ജനങ്ങള്‍ക്കും സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും നന്ദി;  ഇത് നീതിയുടെ വിജയമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍

തങ്ങള്‍ മുന്നോട്ട് വെച്ച പത്ത് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത് -ഷാജഹാനെയും ഹിമവല്‍ ഭദ്രാനന്ദയെയും സമരത്തിന് ക്ഷണിച്ചില്ലെന്ന നിലപാടിലുറച്ച് കുടുംബം
ജനങ്ങള്‍ക്കും സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും നന്ദി;  ഇത് നീതിയുടെ വിജയമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍

തിരുവനന്തപുരം: ഈ സമരം നീതിയുടെ വിജയമാണ്. ഈ വിജയത്തില്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും നന്ദി പറയുന്നു. അഞ്ച് ദിവസമായി ജിഷ്ണുവിന്റെ കുടുംബം നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിച്ചതായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് വ്യക്തമാക്കി. തങ്ങള്‍ മുന്നോട്ട് വെച്ച പത്ത് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. അതസമയം കെഎം ഷാജഹാനും, വിവാദ സ്വാമി ഹിമവല്‍ ഭദ്രാനാന്ദയും സമരത്തില്‍ പുറത്ത് നിന്നും നുഴഞ്ഞുകയറിയവര്‍ തന്നെയെന്ന നിലപാടില്‍ ഉറച്ച് ജിഷ്ണുവിന്റെ കുടുംബം. ഇവരെ സമരത്തിലേക്ക് ക്ഷണിച്ചില്ലെന്നും കുടുംബം വ്യക്തമാക്കി. എന്നാല്‍ ഷാജിര്‍ഖാനും ഭാര്യയും സമരത്തിനെത്തിയത് തങ്ങള്‍ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും ശ്രീജിത് വ്യക്തമാക്കി.

ശ്രീജിത് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാദാപുരത്തെ വീട്ടില്‍ നാലുദിവസമായി നിരാഹാരമിരിക്കുന്ന സഹോദരി അവിഷ്ണയും നിരാഹാരസമരം അവസാനിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മഹിജ ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ച് നാട്ടിലേക്ക് തിരിക്കുമെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു.

ഉച്ചയോടെ തന്നെ സമരം അവസാനിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഹിജയും സഹോദരനുമായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു, സ്‌റ്റേറ്റ് അറ്റോര്‍ണി എകെ സോഹന്‍ തുടങ്ങിയവര്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കൂടാതെ മുഖ്യമന്ത്രി മഹിജയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. സമരത്തില്‍ പൊലീസ് ആസ്ഥാനത്ത് നടന്ന അതിക്രമത്തില്‍ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് പിണറായി ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായി മെഡിക്കല്‍ സൂപ്രണ്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും ശ്രീജിത്തുമായി രാവിലെ ചര്‍ച്ച നടത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, എം വി ജയരാജന്‍ നടത്തിയ സത്വരനടപടികളാണ് സമരം ഒത്തുതീര്‍പ്പിനിടയായത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ സമരം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഘടകകക്ഷികളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീജിത്തുമായി ഇന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പതിനഞ്ച് മിനിറ്റ് നേരം ഇരുവരുടെയും സംസാരം നീണ്ടു. ഇതും സമരം അവസാനിപ്പിക്കാന്‍ കുടുംബത്തിന് പ്രേരണയായി

കേസില്‍ മൂന്നാം പ്രതി ശക്തിവേലിനെ പിടികൂടാനായതും സര്‍ക്കാരിന് നേട്ടമായി. വൈകീട്ടോടെയാണ് കേസിലെ 3ആം പ്രതി ശക്തിവേല്‍ കോയമ്പത്തൂരിലെ കിനാവൂരില്‍ നിന്നുമാണ് പിടിയിലായത്. മറ്റു രണ്ടുപ്രതികളും പിടിയിലായതയാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പിടിയിലായ ശക്തിവേലിനെ തൃശുര്‍ ഐജി ഓഫീസിലെത്തിച്ചു. ഇന്ന് തന്നെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ രണ്ടുമാസമായി നടത്തിയ നിരന്തരമായ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസത്തിനകമാണ് കൃത്യമായ വിവരം പ്രതിയെ പറ്റി പൊലീസിന് ലഭിച്ചതെന്നുമാണ് പൊലിസ് നല്‍കുന്ന വിവരം. കേസില്‍ നിര്‍ണായകമായ വഴിത്തിരിവാകും പ്രതിയുടെ അറസ്‌റ്റെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com