നന്തന്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട സംഭവം: മകനെ പോലീസ് തിരയുന്നു

കേദലിനുവേണ്ടി പോലീസ് വിമാനത്താവളത്തിലടക്കം പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്
വെട്ടിക്കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന മഴു ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുന്നു. ഫോട്ടോ: ബി.പി. ദീപു
വെട്ടിക്കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന മഴു ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുന്നു. ഫോട്ടോ: ബി.പി. ദീപു

തിരുവനന്തപുരം: നന്ദന്‍കോട് ഒരു കുടുംബത്തിലെ നാല് പേരെ
വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ്.
ക്ലിഫ് ഹൗസിന് സമീപം താമസിച്ചിരുന്ന റിട്ട. ആര്‍.എം.ഒ. ഡോ: ജീന്‍ പദ്മ, ഭര്‍ത്താവ് റിട്ട. പ്രൊഫ. രാജതങ്കം, ഇവരുടെ മകള്‍ കാരളിന്‍, ബന്ധുവായ ലളിതാ ജീന്‍ എന്നിവരെയാണ് ഇന്നു രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിലും വെട്ടിക്കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയത്.
വെട്ടിക്കൊലപ്പെടുത്തിയ മൃതദേഹം പോളിത്തീന്‍ കവറില്‍ പുഴുവരിച്ച നിലയിലായിരുന്നു.


അഞ്ചുപേര്‍ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ മകന്‍ കേദലിലേക്കായി അന്വേഷണം. ഇന്നു പുലര്‍ച്ചെ തമ്പാനൂരില്‍ ചെന്ന് ഇയാള്‍ രക്ഷപ്പെട്ടതായാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ക്കെതിരെ ലുക്കഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയയിലെ സ്വകാര്യ കമ്പനിയില്‍ സിഇഒ ആയി ജോലി ചെയ്യുന്ന കേദല്‍ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ചൈനയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയായ കാരളിന്‍ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയിരുന്നത്.
കേദലിനുവേണ്ടി പോലീസ് വിമാനത്താവളത്തിലടക്കം പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലേക്ക് കടന്നോ എന്ന് സംശയമുള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ ഈ വീട്ടില്‍ നിന്നും പുക ഉയരുന്നതുകണ്ടാണ് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൂന്നു മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞനിലയിലും ഒരു മൃതദേഹം വെട്ടിനുറുക്കി പോളിത്തീന്‍ കവറിലാക്കി വച്ചതായും കണ്ടത്. വെട്ടിനുറുക്കിയ മൃതദേഹം പുഴുവരിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് രണ്ടോ മൂന്നോ ദിവസം മുമ്പാണ് ഈ കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നത്. മറ്റുള്ള മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞതിനാല്‍ എപ്പോഴാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല.
ഐ.ജി. മനോജ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുവച്ചുതന്നെ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നീക്കമാണുള്ളത്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com