌സല്‍ വര്‍ഗീസ് കൊടുംകുറ്റവാളിയാണെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുമെന്ന രീതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയ നടപടി ശരിയായില്ലെന്നും എം എ ബേബി പറഞ്ഞു. കൊല്ലത്ത് സിപിഎം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എംഎ ബേബിയുടെ  തുറന്ന് പറച്ചില്‍. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അതേ സത്യവാങ്മൂലം സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിക്കികയായിരുന്നെന്നാണ് ബേബി പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നും യാതൊരു ശ്രദ്ധയുമുണ്ടാകുന്നില്ല. 

അഭിഭാഷകരുടെ വീഴ്ച കുറച്ചുകാണാനാകില്ല. എന്നാല്‍ ഇത് അഭിഭാഷകരുടെ മാത്രം വീഴ്ചയല്ലെന്നും സര്‍ക്കാരിന്റെ വീഴ്ച തന്നെയാണെന്നും എംഎ ബേബി പറഞ്ഞു. പിണറായി സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനമില്ലെന്നതാണ് എംഎ ബേബി പറഞ്ഞതിന്റെ പൊരുളെന്നാണ് സൂചന. സര്‍ക്കാരിനെതിരെ കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അത്തരം സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരെയുള്ള എംഎ ബേബിയുടെ പരാമര്‍ശം.

കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു വര്‍ഗീസ് എന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നുമായിരുന്നു ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലം. വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ 1970 ഫെബ്രുവരി 18നാണ് നെക്‌സല്‍ നേതാവായിരുന്ന വര്‍ഗീസ് കൊല്ലപ്പെട്ടത്. അക്കാലത്ത് പൊലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരാണ് വര്‍ഗീസ് ഏറ്റുമുട്ടലിലല്ല കൊല്ലപ്പെട്ടതെന്നും വര്‍ഗീസിനെ വെടിവെച്ച് കൊല്ലുകയായിരുന്നെന്നും വെളിപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com