എന്തു നേടാനാണ് ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫിസിനു മുന്നില്‍ സമരത്തിനു വന്നത്? - മുഖ്യമന്ത്രി

മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ മാനസിക ബുദ്ധിമുട്ട് എല്ലാവര്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ അതു മുതലെടുക്കാന്‍ ചിലര്‍ ശ്രമം നടത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി
എന്തു നേടാനാണ് ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫിസിനു മുന്നില്‍ സമരത്തിനു വന്നത്? - മുഖ്യമന്ത്രി

തിരുവനന്തപുരം: എന്തു നേടാനാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപി ഓഫിസിനു മുന്നില്‍ സമരത്തിനു വന്നതെന്ന് ആരും ചോദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തിനാണ് അവര്‍ സമരത്തിന് വന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ മാനസിക ബുദ്ധിമുട്ട് എല്ലാവര്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ അതു മുതലെടുക്കാന്‍ ചിലര്‍ ശ്രമം നടത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കേസില്‍ തുടക്കത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. അതു തിരിച്ചറിഞ്ഞ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു. സാങ്കേതികത്വം മറികടന്ന്, ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ വരെ നിയമിച്ചത്. കീഴ്‌വഴക്കങ്ങള്‍ മറികടന്ന്, പ്രതികളുടെ ജാമ്യത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാരിന് ഈ കേസില്‍ ഇനി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 

എന്ത് ആവശ്യമുന്നയിച്ചാണ് ഡിജിപി ഓഫിസിനു മുന്നില്‍ സമരത്തിനു വന്നത് എന്നതു വിലയിരുത്തേണ്ടതുണ്ട്. അവിടെ സംഭവിക്കാന്‍ പാടില്ലാത്ത രംഗങ്ങളുണ്ടായി. ഇക്കാര്യം അന്വേഷിച്ച് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ജിഷ്ണുവിന്റെ അമ്മയെ അറിയിച്ചിട്ടുണ്ട്. ടെലിഫോണില്‍ സംസാരിച്ചപ്പോള്‍ ഇതാണ് ജിഷ്ണുവിന്റെ അമ്മയെ അറിയിച്ചത്. സ്‌റ്റേറ്റ് അറ്റോര്‍ണി നിര്‍ദേശിച്ചത് അനുസരിച്ച് അദ്ദേഹത്തിന്റെ ഫോണിലാണ് മഹിജയുമായി സംസാരിച്ചത്. അത് അല്‍പ്പനേരമേ നീണ്ടുനിന്നുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഷ്ണു പ്രശ്‌നത്തില്‍ നേരത്തെ ഇടപെടേണ്ടിയിരുന്നു എന്ന വാദത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങള്‍ നേരത്തെ ഇടപെട്ടാല്‍ അവസാനിക്കും. ചിലത് അങ്ങനെയല്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com