ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നടുറോഡില്‍ വലിച്ചിഴച്ചു, ഡിജിപിയുടെ ഓഫിസിനു മുന്നില്‍ പൊലീസിന്റെ ബലപ്രയോഗം, സമരം അനുവദിക്കില്ലെന്ന് പൊലീസ്

സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ നടുറോഡില്‍ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്
ഫോട്ടോ: കവിയൂര്‍ സന്തോഷ്
ഫോട്ടോ: കവിയൂര്‍ സന്തോഷ്

 
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ സമരത്തിനെത്തിയ, ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് തടഞ്ഞു. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യമുന്നയിച്ച് അനിശ്ചിതകാല നിരാഹാരത്തിന് എത്തിയപ്പോഴായിരുന്നു, പിതാവ് അശോകനെയും മാതാവ് മഹിജയെയും മറ്റു ബന്ധുക്കളെയും ബലപ്രയോഗത്തിലൂടെ പൊലീസ് തടഞ്ഞത്.

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണുവിന്റെ ബന്ധുക്കളും പൊലീസും തമ്മില്‍ ബലപ്രയോഗമുണ്ടായി. പതിനൊന്നു മണിക്ക് ആറു പേര്‍ക്ക് ഡിജിപിയെ കാണാന്‍ അവസരം നല്‍കാമെന്ന പൊലീസിന്റെ വാദം ജിഷണുവിന്റെ ബന്ധുക്കള്‍ തള്ളി. തങ്ങളെ അറസ്റ്റ് ചെയ്ത് വിലങ്ങുവയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. കൃഷ്ണദാസിന്റെ പണം വാങ്ങുന്നവര്‍ പൊലീസിലുമുണ്ടെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്നാന്ന് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയായിരുന്നു.

പതിനാലു പേരാണ് നേരത്തെ പ്രഖ്യാപിച്ചത് അനുസരിച്ച് പൊലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയത്. ഇവരില്‍ ആറു പേരെ കടത്തിവിടാമെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ കൂടെവന്നവരെ നടുറോഡില്‍ ഉപേക്ഷിക്കാനാവില്ലെന്ന് നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനിന്നു. തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ നീക്കുകയായിരുന്നു. സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ നടുറോഡില്‍ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.

ജിഷ്ണുവിന്റെ മരണത്തിന് കാരണമായ മുഴുവന്‍ കുറ്റവാളികളേയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് അവര്‍ സമരം പ്രഖ്യാപിച്ചത്. കൃഷ്ണദാസിന്റെ അറസ്റ്റ് നാടകീയമായിരുന്നു എന്നു മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. തങ്ങള്‍ സമരം ചെയ്യുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യമുള്ള നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ കൃഷഅണദാസിനെ അറസ്റ്റ് ചെയ്തത് പ്രഹസനമാണെന്നും മകന്‍ മരിച്ച് 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരേയും നീതി ലഭിച്ചില്ല എന്നും മാതാപിതാക്കള്‍ പറഞ്ഞു. കേസിലെ മൂന്നും നാലും പ്രതികളായ വൈസ് പ്രിന്‍സിപ്പാല്‍ ശക്തിവേല്‍,അധ്യാപകന്‍ പ്രവീണ്‍ എന്നിവരെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാമായിരുന്നു. ഇപ്പോഴത്തെ നീക്കം കണ്ണില്‍ പൊടിയിടലാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. 

കഴിഞ്ഞ മാസം 27ന് സമരം നടത്താനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുള്ള ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ ഉറപ്പിന്‍മേല്‍ സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 

ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ  പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നാലു മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം കൃഷ്ണദാസിനെ വിട്ടയച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ കൃഷ്ണദാസിനെ കസ്റ്റഡിയില്‍ വെക്കാന്‍ സാധ്യമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com